ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും അവിടെയൊരു മലയാളി ഉണ്ടാകുമെന്ന് തമാശയ്ക്കാണെങ്കിലും നാം പറയാറുണ്ട്, ചില നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനമാകുമ്പോള്‍ മറ്റു ചിലര്‍ അപമാനമായിരിക്കും താനും, ഇവിടെ പറയാന്‍ പോകുന്നത് നമ്മുടെ കേരളത്തിന്റെ അല്ല, ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയ കാസര്‍കോട്ടുകാരിയായ യുവഗവേഷകയെയും ആ യുവതിയുടെ കണ്ടുപിടിത്തത്തെയും കുറിച്ചാണ്. സ്തനാര്‍ബുദ ചികിത്സയില്‍ പ്രതീക്ഷയാകുന്നത് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്റിസര്ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷകയായ നാഗരത്ന എസ്. ഹെഗ്ഡെ ആണ്, സ്തനാര്‍ബുദത്തിന് കാരണമായ ഫോക്സ് എം വണ്‍ എന്ന പ്രോട്ടീനിനെ തടയാന്‍ കഴിവുള്ള ബാക്ടീരിയയെ ആണ് നാഗരത്ന കണ്ടെത്തിയത്.
മണ്ണില്‍ കാണപ്പെടുന്ന സ്ട്രെപ്റ്റോമൈസസ് ബാക്ടീരിയയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത തിയോസ്ട്രെപ്ടോണ്‍ തന്മാത്രയ്ക്ക് ഫോക്സ്എം വണ്ണിനെ തടയാന്‍ ശേഷിയുണ്ടെന്ന കണ്ടുപിടിത്തം അര്‍ബുദ ചികിത്സയില്‍ ഏറെ പ്രതീക്ഷ നല്കുന്നു. ഇതേ ഘടനയുള്ള തന്മാത്രകളെ ലബോറട്ടറികളില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ സ്തനാര്‍ബുദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും. ഈ വഴിക്കുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മൃഗചികിത്സയ്ക്ക് തിയോസ്ട്രെപ്ടോണ്‍ ഉപയോഗിക്കാറുണ്ടെങ്കിലും മനുഷ്യരില്‍ ഇത് മരുന്നായി ഉപയോഗിച്ചിട്ടില്ലെന്ന് നാഗരത്ന പറഞ്ഞു.
കേംബ്രിഡ്ജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. ശങ്കര്‍ ബാലസുബ്രഹ്മണ്യത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നാഗരത്നയുടെ ഗവേഷണം. അര്‍ബുദം സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന സ്ഥാപനമാണിത്. നാല് വര്‍ഷത്തെ പഠനത്തിനൊടുവിലാണ് ഫലം പ്രസിദ്ധീകരിക്കാനായത്. തന്റെ കണ്ടെത്തലിന് പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണെന്നും ഈ മേഖലയില്‍ തുടര്‍ന്നും പഠനങ്ങള്‍ നടത്താന്‍ താത്പര്യമുണ്ടെന്നും നാഗരത്ന പറഞ്ഞു. ആഗസ്ത് 21-ന്റെ ‘നേച്ചര്‍ കെമിസ്ട്രി ‘ ജേണലിലാണ് നാഗരത്നയുടെ പഠനം പ്രസിദ്ധീകരിച്ചത്.
കര്‍ണാടകത്തിലെ കാര്‍വാര്‍ സ്വദേശിയായ നാഗരത്ന വിവാഹത്തോടെയാണ് കാസര്‍കോട്ട് എത്തിയത്. കാസര്‍കോട് പെരിയ ആലക്കോട് വിഷ്ണുനാരായണാലയത്തിലെ ജ്യോതിഷ പണ്ഡിതന് വിഷ്ണു ഹെബ്ബാറിന്റെ ഭാര്യയാണ്. കര്‍ണാടക സര്‍വകലാശാലയില്‍ നിന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ നാഗരത്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ്സില്‍ തൈറോയ്ഡ് മരുന്നുകളെക്കുറിച്ച് പഠനം നടത്തിയ ശേഷമാണ് കേംബ്രിഡ്ജില്‍ പ്രവേശനം നേടിയത്.
കേംബ്രിഡ്ജ് കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ സ്കോളര്‍ഷിപ്പോടെ ഗവേഷണം നടത്തിയ നാഗരത്ന തന്റെ ഗവേഷണ ഫലങ്ങള്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ശാസ്ത്ര ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ചെലവു കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ കാന്‍സര്‍ ചികിത്സയ്ക്ക് തന്റെ കണ്ടുപിടിത്തം വഴിതെളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല