കാമറോണ്‍ സര്‍ക്കാരിന്റെ പെന്ഷന് പരിഷ്കാര നിര്‍ദേശങ്ങളെ എതിര്‍ത്ത് ബ്രിട്ടനിലെ പൊതുമേഖലാ ജീവക്കാര്‍ നടത്തിയ ഏകദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. 30 യൂണിയനുകളില്‍പ്പെട്ട 20 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കി.ബജറ്റ് കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പെന്ഷന് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനും ജോലിസമയം ദീര്‍ഘിപ്പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന പരിഷ്കാര നിര്‍ദേശങ്ങള്‍ ഗവണ്മെന്റ് തയാറാക്കിയത്.
പെന്ഷന് ഫണ്ടിലേക്ക് ജീവനക്കാരന് അടയ്ക്കേണ്ട വിഹിതം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.ആയിരക്കണക്കിന് ഓഫീസുകളും വിദ്യാലയങ്ങളും പണിമുടക്കിനെത്തുടര്‍ന്ന് ഇന്നലെ അടച്ചിട്ടു. 21700 സ്കൂളുകള്‍ അടച്ചിടേണ്ടി വന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആശുപത്രികളുടെ പ്രവര്‍ത്തനവും പരിമിതമായിരുന്നു.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തിയതിനാല് ഹീത്രു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ല. എയര്‍ ഇന്ത്യാ ചില വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.പണിമുടക്ക് യാതൊരു നേട്ടവുമുണ്ടാക്കില്ലെന്നും സമ്പദ്്് വ്യവസ്ഥ കൂടുതല്‍ ദുര്‍ബലമാക്കാന്‍ ഇടയാക്കുമെന്നും ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ ബിബിസിയോടു പറഞ്ഞു.
മലയാളികള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു !
കേരളത്തിന് പുറത്തുപോയാല്‍ മലയാളി പണിയെടുക്കുമെന്നാണ് പൊതുവെ പറയുന്നത്. നാട്ടിലാണെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ജോലി ചെയ്യാതെ കാശ് വാങ്ങാനും സമരം ചെയ്യാനും തയ്യാറെടുക്കുന്ന മലയാളി കേരളത്തിന് പുറത്തുപോയാല്‍ എന്ത് ചെയ്യാനും തയ്യാര്‍. നാട്ടില്‍ വൈറ്റ് കോളര്‍ ജോലി മാത്രം ചെയ്യുന്ന മലയാളി പുറത്തുപോയാല്‍ കക്കൂസ് കഴുക്കാനും തയ്യാറാകും. ഇത്രയ്ക്ക് ഈഗോ തലയ്ക്ക് പിടിച്ച ഒരു വിഭാഗം ലോകത്തില്‍ വേറെ ഉണ്ടാകും എന്ന് തോന്നുന്നില്ല.
യുകെ മലയാളികളും തനി മലയാളികളുടെ സ്വാഭാവം കാണിക്കുമെന്നത് ഇന്നലത്തെ പൊതു പണിമുടക്കില്‍ പ്രതിഫലിച്ചു. യുകെയില്‍ ഏറ്റവും കൂടുതലുള്ളത് നേഴ്സുമാരുടെയും സോഷ്യല്‍ വര്‍ക്കറുടെയും ജോലി ചെയ്യുന്ന മലയാളികളാണ്. ഈ പറഞ്ഞ രണ്ട് വിഭാഗത്തിലും ഉള്ള ആളുകള്‍ക്ക് സമരം ചെയ്യാനുള്ള ആഹ്വാനം യൂണിയനുകള്‍ നല്കി. മിക്കവാറും മലയാളികള്‍ യൂണിസെനിലെ അംഗങ്ങളുമാണ്. കേരളത്തിലാണെങ്കില്‍ ഏതെങ്കിലും ഒരു യൂണിയന് സമരത്തിന് ആഹ്വാനം ചെയ്താല്‍ ഒന്നുകില്‍ കൊടി പിടിക്കുകയോ അല്ലെങ്കില്‍ അവധി കിട്ടിയ് സന്തോഷത്തില്‍ വീട്ടിലിരിക്കുകയോ ചെയ്യുന്ന മലയാളികളാണ് ബ്രിട്ടണിലെ ഇന്നലത്തെ തൊഴില്‍ സമരത്തില്‍നിന്ന് പങ്കെടുക്കാതെ ജോലിക്ക് പോയത്.
വിരലിണ്ണാവുന്ന മലയാളികള്‍ മാത്രമാണ് തൊഴിലാളി സമരത്തില്‍ പങ്കെടുത്തത്. പ്ലക്കാര്‍ഡ് പിടിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ നില്ക്കുന്നതും തെരുവിലൂടെ പ്രകടനം നടത്തുന്നതുമായ ആളുകള്‍ക്കിടയില്‍ ഒരു മലയാളി മുഖത്തിനായി പരതി.പൊടി പോലുമില്ലാ കണ്ടു പിടിക്കാന്‍ എന്നതായിരുന്നു ഫലം ! സായിപ്പിനെയും പൌണ്ടിനെയും കണ്ടപ്പോള്‍ അവകാശങ്ങളും ആദര്‍ശങ്ങളും പണയം വച്ച മലയാളി കവാത്ത് മറന്നു.ദീപസ്തംഭം മഹാശ്ചര്യം ..എനിക്ക് കിട്ടണം പണം …എന്നല്ലാതെ മറ്റെന്തു പറയാന്‍ !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല