ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് എ.ടി.പി.വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ആറാം തവണയും കിരീടം. ഞായറാഴ്ച രാത്രി നടന്ന ഫൈനലില്‍ ഫ്രഞ്ച് താരം ജോ വില്‍ഫ്രെഡ് സോംഗയെ കടുത്ത പോരാട്ടത്തില്‍ കീഴടക്കിയാണ് 30-കാരനായ ഫെഡറര്‍ റെക്കോഡ് നേട്ടം കൈക്കലാക്കിയത്. സ്കോര്‍: 6-3, 6-7, 6-3. തുടരെ രണ്ടാം വര്‍ഷവും ഒരു കളി പോലും തോല്‍ക്കാതെ ഇവിടെ ചാമ്പ്യനാവാനും അദ്ദേഹത്തിനായി.
സീസണിന് ഒടുവില്‍ ലോകത്തെ മികച്ച എട്ടു താരങ്ങള്‍ മാറ്റുരയ്ക്കുന്ന എ.ടി.പി. വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇതുവരെ ആരും ആറു തവണ കിരീടം ചൂടിയിട്ടില്ല. ഇവാന് ലെന്‍ഡല്‍, പീറ്റ് സാംപ്രസ് എന്നിവര്‍ക്കൊപ്പം അഞ്ചു കിരീടം നേടി തുല്യം നില്‍ക്കുകയായിരുന്ന ഫെഡററുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണീ വിജയം. കൂടാതെ എ.ടി.പി.ടൂര്‍ ഫൈനല്‍സില്‍ ലെന്‍ഡലിന്റെ 39 വിജയമെന്ന റെക്കോഡിനൊപ്പമെത്താനുമായി.
2002ന് ശേഷം ആദ്യമായാണ് ഫെഡറര്‍ ഒരു ഗ്രാന്റ്സ്ലാം കിരീടമില്ലാതെ സീസണ് അവസാനിപ്പിച്ചത്. 16 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നേടി ചരിത്രം സൃഷ്ടിച്ചിട്ടുള്ള തനിക്ക് മുമ്പൊരിക്കലും ഇത്ര സംതൃപ്തിയോടെ സീസണ് അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മത്സരശേഷം ഫെഡറര്‍ ചൂണ്ടിക്കാട്ടി. ദീര്‍ഘകാലത്തിനുശേഷം ലോകറാങ്കിങ്ങില്‍ ആദ്യ മൂന്നു സ്ഥാനത്തിനു പുറത്തുപോകേണ്ടി വന്ന ഫെഡറര്‍ക്ക് മൂന്നാം സ്ഥാനത്തേക്ക് തിരിച്ചുകയറാനും ടൂര്‍ ഫൈനല്‍സിലെ ജയം വഴിയൊരുക്കി.
ഡബിള്‍സില്‍ ബെലാറസ്സിന്റെ മാക്സ് മിര്ണിയും കാനഡക്കാരന് ഡാനിയല്‍ നെസ്റ്ററുമടങ്ങിയ സഖ്യം പോളണ്ടിന്റെ മാരിയസ് ഫ്രിസ്റ്റര്ബര്ഗ്- മാര്സിന് മറ്റ്കോവ്സ്കി ജോഡിയെ തോല്പിച്ച് ചാമ്പ്യന്മാരായി (7-5, 6-3).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല