1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2011

ഇന്ത്യ വെസ്‌റ്റിന്‍ഡീസ്‌ രണ്ടാം ഏകദിനത്തിന്‌ ഇന്നു വിശാഖപട്ടണം വേദിയാകും. ആദ്യമത്സരത്തില്‍ നേരിയ മാര്‍ജിനില്‍ വിജയം കൈപ്പിടിയിലൊതുക്കിയ ആതിഥേയര്‍ വിന്‍ഡീസിനെതിരേ മികച്ചൊരു വിജയമാണ്‌ ലക്ഷ്യമിടുന്നത്‌. അതേസമയം പടിക്കല്‍ കലമുടച്ചതിന്റെ ഞെട്ടലില്‍നിന്നു മുക്‌തരാകാനുറച്ചാണ്‌ സാമിയുടെ ക്യാപ്‌റ്റന്‍സിയിലിറങ്ങുന്ന വെസ്‌റ്റിന്‍ഡീസ്‌ വിശാഖപട്ടണത്തെത്തിയിരിക്കുന്നത്‌.

വാലറ്റത്തിന്റെ മനക്കരുത്തില്‍ അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ തലനാരിഴയ്‌ക്കു പരാജയത്തില്‍നിന്നു രക്ഷപ്പെട്ട ടീം ഇന്ത്യ പ്രകടനം മെച്ചപ്പെടുത്താനുള്ള ദൃഢനിശ്‌ചയത്തിലാണ്‌. മഹേന്ദ്ര സിംഗ്‌ ധോണിയുടെ അഭാവത്തില്‍ ക്യാപ്‌റ്റന്‍സി കൈയാളുന്ന വീരേന്ദര്‍ സേവാഗ്‌ കട്ടക്‌ ഏകദിനത്തിലേതിനു സമാനമായി ബാറ്റ്‌സ്മാന്‍മാര്‍ നിരുത്തരവാദിത്തപരമായ സമീപനം ആവര്‍ത്തിക്കരുതെന്നു കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്‌. കട്ടക്കില്‍ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരുഘട്ടത്തില്‍ പരാജയത്തെ അഭിമുഖീകരിക്കുകയും ചെയ്‌തിരുന്നു.

വിന്‍ഡീസ്‌ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്‌ഥാപിക്കുകയെന്ന ഒറ്റലക്ഷ്യവുമായി അടിച്ചുകളിക്കാന്‍ ശ്രമിച്ചതാണ്‌ ടീം ഇന്ത്യക്കു വിനയായത്‌. മധ്യനിരയില്‍ രോഹിത്‌ ശര്‍മയുടെ ഒറ്റയാള്‍ പോരാട്ടവും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പ്രകടനവുമാണ്‌ പരാജയത്തിന്റെ വക്കില്‍നിന്നും ഇന്ത്യയെ വിജയതീരത്തിനടുത്തെത്തിച്ചത്‌. എന്നാല്‍ ലക്ഷ്യത്തിനടുത്ത്‌ രോഹിത്‌ ശര്‍മയ്‌ക്കും ജഡേജയ്‌ക്കും കാലിടറിയതോടെ ആതിഥേയര്‍ സമ്മര്‍ദത്തിലായി. എന്നാല്‍ പുതുമുഖ ബൗളര്‍മാരായ വിനയ്‌ കുമാറിന്റെയും ഉമേഷ്‌ യാദവിന്റെയും വരുണ്‍ ആരോണിന്റെയും മനസാന്നിധ്യം ഇന്ത്യക്കു തുണയാവുകയായിരുന്നു. ഒരു വിക്കറ്റ്‌ മാത്രം ശേഷിക്കെ 23 പന്തില്‍ 11 റണ്‍സ്‌ നേടിയാണ്‌ വിന്‍ഡീസിന്‌ വാലറ്റം വിജയം നിഷേധിച്ചത്‌. നേരത്തേ മികച്ച സ്‌കോര്‍ നേടുന്നതില്‍നിന്നു വിന്‍ഡീസിനെ തടയുന്നതിലും മൂവരും നിര്‍ണായക പങ്കുവഹിച്ചിരുന്നു. യാദവും ആരണും രണ്ടുവിക്കറ്റ്‌ വീതവും വിനയ്‌കുമാര്‍ ഒരുവിക്കറ്റും വീഴ്‌ത്തി. രണ്ടു വര്‍ഷത്തിനുശേഷം വിശാഖപട്ടണത്തെ

മത്സരവേദിയില്‍ മറ്റൊരു രാജ്യാന്തര മത്സരമെത്തുമ്പോള്‍ കാണികള്‍ ഓര്‍മിക്കുക മഹേന്ദ്രസിംഗ്‌ ധോണിയെ ആയിരിക്കും. 2005-ല്‍ പാകിസ്‌താനെതിരേ 123 പന്തില്‍ 148 റണ്‍സ്‌വാരി നേടിയ ആദ്യ സെഞ്ചുറി ധോണികുറിച്ചത്‌ ഈ മൈതാനത്തായിരുന്നു. ധോണിക്കുപകരം ക്യാപ്‌റ്റന്‍സിയുടെ ഭാരം ചുമലിലേല്‍ക്കുന്ന സേവാഗില്‍നിന്ന്‌ അത്തരമൊരു പ്രകടനമായിരിക്കും വിശാഖപട്ടണത്തെ കാണികള്‍ പ്രതീക്ഷിക്കുക. ക്യാപ്‌റ്റന്‍സിയുടെ സമ്മര്‍ദം പ്രകടനത്തെ ബാധിക്കുന്നില്ലെന്നുറപ്പുവരുത്തേണ്ട ബാധ്യത സേവാഗിനുണ്ട്‌.

പക്ഷേ, നിലവില്‍ കാര്യങ്ങള്‍ സേവാഗിന്‌ അത്ര സുഗമമല്ല. എട്ടു മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച സേവാഗിന്റെ ശരാശരി വെറും 21.50 ആണ്‌. ഇത്രയും മത്സരങ്ങളില്‍ ഒറ്റ അര്‍ധസെഞ്ചുറിപോലും കുറിക്കാന്‍ കഴിയാത്ത സേവാഗിന്റെ മികച്ച സ്‌കോറാവട്ടെ നാല്‍പത്തിനാലും. മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാന്‍ കഴിയാതെ പോകുന്നതാണ്‌ സേവാഗിന്റെ ഉറക്കം കെടുത്തുന്നത്‌. വിശാഖപട്ടണത്ത്‌ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം വിരാമമിടാമെന്ന പ്രതീക്ഷയാണ്‌ സേവാഗിനുള്ളത്‌.

ധോണിക്കുപകരം വിക്കറ്റ്‌ കീപ്പറായെത്തിയ പാര്‍ഥിവ്‌ പട്ടേലിനും ഈ മത്സരത്തില്‍ ചിലതൊക്കെ തെളിയിക്കാനുണ്ട്‌. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാത്തതിന്റെ ക്ഷീണം മാറ്റാനാവും ഗൗതം ഗംഭീറിന്റെയും വിരാട്‌ കോഹ്ലിയുടെയും സുരേഷ്‌ റെയ്‌നയുടെയും ശ്രമം. അതേസമയം ബൗളര്‍മാരാവട്ടെ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്‌.

സഹീര്‍ ഖാനും പ്രവീണ്‍ കുമാറിനും പകരക്കാരായി ടീമിലിടംകണ്ട വരുണ്‍ ആരണും ഉമേഷ്‌ യാദവും വേഗംകൊണ്ടും കൃത്യതകൊണ്ടും വിന്‍ഡീസ്‌ ബാറ്റിംഗ്‌ നിരയില്‍ വിള്ളല്‍ സൃഷ്‌ടിക്കാന്‍ പോന്നവരാണെന്ന്‌ ആദ്യമത്സരത്തില്‍ തെളിയിച്ചുകഴിഞ്ഞു. ഇവര്‍ക്കൊപ്പം വിനയ്‌കുമാറും സ്‌പിന്നര്‍ അശ്വിനും പുലര്‍ത്തുന്ന മികച്ചഫോം സേവാഗിനു തലവേദനയാകില്ല. പാര്‍ട്ട്‌ടൈം ബൗളര്‍മാരായ രോഹിത്‌ ശര്‍മയും റെയ്‌നയും ജഡേജയും കൂടിചേരുമ്പോള്‍ ബൗളിംഗ്‌ വിഭാഗം ഭദ്രം.

മറുവശത്ത്‌ വിന്‍ഡീസാകട്ടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യജയംകുറിക്കാനുള്ള ശ്രമത്തിലാണ്‌. ബാറ്റിംഗ്‌ വെടിക്കെട്ട്‌ ക്രിസ്‌ ഗെയിലിനു പകരക്കാരില്ലാത്തതാണ്‌ ക്യാപ്‌റ്റന്‍ സാമിയെ കുഴയ്‌ക്കുന്നത്‌. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള ലെന്‍ഡല്‍ സിമ്മണ്‍സില്‍നിന്ന്‌ മികച്ചൊരിന്നിംഗ്‌സ് സാമി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

സഹ ഓപ്പണര്‍ അഡ്രിയാന്‍ ബരതും കഴിവു തെളിയിച്ച ബാറ്റ്‌സ്മാന്‍തന്നെ. ബാറ്റിംഗ്‌ ഇതിഹാസം ബ്രയാന്‍ ലാറയെ അനുസ്‌മരിപ്പിക്കുന്ന ഡാരന്‍ ബ്രാവോയിലാണ്‌ വെസ്‌റ്റിന്ത്യന്‍ ബാറ്റിംഗ്‌ പ്രതീക്ഷകള്‍ മുഴുവന്‍. ഐ.പി.എല്ലില്‍ കളിച്ചു പരിചയമുള്ള ബാറ്റിംഗ്‌ പവര്‍ഹൗസ്‌ കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌ തനിനിറം പുറത്തെടുത്താല്‍ പ്രതിരോധത്തിലാവുക ഇന്ത്യന്‍ ബൗളര്‍മാരായിരിക്കും. മര്‍ലോണ്‍ സാമുവല്‍സും ഓള്‍റൗണ്ടര്‍ ആന്ദ്രെ റസലും ഡാന്‍സ ഹയാറ്റും ഉള്‍പ്പെടുന്ന ബാറ്റിംഗ്‌ നിരയില്‍നിന്നും പെരുമയ്‌ക്കൊത്ത പ്രകടനമാണ്‌ വെസ്‌റ്റിന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്‌. കെമര്‍ റോച്ചിന്റെ വരവോടെ ബൗളിംഗ്‌ വിഭാഗം കൂടുതല്‍ കരുത്താര്‍ജിച്ചിട്ടുണ്ട്‌. രവി രാംപോളിനൊപ്പം ആന്ദ്രെ റസലും ഇന്ത്യന്‍ ബാറ്റിംഗിനു വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.