യൂറോപ്യന്‍ യൂണിയന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വായ്പാ പ്രതിസന്ധി തരണം ചെയ്യുന്നതിന് അംഗരാജ്യങ്ങള്‍ തിരക്കിട്ട കൂടിയാലോചനയില്‍. ബജറ്റില്‍ സര്‍ക്കാരുകളുടെ നിയന്ത്രണം ഭാഗികമാക്കി കേന്ദ്ര യൂറോപ്യന്‍ അഥോറിറ്റി സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ നേതാക്കള്‍ യോഗം ചേര്‍ന്നു.
ഒരേ കറന്‍സി ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പൊതുവായ സാമ്പത്തിക നയം ഇല്ലാത്തതു പ്രതിസന്ധി നേരിടുന്നതിനു തടസമാവുന്നുണ്ടെന്നാണു വിലയിരുത്തല്‍. യൂറോ പൊതു നാണയമായി ഉപയോഗിക്കുന്ന 17 രാജ്യങ്ങളും മറ്റു പത്തു രാജ്യങ്ങളുമാണ് യൂണിയനില്‍ ഉള്ളത്. നിരീക്ഷണ യൂണിയന്‍ എന്നതില്‍ നിന്ന് സാമ്പത്തിക യൂണിയന്‍ എന്നതിലേക്ക് യൂറോപ്യന്‍ യൂണിയനെ മാറ്റുന്നതിന് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ വഴിവയ്ക്കുമെന്നു വിദഗ്ധര്‍. യുനൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് യൂറോപ്പിന്‍റെ രൂപീകരണത്തിനു വരെ ഇതില്‍ സാധ്യതയുണ്ടെന്നും അവര്‍.
സംയുക്ത നാണയ നയം ഉള്ളപ്പോള്‍ തന്നെ സാമ്പത്തിക നയം വ്യത്യസ്തമായിരിക്കുന്നതിന്‍റെ പ്രയാസങ്ങള്‍ യൂണിയന്‍ നേരിടുന്നുണ്ടെന്ന് ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷ്യൂബിള്‍. നികുതി ഘടന, ചെലവ് തുടങ്ങിയ കാര്യങ്ങളില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ ഏകീകൃത സ്വഭാവമില്ല. ചില രാജ്യങ്ങള്‍ വായ്പാ പ്രതിസന്ധിയുണ്ടാക്കുന്നതിനും അതു മേഖലയെ അപ്പാടെ ബാധിക്കുന്നതിനും ഇതു കാരണമാവുന്നുണ്ട്.
യൂറോപ്യന്‍ വായ്പാ പ്രതിസന്ധി ലോകത്തെ ഒട്ടുമിക്ക സമ്പദ് മേഖലകളെയും ബാധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണു നേതാക്കളുടെ കൂടിയാലോചനകള്‍. അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് യൂണിയനില്‍ വന്‍ കടക്കെണിയിലേക്കു വീണത്.
വര്‍ഷങ്ങളായുള്ള നിയന്ത്രണമില്ലാത്ത ചെലവ് സമ്പദ് വ്യവസ്ഥയുടെ പലമടങ്ങു കടത്തിലാണ് ഈ രാജ്യങ്ങളെ എത്തിച്ചത്. 1.9 ട്രില്യന്‍ യൂറോയാണ് ഇറ്റലിയുടെ പൊതു കടം. ഇറ്റാലിയന്‍ സമ്പദ് വ്യവസ്ഥയുടെ 120 ശതമാനം കൂടുതലാണിത്.
സാമ്പത്തിക യൂണിയന്‍ രൂപീകരിക്കുന്നതോടെ യൂറോപ്യന്‍ കേന്ദ്ര ബാങ്കിന് കൂടുതല്‍ അധികാരം ലഭിക്കുമെന്നും കാര്യക്ഷമമായ ഇടപെടലുകള്‍ക്ക് അവസരമൊരുങ്ങുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്. ഇക്കാര്യത്തില്‍ ഓരോ രാജ്യങ്ങളും ആഭ്യന്തരതലത്തില്‍ വ്യക്തതയുണ്ടാക്കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല