പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്നു പോയ അമ്പത്തിയേഴുകാരന്‍ ദയാവധത്തിന് ഒരു ഡോക്ടറെ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ടോണി നിക്കോള്‍മാന്‍ ആണ് ദയാവധം തേടി കോടതിയെ സമീപിച്ചത്. 2007ലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ഇയാളുടെ കഴുത്തിന് താഴോട്ട് തളര്‍ന്ന് പോകുകയായിരുന്നു. തലയും കണ്ണുകളും മാത്രമാണ് ഇയാള്‍ക്ക് ഇപ്പോള്‍ ചലിപ്പിക്കാന്‍ സാധിക്കുന്നത്. ഇയാള്‍ ഇനി ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇയാളുടെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു.
അപേക്ഷയിന്‍മേലുള്ള വിചാരണ കോടതി ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ കേസ് ദയാവധങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാരീരികമായി തളര്‍ന്നെങ്കിലും മാനസികമായി ടോണി ഇപ്പോഴും ആരോഗ്യവാനാണെന്നും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ശേഷി ഇപ്പോഴും അദ്ദേഹത്തിനുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ശാരീരികമായി തളര്‍ന്ന ഈ അവസ്ഥയില്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിതം അവസാനിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. സംസാര ശേഷി നഷ്ടമായ ടോണി ഐ ബ്രിങ്ക് കമ്പ്യൂട്ടറിലൂടെയാണ് മറ്റുള്ളവരുമായി സംസാരിക്കുന്നത്. ടോണിയുടെ കേസ് പരിഗണിച്ചാല്‍ സ്ഥിരമായി ശരീരം തളര്‍ന്ന് പോകുന്ന നിരവധി പേരായിരിക്കും ഭാവിയില്‍ രാജ്യത്ത് ദയാവധം തേടാന്‍ പോകുന്നത്.
യു എ ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഗ്രീക്ക് എന്‍ജിനിയറിംഗ് സ്ഥാപനത്തില്‍ മാനേജരായി പ്രവര്‍ത്തിക്കുമ്പോഴാണ് ടോണിക്ക് പക്ഷാഘാതം ഉണ്ടാകുന്നത്. വില്‍ഷെയറിലെ മെല്‍ക്ഷാമില്‍ നിന്നുള്ള ഇയാള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. 24 വയ്‌സുള്ള ലോറനും 23 വയസുള്ള ബെത്തും. ജേന്‍ ആണ് ടോണിയുടെ ഭാര്യ. ഡോക്ടര്‍ നല്‍കുന്ന മരുന്ന് കുത്തിവച്ച് വീട്ടില്‍വച്ച് തന്നെ മരിക്കുകയാണെങ്കില്‍ തനിക്ക് കുടുംബാംഗങ്ങളെ കണ്ടുകൊണ്ടു തന്നെ മരിക്കാന്‍ സാധിക്കുമെന്ന് ടോണിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ ആഗ്രഹിക്കുന്ന മരണം അതാണെന്നും ടോണി പറയുന്നു. മരണം വരെയുള്ള ഈ കിടപ്പും വേദനയും തനിക്ക് താങ്ങാന്‍ സാധിക്കില്ലെന്നും അതിനാല്‍ കോടതിയുടെ ദയവുണ്ടാകണമെന്നും അപേക്ഷയില്‍ പറയുന്നത്. ഓഗസ്റ്റില്‍ ശരീരം പൂര്‍ണമായും തളര്‍ന്നു പോയ ഒരു നാല്‍പ്പതുകാരന്‍ ദയാവധത്തിന് അനുമതി നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല