
സ്വന്തം ലേഖകൻ: ലേബര്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയമം വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിയമപരമായ കുടിയേറ്റത്തിനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ സ്റ്റുഡന്റ് വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞപ്പോള്‍, മറ്റൊരു വശത്തു അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ മാത്രം 1,08,138 പേരാണ് അഭയത്തിനായി അപേക്ഷിച്ചത്. നിലവിലെ രേഖകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ച, 2001 മുതലുള്ള ഏതൊരു 12 മാസക്കാലയളവിലെയും ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
അതേസമയം, ബ്രിട്ടന്റെ സമ്പദ്ഘടനക്ക് കൂടി മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ വര്‍ക്ക് വിസയില്‍ എത്തുന്നവരുടെ, പ്രത്യേകിച്ചും എന്‍ എച്ച് എസിലും സോഷ്യല്‍കെയര്‍ മേഖലയിലും ജോലിയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ കുത്തനെയുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അനധികൃത കുടിയേറ്റത്തിന്റെ നിരക്ക് വര്‍ധിക്കുകയും നിയമവിധേയമായ കുടിയേറ്റം കുറയുകയും ചെയ്യുന്ന അവസ്ഥ.
2024 ല്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയില്‍ എത്തിയത് 27,000 പേരാണ്. 2023 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 81 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. സമാനമായ രീതിയില്‍ 3,93,000 സ്പോണ്‍സേര്‍ഡ് സ്റ്റഡി വിസകളാണ് 2024ല്‍ നല്‍കിയത്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 46 ശതമാനത്തിന്റെ വര്‍ധനവ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, 2023 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 14 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം, 2023 ല്‍ അഭയ അപേക്ഷകളുടെ എണ്ണം 91,811 ആയിരുന്നെങ്കില്‍ 2024 ഇക്കാര്യത്തില്‍ ഉണ്ടായത് 18 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഇതിനു മുന്‍പ് അഭയാപേക്ഷകള്‍ ഏറ്റവുമധികം ലഭിച്ചത് 2002 ല്‍ ആയിരുന്നു. 1,03,081 അപേക്ഷകളായിരുന്നു അന്ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ലഭിച്ച അഭയാപേക്ഷകളില്‍ 32 ശതമാനത്തോളം, അപകടകരമായ വിധത്തില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയവരുടേതായിരുന്നു. ഇതില്‍ ഏറ്റവുമധികം പേരുള്ളത് പാക്കിസ്ഥാനില്‍ നിന്നാണ്.
മൊത്തം അഭയാപേക്ഷകളില്‍ 10 ശതമാനത്തോളം പാക്കിസ്ഥാനില്‍ നിന്നുള്ളവരുടേതാണ്. 10542 പേരാണ് പാകിസ്ഥാനില്‍ നിന്നും ബ്രിട്ടനില്‍ അഭയത്തിനായി അപേക്ഷിച്ചിരിക്കുന്നത്. 2023 ല്‍ ഇത് 5,904 ആയിരുന്നു. 8,508 പേര് അഭയത്തിനായി അപേക്ഷിച്ച അഫ്ഗാനിസ്ഥാന് ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല