ലണ്ടന്‍: സ്റ്റുഡന്റ് വിസയില്‍ ലണ്ടനിലെത്തിയ മലയാളി അമ്പതില്പരം വിദ്യാര്‍ത്ഥികളില്‍ നിന്നും ഒന്നരക്കോടി രൂപയോളും തട്ടിയെടുത്ത് കേരളത്തിലേക്ക് മുങ്ങിയതായി കരുതപ്പെടുപ്പെടുന്ന വിഷ്ണുദാസിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും ഡി.ജി.പി ജേക്കബ് പുന്നൂസിനും പരാതി നല്‍കി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി യു.കെ) മുഖേനെയാണ് പണം നഷ്ടപ്പെട്ടവര്‍ തട്ടിപ്പുകാരനെ എത്രയും പെട്ടെന്ന് തന്നെ പിടികൂടണമെന്നും തങ്ങളുടെ പണം മടക്കി ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാകണമെന്നും കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്. തട്ടിപ്പിന് ഇരയായ ഇരുപത്തി അഞ്ചോളും വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും പരാതി ഒ.ഐ.സി.സി നേതാക്കള്‍ ഏറ്റുവാങ്ങി ഉടന്‍ തന്നെ നാട്ടിലേയ്ക്ക് ഫാക്സ് ചെയ്യുകയായിരുന്നു. ഒ.ഐ.സി.സി നേതാക്കളായ ഗിരി മാധവന്‍, തോമസ് പുളിക്കല്‍, ടോണി ചെറിയാന്‍, ബിജു ഗോപിനാഥ്, ജെയ്‌ന്‍ ലാല്‍, തോമസ് കാക്കശ്ശേരില്‍, അബ്രാഹം വാഴൂര്‍, ബിനു എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് പരാതി തയ്യാറാക്കി മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും ഫാക്സ് ചെയ്തത്.
പരാതിയുടെ കോപ്പി കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, വയലാര്‍ രവി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.പിമാരായ ആന്റോ ആന്റണി, പി. ടി തോമസ്, ഒ.ഐ.സി.സി സമ്മേളനത്തില്‍ കെ.പി.സി.സി നിരീക്ഷകനായെത്തിയ ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ക്കും പരാതിയുടെ കോപ്പി അയച്ചു നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പഴകുറ്റി സ്വദേശി വിഷ്ണുദാസ് ആണ് വിദ്യാര്‍ത്ഥികളില്‍ നിന്നും പണം തട്ടിയെടുത്ത് നാട്ടിലേയ്ക്ക് മുങ്ങിയത്. ലണ്ടനിലെ ഒരു ഹോട്ടലില്‍ വര്‍ക്ക് പെര്‍മിറ്റ് സംഘടിപ്പിച്ചു തരാം എന്നു പറഞ്ഞ് ആയിരത്തി അഞ്ഞൂറ് മുതല്‍ മൂവായിരം വരെ പൗണ്ട് പിരിച്ചെടുക്കുകയായിരുന്നു. പണത്തോടൊപ്പം പലരുടേയും പാസ്‌പോര്‍ട്ടും ഇയാള്‍ വാങ്ങിയിരുന്നുവെങ്കിലും അത് ഇയാളുടെ മുറിയില്‍ നിന്നും പോലീസ് വീണ്ടെടുത്ത് ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കിയിട്ടുണ്ട്. ഇനിയും കുറേയാളുകള്‍ക്ക് പാസ്പോര്‍ട്ട് തിരികെ ലഭിക്കാനുണ്ട്. പോലീസ് ഹോം ഓഫീസിന് പാസ്പോര്‍ട്ട് കൈമാറുമെന്നും അവര്‍ അത് ഇന്ത്യന്‍ എംബസിയ്ക്ക് കൈമാറുമെന്നും ഇന്ത്യന്‍ എംബസിയില്‍ നിന്നും അത് വിദ്യാര്‍ത്ഥികള്‍ക്ക് കൈപ്പറ്റാവുന്നതാണെന്നുമാണ് അറിയിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് നീതി നടപ്പിലാക്കി ലഭിക്കും വരെ അവര്‍ക്കൊപ്പം നിലകൊള്ളുമെന്ന് ഒ.ഐ.സി.സി യു.കെ നേതാക്കന്മാര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല