1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2011

ഇന്ത്യയിലെ അഴിമതിവിരുദ്ധ സമരനേതാവ് അണ്ണ ഹസാരെ ആഗോളതലത്തില്‍ സ്വാധീനം ചെലുത്തിയ 100 ചിന്തകരുടെ പട്ടികയില്‍ സ്ഥാനംപിടിച്ചു. ഐ.ടി. വ്യവസായഭീമന്‍ അസിം പ്രേംജി, അനീതികള്‍ക്കെതിരെ നിതാന്തജാഗ്രത പുലര്‍ത്തുന്ന എഴുത്തുകാരി അരുന്ധതി റോയി, ആഗോള സാമ്പത്തികവിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യന്‍, ലോകബാങ്ക് ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതി മുന്‍ ഡയറക്ടര്‍ ദീപ നാരായണ്‍ എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യക്കാര്‍.

അമേരിക്കയിലെ പ്രശസ്തമായ ‘ഫോറിന്‍ പോളിസി’ മാസികയാണ് പട്ടിക തയ്യാറാക്കിയത്. അറബ് രാജ്യങ്ങളിലെ ജനാധിപത്യപ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരാണ് പട്ടികയിലെ ആദ്യത്തെ ഒമ്പത് സ്ഥാനങ്ങളില്‍. ഈജിപ്തിലെ പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്കുവഹിച്ച കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ വായല്‍ ഗോനിം, എഴുത്തുകാരന്‍ അല അല്‍ അസ്വാനി , അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍ അധ്യക്ഷന്‍ മുഹമ്മദ് എല്‍ബരാദി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ 11-ാമനാണ്.

പട്ടികയില്‍ 37-ാമതായാണ് അണ്ണ ഹസാരെയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹസാരെയുടെ അഴിമതിവിരുദ്ധ സമരം ഇന്ത്യയില്‍ അലയൊലികള്‍ സൃഷ്ടിച്ചതായി മാസിക വിലയിരുത്തി. അഴിമതി തടയാന്‍ ശക്തമായ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഈ വര്‍ഷം രണ്ടുതവണ ഹസാരെ ഡല്‍ഹിയില്‍ നിരാഹാരസമരം നടത്തി. മൃദുഭാഷിയായ ഹസാരെയെ ആഗസ്തില്‍ അറസ്റ്റുചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് അനുയായികള്‍ പ്രതിഷേധവുമായി രാജ്യമെങ്ങും റോഡിലിറങ്ങി. അഴിമതിയില്‍ മനംമടുത്തിരുന്ന ലക്ഷക്കണക്കിന് മധ്യവര്‍ഗക്കാര്‍ക്ക് അതിനെതിരെ പ്രതികരിക്കാന്‍ ഹസാരെ സമരങ്ങളുടെ ലാളിത്യവും ഏകമനോഭാവവും ശക്തിപകര്‍ന്നതായും മാസിക അഭിപ്രായപ്പെട്ടു.

പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള വിപ്രോ ലിമിറ്റഡ് ചെയര്‍മാന്‍ അസിം പ്രേംജിയെ ‘ഇന്ത്യയുടെ ബില്‍ഗേറ്റ്‌സ്’ എന്നാണ് മാസിക വിശേഷിപ്പിച്ചിട്ടുള്ളത്. ‘ഇന്ത്യയിലെ ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്നു വിശേഷിപ്പിച്ചുകൊണ്ട് അരുന്ധതി റോയിയെ 94-ാം സ്ഥാനത്താണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദീപ നാരായണ്‍ 79-ാം സ്ഥാനത്തും അരവിന്ദ് സുബ്രഹ്മണ്യന്‍ 97-ാം സ്ഥാനത്തുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.