കഴിഞ്ഞ അമ്പത് വര്‍ഷം ഇല്ലാതിരുന്ന ‘മുല്ലപ്പെരിയാര്‍ സ്നേഹം’ കാണിക്കുന്ന സിനിമാക്കാരെ ഉരുളന്‍ കല്ലെടുത്ത് എറിഞ്ഞോടിക്കണമെന്ന് നടന്‍ സലിം കുമാര്‍. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാതെ സംസ്‌ഥാന അവാര്‍ഡ് കൈപ്പറ്റില്ലെന്നും പറഞ്ഞ് സംവിധായകന്‍ രഞ്‌ജിത്തും മറ്റും അവാര്‍ഡ് നിശയില്‍ നിന്ന് മാറിനിന്നതിനെ പറ്റി പരാമര്‍ശിക്കുകയായിരുന്നു സലിം കുമാര്‍. പ്രമുഖ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന രഞ്‌ജിത്ത്, സുരേഷ് ഗോപി, റിമാ കല്ലിങ്കല്‍ തുടങ്ങിയവര്‍ക്കെതിരെ സലിം കുമാര്‍ തിരിഞ്ഞത്.
“മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാതെ സംസ്‌ഥാന അവാര്‍ഡ് കൈപ്പറ്റില്ലെന്നും പറഞ്ഞ് സംവിധായകന്‍ രഞ്‌ജിത്തും മറ്റും അവാര്‍ഡ് നിശയില്‍ നിന്ന് പിന്‍മാറിയത് പ്രഹസനമാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അവാര്‍ഡുദാനം മാറ്റി വയ്‌ക്കണമെന്ന വാദം വെറും ബാലിശമാണ്. കഴിഞ്ഞ അമ്പതു വര്‍ഷമായി പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത് കാപട്യമാണെന്നാണ് എന്റെ അഭിപ്രായം. ഇത്തരക്കാരെ എറിയാന്‍ ഉരുളന്‍കല്ല് കരുതുകയാണ് വേണ്ടത്!” – സലീം കുമാര്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളികളെല്ലാം ഒറ്റക്കെട്ടാണെങ്കിലും പ്രമുഖ താരങ്ങള്‍ മൌനം പാലിക്കുകയാണ്. സുരേഷ് ഗോപിയും സംവിധായകന്‍ രഞ്ജിത്തും റീമ കല്ലിങ്കലും മാത്രമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരസ്യമായ പ്രസ്താവന നടത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള സിനിമാതാരങ്ങള്‍ പ്രതികരിക്കാത്തത് സ്വന്തം നിലനില്‍പ്പ് നോക്കുന്നത് കൊണ്ടാണെന്ന് നടന്‍ തിലകന്‍ ഈയടുത്ത ദിവസം പ്രസ്താവിച്ചിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല എങ്കിലും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭരണാധികാരികളുടെ മനംമാറ്റത്തിനായി കൂട്ട പ്രാര്‍ഥന നടത്തുകയുണ്ടായി. തിരുവനന്തപുരത്തെ തളിയില്‍ ക്ഷേത്രത്തില്‍ ആരാധകര്‍ ശയനപ്രദിക്ഷണം നടത്തി. താനൂരിലെ മുസ്ലീം പള്ളിയിലും മുല്ലപ്പെരിയാര്‍ ഭീഷണി ഏറ്റവുമധികം നേരിടുന്ന കോട്ടയത്തെ വിവിധ പള്ളികളിലും മമ്മൂട്ടിയുടെ ആരാധകര്‍ പ്രാര്‍ത്ഥന നടത്തുകയുണ്ടായി. ഇതൊക്കെയാണെങ്കിലും മമ്മുക്ക മൌനം പാലിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല