
സ്വന്തം ലേഖകൻ: സമസ്ത മേഖലകളിലും നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അവിദഗ്ധ ജീവനക്കാരെ (ബ്ലൂകോളർ) കുറയ്ക്കാൻ അബുദാബി ശ്രമിക്കുന്നു. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അബുദാബി, വിദഗ്ധ (വൈറ്റ്കോളർ) ജോലിക്കാരെയാണ് ഇപ്പോൾ തേടുന്നത്. നിർമാണമേഖലയിലെ വികസനം ഏതാണ്ട് പൂർത്തിയായതിനാൽ ഇനി സാങ്കേതികത വികസനത്തിനാണ് സർക്കാർ ഊന്നൽ നൽകുക. അവ പരിപോഷിപ്പിക്കാൻ ഐടി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യയിൽ നൈപുണ്യമുള്ളവരെയാണ് ആവശ്യം. അതിനാൽ, അത്തരക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
എന്നാൽ അവിദഗ്ധ ജീവനക്കാരെ കുറയ്ക്കുന്നത്, പരമ്പരാഗത മാതൃകയിൽ മനുഷ്യവിഭവശേഷിയെ കയറ്റിയയ്ക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾക്കു തിരിച്ചടിയാകും. ഏതെങ്കിലും തൊഴിലിൽ വിദഗ്ധരായവർക്കും ഭാഷാപരിജ്ഞാനമുള്ളവർക്കും മാത്രമേ ഇനി ഗൾഫ് രാജ്യങ്ങളിൽ സാധ്യതകൾ തുറക്കുകയുള്ളൂ. അതിനാൽ, ഇന്ത്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകയും വിദേശത്തേക്കു പോകുന്നവർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യേണ്ടി വരും. വൈദഗ്ധ്യം ഉറപ്പുവരുത്തിയാൽ മാത്രമേ ഭാവിയിൽ പ്രവാസികൾക്കു മികച്ച ശമ്പളമുള്ള ജോലി ലഭിക്കൂ.
സൗദി ഉൾപ്പെടെ മറ്റു ജിസിസി രാജ്യങ്ങൾ നേരത്തേ തന്നെ അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കുകയും സ്വദേശിവൽക്കരണം ശക്തമാക്കുകയും ചെയ്തിരുന്നു. 2022 മുതൽ യുഎഇയും സ്വദേശിവൽക്കരണം ഊർജിതമാക്കിയിട്ടുണ്ട്. 20ൽ കൂടുതൽ ജോലിക്കാരുള്ള സ്ഥാപനങ്ങൾ വർഷംതോറും ഓരോ സ്വദേശിയെയും 50ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ വർഷംതോറും 2% സ്വദേശികളെയും നിയമിക്കണമെന്നതാണ് നിബന്ധന. അതു പൂർത്തിയാകുന്നതോടെ സ്വദേശിവൽക്കരണത്തിന്റെ അടുത്തഘട്ടത്തിലേക്കു കടക്കും.
നിർമാണം, കൃഷി എന്നീ മേഖലകൾ തുടങ്ങി ശുചീകരണ ജോലികളിൽ വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കുന്നതിനാൽ ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയാണ് രാജ്യം ചെയ്യുന്നത്. അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് എന്നിവ ഉപയോഗിച്ചുള്ള കൃഷി യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിലവിലുണ്ട്. പത്തിലൊന്നു ജീവനക്കാരെ മാത്രമേ അതിന് ആവശ്യമുള്ളൂ. അബുദാബിയിലെ വെർട്ടിക്കൽ ഫാം അതിന് ഉദാഹരണമാണ്. ഷാർജയിൽ 1000 ഏക്കറിൽ ഗോതമ്പ് കൃഷി ചെയ്യുന്നിടത്ത് 35 തൊഴിലാളികൾ മാത്രമാണുള്ളത്. വിത്തുവിതയ്ക്കൽ, നനയ്ക്കൽ, കീടനാശിനി തളിക്കൽ, നിരീക്ഷണം, വിളവെടുപ്പ്, സംസ്കരണം, ഉപോൽപന്നമാക്കൽ എന്നിങ്ങനെ ഓരോ ഘട്ടങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഉൾപ്പെടെയുള്ള ബഹുനില കെട്ടിടങ്ങൾ ശുചീകരിക്കാൻ വരെ സാങ്കേതികവിദ്യയും റോബട്ടുകളുമുണ്ട്. മുൻപ് നൂറുകണക്കിനു തൊഴിലാളികളുടെ, മാസങ്ങൾ നീണ്ട അധ്വാനം വേണ്ടിയിരുന്ന റോഡ്, പാലം, തുരങ്കം നിർമാണങ്ങൾ ഇപ്പോൾ അതിവേഗം പൂർത്തിയാക്കുന്നതും സാങ്കേതികവിദ്യയുടെ നേട്ടം തന്നെ. 2030നകം നഗരത്തിലെ ടാക്സികളിൽ 20% സ്വയം നിയന്ത്രിതമാകും. പൊതുഗതാഗത ബസ് സേവനവും ഈ പാതയിലാണ്. കൂടുതൽ മേഖലകളിൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സേവനവും വികസനവും കാര്യക്ഷമമാക്കാൻ 6500 കോടി ദിർഹമാണ് അബുദാബി നീക്കിവച്ചിരിക്കുന്നത്.
നിർമിതബുദ്ധിയിൽ നിക്ഷേപം കൂട്ടി എല്ലാ മേഖലകളിലും എഐ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് അബുദാബിയെന്ന് ഇൻവെസ്റ്റോപിയ 2025 കോൺഫറൻസിൽ അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് ചെയർമാൻ മുഹമ്മദ് അൽ ഷൊറാഫ വ്യക്തമാക്കിയിട്ടുണ്ട്. 4 വർഷത്തിനിടെ അബുദാബിയിലെ ജനസംഖ്യ ക്രമാതീതമായി വർധിച്ചു. 2040നകം ജനസംഖ്യ ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. അതിന് ആനുപാതികമായ സൗകര്യങ്ങളും സേവനവും വികസിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല