1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2011

അടുത്തിടെ ചില ചിത്രങ്ങളില്‍ നിന്ന്‌ പൃഥ്വിരാജ്‌ ഒഴിവാക്കപ്പെട്ടതിനെ ചൊല്ലിയുള്ള വിവാദം മലയാളം സിനിമയില്‍ കത്തിപ്പടരുകയാണ്‌. വീരപുത്രന്‍, മല്ലൂസിംഗ്‌, മുംബയ്‌ പൊലീസ്‌ എന്നീ ചിത്രങ്ങളില്‍ നിന്നാണ്‌ പൃഥ്വിരാജ്‌ ഒഴിവാക്കപ്പെട്ടത്‌. തിരക്കുള്ള പൃഥ്വിരാജിനെ തന്റെ ചിത്രത്തില്‍ ആവശ്യമില്ലെന്നാണ്‌ മുംബയ്‌ പൊലീസിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ പറഞ്ഞത്‌. എന്നാല്‍ തന്നെ ആരും ഒഴിവാക്കിയതല്ല, സ്വയം പിന്‍മാറിയതാണെന്നാണ്‌ പൃഥ്വിരാജ്‌ പറയുന്നത്‌.

തന്നെയുമല്ല, മോഹന്‍ലാലിനെ നായകനാക്കി എടുത്ത കാസനോവ നീണ്ടുപോയതിനാലാണ്‌ മുംബയ്‌ പൊലീസും നീണ്ടത്‌. ഇത്‌ തന്റെ കുറ്റമല്ലെന്നും പൃഥ്വിരാജ്‌ പറഞ്ഞു. ഇക്കഴിഞ്ഞ ഓണത്തിന്‌ പ്രദര്‍ശനത്തിനെത്തുമെന്ന്‌ പ്രഖ്യാപിച്ച കാസനോവയുടെ ചിത്രീകരണം അവസാനിച്ചത്‌ അടുത്തിടെയാണ്‌. ജൂലൈ-ഓഗസ്‌റ്റ്‌ മാസങ്ങളില്‍ മുംബയ്‌ പൊലീസ്‌ ചിത്രീകരണം ആരംഭിക്കുമെന്നാണ്‌ പറഞ്ഞിരുന്നതെന്നും പൃഥ്വിരാജ്‌ പറഞ്ഞു. ഇതോടെ റോഷന്‍ ആന്‍ഡ്രൂസ്‌ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ ഉരുളയ്‌ക്ക്‌ ഉപ്പേരി പോലെ പൃഥ്വിരാജ്‌ മറുപടി നല്‍കിയിരിക്കുകയാണ്‌.

അതേസമയം റോഷന്‍ ആന്‍ഡ്രൂസിനു നേരെയുള്ള പൃഥ്വിരാജിന്റെ ആരോപണത്തിന്റെ കൂരമ്പ്‌ ഏല്‍ക്കുന്നത്‌ മോഹന്‍ലാലിനാണെന്ന്‌ മാത്രം. ഓണത്തിന്‌ റിലീസ്‌ ചെയ്യേണ്ട കാസനോവ നീണ്ടുപോകാന്‍ കാരണം മോഹന്‍ലാലാണെന്നാണ്‌ റിപ്പോര്‍ട്ട്‌. കാസനോവയുടെ ചിത്രീകരണം പാതി വഴിയില്‍ ഉപേക്ഷിച്ച്‌ സുഹൃത്തായ പ്രിയദര്‍ശന്റെ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ പോയതാണ്‌ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്‌. ഇതോടെ റോഷന്‌ പ്രതീക്ഷിച്ച സമയത്ത്‌ കാസനോവ പൂര്‍ത്തിയാക്കാനും മുംബയ്‌ പൊലീസ്‌ ആരംഭിക്കാനും സാധിച്ചില്ല.

നേരത്തെ നല്‍കിയ ഡേറ്റ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ റോഷന്‍ ആന്‍ഡ്രൂസ്‌ പൃഥ്വിരാജിനെ സമീപിച്ചു. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ പൃഥ്വി ഇതിന്‌ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ തിരക്കുള്ള പൃഥ്വിരാജിനെ തന്റെ ചിത്രത്തിലേക്ക്‌ ആവശ്യമില്ലെന്ന പ്രസ്‌താവനയുമായി റോഷന്‍ ആന്‍ഡ്രൂസ്‌ രംഗത്തെത്തിയത്‌. എന്നാല്‍ തിരക്കിന്റെ പേരില്‍ ഉത്തരവാദിത്വം കാട്ടാത്തത്‌ താനല്ലെന്നും മറിച്ച്‌ മോഹന്‍ലാലാണെന്നുമാണ്‌ പൃഥ്വിരാജിന്റെ മറുപടിയില്‍ ഒളിഞ്ഞിരിക്കുന്നതെന്നാണ്‌ ഇപ്പോള്‍ സിനിമാലോകത്തെ സംസാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.