1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2025

സ്വന്തം ലേഖകൻ: റമദാന്‍ പ്രമാണിച്ച് റിയാദ് മെട്രോയുടെയും പൊതുഗതാഗത ബസുകളുടെയും ദൈനംദിന പ്രവര്‍ത്തന സമയം പ്രഖ്യാപിച്ച് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍. റമദാനിലെ വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും അര്‍ധരാത്രിക്ക് ശേഷം പുലര്‍ച്ചെ രണ്ട് മണിവരെ റിയാദ് മെട്രോ സര്‍വീസ് നടത്തും.

പൊതുഗതാഗത ബസുകള്‍ പുലര്‍ച്ചെ മൂന്നു മണിവരെ പ്രവര്‍ത്തിക്കും. പുണ്യമാസത്തില്‍ പൊതുഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സമയക്രമം തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ റിയാദ് മെട്രോ സര്‍വീസ് ആരംഭിക്കൂ. അന്ന് പുലര്‍ച്ചെ മൂന്നു മണിവരെ സര്‍വീസ് തുടരും.

ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതലാണ് റിയാദ് സര്‍വീസ് തുടങ്ങുക. ശനിയാഴ്ച രാവിലെ 10 മണിക്ക് സര്‍വീസ് ആരംഭിക്കും. പൊതുഗതാഗത ബസുകള്‍ എല്ലാ ദിവസവും രാവിലെ 6:30 മുതല്‍ പുലര്‍ച്ചെ മൂന്നു മണിവരെ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കുക, കൂടുതല്‍ സുഖകരവും സുഗമവുമായ യാത്രാനുഭവം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ, 2025 റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാന്‍ സൗദി റെയില്‍വേ കമ്പനി (എസ്എആര്‍) തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യാത്രകളുടെയും സീറ്റുകളുടെയും എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചു.

ഹറമൈന്‍ ഹൈ സ്പീഡ് റെയിലിന്റെ ഓപ്പറേറ്ററായ സൗദി – സ്പാനിഷ് റെയില്‍വേ പ്രോജക്ട് കമ്പനിയുമായി സഹകരിച്ച്, സീസണിലെ യാത്രകളുടെ എണ്ണം 3,410 ആയി വര്‍ധിച്ചതായി എസ്എആര്‍ അറിയിച്ചു. ഇത് 2024നെ അപേക്ഷിച്ച് 21 ശതമാനം കൂടുതലാണ്. ഇതോടെ ഏകദേശം 1.6 ദശലക്ഷം സീറ്റുകള്‍ വര്‍ധിക്കും. സീറ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാവുക.

പുണ്യമാസത്തില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വലിയ വര്‍ധനവ് പരിഗണിച്ചാണ് തീരുമാനം. റമദാനിന്റെ ആദ്യ ആഴ്ചയില്‍ പ്രതിദിനം 100 ട്രിപ്പുകളുമായി പ്രതിദിന പ്രവര്‍ത്തനം ആരംഭിക്കും. ഈ മാസം 14-ാം തീയതിയോടെ ഇത് ക്രമേണ പ്രതിദിനം 120 ട്രിപ്പുകളായി ഉയരും, തിരക്കേറിയ ദിവസങ്ങളില്‍ പ്രതിദിനം 130 ട്രിപ്പുകളുണ്ടാകും.

മക്ക, ജിദ്ദ, കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവയെ ബന്ധിപ്പിക്കുന്ന 453 കിലോമീറ്റര്‍ റെയില്‍വേ ലൈനില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 ട്രെയിനുകളില്‍ ഒന്നാണ്. ഹജ്ജ് തീര്‍ഥാടകര്‍ക്കും ഉംറ നിര്‍വഹിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ സഹായകമാണ് ഈ ആധുനിക ഗതാഗത സംവിധാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.