1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2011

ബ്രിട്ടനില്‍ ശക്തമായ കൊടുങ്കാറ്റ്. ഏഴ് പേരുടെ മരണത്തിനിടയാക്കിയ മണിക്കൂറിന് നൂറ് മൈല്‍ വേഗതയുള്ള കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഞ്ഞുവീഴ്ചയുമുണ്ടായിട്ടുണ്ട്. വടക്കന്‍ തീരത്ത് കഴിഞ്ഞദിവസം രാത്രിയുണ്ടായ കൊടുങ്കാറ്റില്‍ ഒരു ചരക്ക് കപ്പല്‍ അകപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് പേരെ കാണാതായിട്ടുണ്ട്. വില്ല്യം രാജകുമാരന്‍ ഉള്‍പ്പെട്ട ആര്‍ എ എഫ് സേന നടത്തിയ തിരച്ചിലില്‍ രണ്ട് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.

പടിഞ്ഞാറന്‍ ബ്രിട്ടനില്‍ ഇന്ന് രാത്രി മണിക്കൂറിന് എഴുപത് മൈല്‍ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അടുത്തമാസം ആദ്യ പത്ത് ദിവസം ബ്രിട്ടനില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ ഇംഗ്ലണ്ടിലാണ് ഇന്നലെ ശക്തമായ കാറ്റുണ്ടായത്. കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും പെയ്തതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയായി.

സ്‌കോട്ടിഷ് ഹൈലാന്‍ഡിലും ശക്തമായ കൊടുങ്കാറ്റാണുണ്ടായത്. മണിക്കൂറിന് 114 മൈല്‍ വേഗതയിലാണ് ഇവിടെ കാറ്റ് വീശിയത്. സ്‌കോട്‌ലാന്‍ഡിലും വടക്കന്‍ അയര്‍ലന്‍ഡിലും വടക്ക് പടിഞ്ഞാറന്‍ ബ്രിട്ടനിലും പടിഞ്ഞാറന്‍ വെയ്ല്‍സിലും ഇതുവരെ അഭിമുഖീകരിക്കാത്തത്ര ശക്തമായ കാറ്റാണ് ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷകനായ ജോനാഥന്‍ പവല്‍ പറയുന്നു.

ഈ പ്രദേശങ്ങളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കൊടുങ്കാറ്റിന് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്നും രൂപപ്പെടാനിടയുള്ള ന്യൂനമര്‍ദ്ദത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ഇന്നുകൂടി കനത്ത മഴ പെയ്താല്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ഉയര്‍ന്ന മര്‍ദ്ദമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിനാല്‍ ബ്രിട്ടന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ചൂടും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയും വടക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ചയുമായിരിക്കും അനുഭവപ്പെടുക.

ഇന്നലെ രാവിലെ 54കാരനായ ഒരു മുങ്ങല്‍ വിദഗ്ധന്റെ മൃതദേഹം പ്ലൈമൗത്തിലെ ബ്രേക്ക് വാട്ടര്‍ ഫോര്‍ട്ടില്‍ നിന്നും ലഭിച്ചിരുന്നു. ഒരുമണിക്കൂറോളം കടലില്‍ അകപ്പെട്ട മറ്റ് രണ്ട് മുങ്ങല്‍ വിദഗ്ധന്‍മാരെ രക്ഷപ്പെടുത്താന്‍ സുരക്ഷാ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. ശക്തമായ തിരമാലയില്‍ അകപ്പെട്ട ഇവരെ ഹെലികോപ്ടറും രണ്ട് ലൈഫ് ബോട്ടുകളും ഉപയോഗിച്ചാണ് തീരദേശ സേന രക്ഷപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.