ബോളിവുഡിലറങ്ങിയ `ഗുസാരിഷ്` ആണോ മലയാളത്തിന്റെ `ബ്യുട്ടിഫുള്‍’. എങ്ങനെയായാലും ഇവതമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ ചേര്‍ച്ചയുണ്ട്. മലയാളത്തിന്റെ യുവതാരം ജയസൂര്യയ്ക്ക് നല്ലൊരു കഥാപാത്രം ലഭിച്ചിരിക്കുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ പുതിയ ചിത്രം `ബ്യൂട്ടിഫുള്‍’ ഡിസംബര്‍ 2 ന് തീയറ്ററുകളിലെത്തും. ഈ ചിത്രത്തില്‍ ജയസൂര്യ നിത്യരോഗിയായി അഭിനയിക്കുകയാണ്. കോടീശ്വരനായ ഒരു നിത്യരോഗി.
നടന് അനൂപ് മേനോനാണ് ചിത്രത്തിന് കഥയൊരുക്കിയത്. എന്നാല്‍ ചിത്രം ബോളിവുഡില്‍ ഇറങ്ങിയ സഞ്ജയ് ലീലാ ബെന്‍സാലി സംവിധാനം ചെയ്ത ‘ഗുസാരിഷു’മായി ഏറെ സാമ്യങ്ങള്‍ പുലര്‍ത്തുന്നു. ഗുസാരിഷിലെ നായകന് ഋത്വിക് റോഷന് തളര്‍വാത രോഗിയായി വീല്‍ചെയറിലാണ് ജീവിക്കുന്നതും. ഇദ്ദേഹത്തെ നോക്കുന്ന ഹോം നഴ്സായി ഐശ്വര്യ റായിയും അഭിനയിക്കുന്നു. ഈ ചിത്രം മലയാളത്തിന്റെ `ബ്യുട്ടിഫുളി’ന് പ്രചോദമായിരിക്കുന്നുവെന്ന്. ബ്യുട്ടിഫുളി’ല്‍ ജയസൂര്യ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ ലൂയിസ് എന്ന കഥാപാത്രത്തെ പരിചരിക്കുന്നവളായി ചിത്രത്തിലെ നായികയായ മേഘ്ന രാജ് അഭിനയിക്കുന്നു.
ഒരു ഹോം നഴ്സിന്റെ ജോലിതന്നെ. അനൂപ് മേനോന്റെ കഥാപാത്രം സ്റ്റീഫന്‍ ലൂയിസിന്റെ സുഹൃത്തിന്റെ വേഷവും ചെയ്യുന്നു. രണ്ടു ചിത്രത്തിലേയും നായകര്‍ താടിരോമങ്ങളെല്ലാംവച്ചാണ് അഭിനയിച്ചിരിക്കുന്നത്. രണ്ടുചിത്രങ്ങളും തമ്മില്‍ വളരെ സാമ്യം. ഹിന്ദിയില്‍ എത്തിയ ഗുസാരിഷ് ഒരു സ്പാനിഷ് ചിത്രത്തില്‍നിന്നും ഉള്‍ക്കൊണ്ടുള്ളതായിരുന്നു. അവിടെനിന്ന് ചിത്രം മലയാളത്തിലേക്കും എത്തിയെന്നുവേണമെങ്കില് പറയാം. ഏറെ പ്രത്യേകതകളും ഹൃത്വിക് റോഷന് ഒരു മജീഷ്യന്റെ വേഷവും കൂടിയെടുത്ത `ഗുസാരിഷ്’ ശ്രദ്ധിക്കപ്പെടുകയും അവാര്‍ഡുകള്‍ നേടിയെടുക്കുകയും ചെയ്തെങ്കിലും സാമ്പത്തികമായി അധികം രക്ഷപ്പെട്ടില്ല.
വി.കെ. പ്രകാശിന്റെ സംവിധാനത്തിലെത്തുന്ന `ബ്യൂട്ടിഫുള്‍’ അടുത്തയാഴ്ച തീയറ്ററിലെത്തുമ്പോള്‍ മലയാളപ്രേക്ഷകര്‍ വന്‍സ്വീകരണം നല്‍കുമെന്ന് കരുതാം. കാരണം യുവതാരങ്ങള്‍ക്ക് കേരളത്തില്‍ മികച്ച സ്വീകരണം ലഭിക്കുന്ന സമയമായതിനാലും വ്യത്യസ്തമായ വേഷവുമായതിനാലും ജയസൂര്യയും കൂട്ടരും നേട്ടമുണ്ടാക്കുമെന്നുതന്നെ കരുതാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല