നമ്മുടെ നാടിനെ കുറിച്ചോര്‍ക്കുമ്പോള്‍ നമ്മളില്‍ ചില ചിത്രങ്ങള്‍ തെളിഞ്ഞു വരാറുണ്ട്, ബന്ധുക്കളേക്കാള്‍ കൂടുതല്‍ അയവാസികള്‍ക്കൊപ്പവും കളിക്കൂട്ടുകാര്‍ക്കൊപ്പവും ചിലവഴിച്ച നിമിഷങ്ങള്‍ ആകും നമ്മളില്‍ പലരുടെയും മധുരമായ ഓര്‍മ്മകള്‍, അയല്‍വാസികളുമായുള്ള കുശലം പറച്ചിലുകള്‍, പരദൂഷണങ്ങള്‍ എല്ലാം നമ്മുടെ ഓര്‍മ്മയില്‍ ഇന്നും ഉണ്ടാകും എന്നാല്‍ ബ്രിട്ടനിലെ നിങ്ങളുടെ അയല്‍വാസിയെ നിങ്ങള്‍ക്ക് അറിയാമോ? കുറഞ്ഞ പക്ഷം അവരുടെ പേരെങ്കിലും നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ ബ്രിട്ടീഷ് സമൂഹത്തിനോട് ചോദിച്ചു കൊണ്ട് നടത്തിയ ഒരു സര്‍വ്വേയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുകയാണ്. ഇതില്‍ ഏറ്റവും ആശങ്കാജനകമായ ഒരു വിവരമുണ്ട്, എന്തെന്നാല്‍ 70 ശതമാനം ആളുകള്‍ക്കും തങ്ങളുടെ അയല്‍വാസികളെ പോലും അറിയില്ലത്രേ!
ലോകം അവരവരിലേക്ക് മാത്രം ചുരുങ്ങകയാണെന്ന് പൊതുവേ ഇക്കാലത്തെ കുറിച്ചൊരു ആരോപണമുണ്ട് ഇതിനു ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ബ്രിട്ടീഷ് സമൂഹം. ഏതാണ്ട് പകുതിയിലധികം കൃത്യമായി പറഞ്ഞാല്‍ 51 ശതമാനം ആളുകളും അവര്‍ തങ്ങളുടെ അയല്‍വാസികളോട് യാതൊരു തരത്തിലുള്ള സഹായവും ആവശ്യപ്പെടാറില്ലെന്ന് തീരത്ത് പറയുന്നു. 70 ശതമാനം പേര്‍ക്കും അയല്‍വാസികളുടെ യാതൊരു വിവരവും അറിയില്ല തന്നെ. ആകെ ആറ് ശതമാനം പേര്‍ക്ക് മാത്രമാണ് തങ്ങളുടെ നാട്ടുകാരെ കുറിച്ച് വ്യക്തമായ അറിവുള്ളൂ എന്നതും ഒന്ന് നോക്കണേ! വളരെ ചുരുക്കം ആളുകള്ക്കെ സമീപ വാസികളെ കൊണ്ട് എന്തെങ്കിലും ഉപകാരം ലഭിക്കുന്നുള്ളൂ എന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
സാമൂഹിക ഐക്യം എന്നൊരു കാര്യത്തെ കുറിച്ച് ബ്രിട്ടീഷ് സമൂഹത്തില്‍ ചിന്തിക്കുകയേ വേണ്ട എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു, നമ്മുടെ നാട്ടിലെ കാര്യങ്ങള്‍ ഒന്നോര്‍ത്തു നോക്കിക്കേ ആര്‍ക്കെങ്കിലും എന്തെങ്കിലും അപകടം പറ്റിയാല്‍ ഓടി എത്തുന്ന അയല്‍വാസികളും അവരുടെ സഹായങ്ങളും ഇതൊക്കെ ബ്രിട്ടീഷ് സമൂഹത്തില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കേണ്ട എന്ന് തന്നെ തീര്‍ത്തു പറയാം. പ്രധാനമായും ഇതിനു കാരണം ജനങ്ങളുടെ തിരക്ക് തന്നെയാണ്, പലര്‍ക്കും സ്വന്തം വീട്ടുകാരോട് പോലും സംസാരിക്കാന്‍ സമയം ലഭിക്കുന്നില്ല എന്നിരിക്കെ എവിടെയാണ് അയല്‍വാസികളോട് സംസാരിക്കാന്‍ സമയമെന്ന് അവര്‍ ചോദിക്കുന്നു.
നിസാന്‍ CARED4 ആയിരം ആളുകളില്‍ നടത്തിയ സര്‍വ്വേയാണ് ആശങ്കാ ജനകമായ ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 40 ശതമാനം പേരും തങ്ങളുടെ വീട്ടു പടിക്കലില്‍ നിന്നും വെറും ആറടി പോലും ദൂരമില്ല്ലാത്ത അയല്‍വാസികളോട് സംസാരിക്കാറില്ലയെന്നും സര്‍വ്വേയില്‍ പറയുന്നു. ഈയൊരു സാഹചര്യത്തില്‍ അന്തമായി ബ്രിട്ടീഷ് കള്‍ച്ചറിനെ അനുകരിക്കുന്നതിനു പകരം നമ്മുടെ മൂല്യങ്ങളെ കയ്യില്‍ സംരക്ഷിക്കുവാന്‍ നാം മലയാളികള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ബ്രിട്ടനില്‍ വളരുന്ന നമ്മുടെ കുട്ടികളുടെ കാര്യത്തില്‍..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല