1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2011

നടന്‍ സലിം കുമാറിനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. ദുബയ് വിമാനത്താവളത്തില്‍ വച്ച് നവംബര്‍ 27ന് ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വെബ്‍സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദുബയിലായിരുന്ന സലിം തിങ്കളാഴ്ച കോഴിക്കോട്ടു നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടിലേയ്ക്ക് വരുമ്പോഴാണത്രേ സംഭവം നടന്നത്.

വിമാനം പുറപ്പെടുന്നതിനു മുമ്പുതന്നെ അദ്ദേഹത്തെ ഇറക്കിവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സലിം മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാലാണ് ഇറക്കിവിട്ടതെന്നാണത്രേ വിമാന ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് വിമാന ജീവനക്കാര്‍ കമ്പനിയിലോ വിമാനത്താവള അധികൃതര്‍ക്കോ പരാതി നല്‍കിയതായി സൂചനയില്ല.

വിമാനയാത്രക്കാര്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയാല്‍ വിമാനത്താവളത്തിലെ പൊലീസിനെ വിവരമറിയിക്കാതെ സംഭവം ഒതുക്കുന്ന പതിവ് പൊതുവേയില്ല. സംഭവത്തെത്തുടര്‍ന്ന് മറ്റൊരു വിമാനത്തിലാണ് സലിംകുമാര്‍ നാട്ടിലെത്തിയത്.

നേരത്തേ കോഴിക്കോട്ടെ ചടങ്ങില്‍ പങ്കെടുക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് വരാന്‍ തീരുമാനിച്ചിരുന്ന അദ്ദേഹം വിമാനം മാറേണ്ടിവന്നതിനാല്‍ നെടുമ്പാശേരിയിലാണ് ഇറങ്ങിയത്. സംഭവത്തെക്കുറിച്ച് സലിം കുമാര്‍ ഇതേവരെ പരാതിപ്പെട്ടിട്ടില്ല. സലിംകുമാര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗള്‍ഫ് പര്യടനത്തിലായിരുന്നു.

അതേസമയം, സലിം കുമാറിനോട് സ്വകാര്യ വിമാനക്കമ്പനി ജീവനക്കാര്‍ മോശമായി പെരുമാറിയതിനെതിരേ ദുബയ് പര്യടനമൊരുക്കിയ സ്‌പോണ്‍സര്‍മാര്‍ പരാതി നല്‍കാന്‍ ഒരുങ്ങിയെങ്കിലും സലിംകുമാര്‍ ഇടപെട്ട് അത് വിലക്കുകയായിരുന്നുവത്രേ.

വിവാദം ഒഴിവാക്കാനാണ് സലിം ഇങ്ങനെചെയ്തതാണെന്നാണ് സൂചന. സലിം പരാതി നല്‍കിയാല്‍ മാത്രമേ പ്രശ്‌നത്തില്‍ താരസംഘടനയായ അമ്മയും ചലച്ചിത്ര അക്കാദമിയും ഇടപെടുകയുള്ളുവെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.