1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2025

സ്വന്തം ലേഖകൻ: യുഎഇ സെന്‍ട്രല്‍ ബാങ്കിൻ്റെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്മെൻ്റ്സ് (എഇപി), രാജ്യത്തെ ആദ്യത്തെ ആഭ്യന്തര കാര്‍ഡ് സ്‌കീമായ ജയ്‍വാന്‍ പുറത്തിറക്കി. ഇതോടെ, മാസ്റ്റര്‍കാര്‍ഡും വിസ കാര്‍ഡും അന്താരാഷ്ട്രതലത്തില്‍ വാഗ്ദാനം ചെയ്യുന്നതുപോലുള്ള ദേശീയ പേയ്മെൻ്റ് സംവിധാനം യുഎഇക്കും സ്വന്തം. ഡിജിറ്റല്‍ പേയ്മെൻ്റ് ഓപ്ഷനുകള്‍ വികസിപ്പിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഈ സംവിധാനം ഇപ്പോള്‍ പ്രാദേശികമായും അന്തര്‍ദേശീയമായും ഉപയോഗത്തിന് സജ്ജമാണെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

ഓസ്ട്രേലിയയിലെ എഫ്റ്റ്പോസ്, ബ്രസീലിലെ എലോ, ഇന്ത്യയിലെ റുപേ, സൗദി അറേബ്യയിലെ മദാഡ, ബഹ്റൈനിലെ ബെനിഫിറ്റ്, കുവൈറ്റിലെ കെനെറ്റ് എന്നിങ്ങനെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് സ്വന്തമായി ആഭ്യന്തര സംവിധാനങ്ങള്‍ പല രാജ്യങ്ങള്‍ക്കും സ്വന്തമായുണ്ട്. ജയ് വാന്‍ കാര്‍ഡ് വന്നതോടെ യുഎഇയും ആ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്. ആഗോളതലത്തില്‍ 200 കോടി കാര്‍ഡുകളുമായി ഇത്തരം 90 സ്‌കീമുകള്‍ നിലവിലുള്ളതായാണ് കണക്കുകള്‍.

ഇന്ന് ഉപയോഗത്തിലുള്ള 26 ബില്യണ്‍ പ്ലാസ്റ്റിക് കാര്‍ഡുകളില്‍ 8 ശതമാനത്തില്‍ താഴെ മാത്രമേ ഈ കാര്‍ഡുകള്‍ വരികയുള്ളൂ എങ്കിലും, സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി പല രാജ്യങ്ങളും ആഭ്യന്തര പേയ്മെൻ്റ് നെറ്റ്വര്‍ക്കുകള്‍ക്ക്, പ്രത്യേകിച്ച് ഡെബിറ്റ് ഇടപാടുകള്‍ക്ക്, മുന്‍ഗണന നല്‍കുന്നുണ്ട്.

വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഒരു പേയ്മെൻ്റ് ഓപ്ഷന്‍ നല്‍കുക എന്നതാണ് ജയ്വാന്‍ ലക്ഷ്യമിടുന്നതതെന്ന് അല്‍ ഇത്തിഹാദ് പേയ്മെൻ്റ്സ് അറിയിച്ചു. ഇടപാട് ചെലവുകള്‍ കുറയ്ക്കുന്നതിനും യുഎഇ എസ് വിച്ച് ഉപയോഗിച്ച് പ്രാദേശിക പേയ്മെൻ്റുകള്‍ വേഗത്തിലാക്കുന്നതിനും ഇ-കൊമേഴ്സിനെ പിന്തുണയ്ക്കുന്നതിനുമായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഇടപാടുകള്‍, എടിഎം പിന്‍വലിക്കലുകള്‍, പോയിൻ്റ് ഓഫ് സെയില്‍ പര്‍ച്ചേസുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന ഡെബിറ്റ്, പ്രീപെയ്ഡ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പെടെ വ്യത്യസ്ത തരം കാര്‍ഡുകള്‍ ഈ പദ്ധതി വാഗ്ദാനം ചെയ്യും. യുഎഇ, ജിസിസി രാജ്യങ്ങള്‍, തിരഞ്ഞെടുത്ത മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ഒരു മോണോ-ബാഡ്ജ് കാര്‍ഡ് (ജയ് വാൻ ഓൺലി കാർഡുകൾ), ലോകത്തെവിടെയും ഉപയോഗിക്കാവുന്ന, മറ്റ് അന്താരാഷ്ട്ര പേയ്മെൻ്റ് നെറ്റ്വർക്കുകളുമായി ചേർന്നുള്ള കോ-ബാഡ്ജ് കാര്‍ഡ് (ജയ്വാന്‍ പ്ലസ്) എന്നിവ ലഭ്യമാണ്‌.

കാർഡിൻ്റെ ഉപയോഗം കൂടുതൽ വികസിപ്പിക്കുന്നതിന്, ഡിസ്‌കവര്‍, മാസ്റ്റര്‍കാര്‍ഡ്, വിസ, യൂണിയന്‍ പേ തുടങ്ങിയ അന്താരാഷ്ട്ര പേയ്മെൻ്റ് നെറ്റ്വര്‍ക്കുകളുമായി എ ഇ പി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സാംസങ് വാലറ്റില്‍ ജയ്വാന്‍ കാര്‍ഡുകള്‍ പ്രാപ്തമാക്കുന്നതിനായി സാംസങ് ഗള്‍ഫ് ഇലക്ട്രോണിക്‌സുമായി ഒരു കരാറില്‍ ഒപ്പുവച്ചു. ഗൂഗിള്‍ പേ, ആപ്പിള്‍ പേ എന്നിവയുമായുള്ള സംയോജനവും 2025 മധ്യത്തോടെ ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും കരാറുകള്‍ ഉണ്ടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കാര്‍ഡ് പേയ്മെൻ്റ് പ്രവര്‍ത്തനങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള യുഎഇയുടെ തന്ത്രത്തിൻ്റെ ഭാഗമാണ് ജയ്വാന്‍ എന്ന് സിബിയുഎഇയുടെ അസിസ്റ്റന്റ് ഗവര്‍ണറും എഇപിയുടെ ചെയര്‍മാനുമായ സെയ്ഫ് ഹുമൈദ് അല്‍ ദഹേരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.