പലതരം ജീവചരിത്രങ്ങളും ആത്മകഥകളും നമ്മള് കണ്ടിട്ടുണ്ട്. ഇരുപത് രൂപയുടെ മഹാത്മാഗാന്ധിയുടെ സത്യാന്വേഷണപരീക്ഷണകഥകള് മുതല്‍ എണ്ണൂറ്റന്പതു രൂപയുടെ ഹിറ്റലറിന്റെ മെയിന്‍ കാംഫ് വരെ പലതരം ആത്മകഥകളും ചരിത്രപുസ്തകങ്ങളും വിപണിയില്‍ ലഭ്യമാണ്. എന്നാലിതാ ഒന്നേകാല്‍ കോടി രൂപയ്ക്കു മേല്‍ വിലയുള്ള ഒരു ചരിത്രപുസ്തകം പ്രകാശനം ചെയ്തിരിക്കുന്നു!
റേസിംഗ് രംഗത്തെ അതികായന്മാരായ ഫെറാരിയുടെ ചരിത്രത്തിനാണ് തീ പിടിച്ച വില. 2,50,000 ഡോളറാണ്(ഏകദേശം 1.3 കോടി രൂപ) അവര്‍ ‘ദി ഫെറാരി ഒഫീഷ്യല്‍ ഒപ്പസ്’ എന്ന പുസ്തകത്തിന് ഇട്ടിരിക്കുന്ന വില. ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകൂടിയ പുസ്തകം എന്ന ബഹുമതിയും ഈ പുസ്തകം സ്വന്തമാക്കും. കമ്പനിയുടെ തുടക്കം മുതലുള്ള എല്ലാ സംഭവങ്ങളും ഇതില്‍ വിവരിക്കുന്നുണ്ട്. ഒരു പുസ്തകം മാത്രമേ ഒരു രാജ്യത്ത് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ.
37 കിലോയാണ് ഈ പുസ്തകത്തിന്റെ ഭാരം. പോക്കറ്റിന്റെ കനം കുറയുമ്പോള്‍ പുസ്കതത്തിനെങ്കിലും കനം വേണമല്ലോ. ന്യൂഡല്‍ഹിയിലെ ഫെറാരി ഷോറൂമിലാണ് ഇന്ത്യയിലെ പ്രകാശനം നടന്നത്. മൈക്കല്‍ ഷൂമാക്കറുടെയടക്കം ഒപ്പുകളും ഇതിലുണ്ട്. 825 പേജുള്ള ഈ പുസ്തകത്തില്‍ ആയിരത്തിലധികം ചിത്രങ്ങളുമുണ്ട്. ഇനിയും മുതലാകുന്നില്ലെങ്കില് ഫെറാരിയുടെ ചിഹ്നമായ ‘കുതിര’യില്‍ 32.3 കാരറ്റ് ഡയമണ്ടും പതിപ്പിച്ചിട്ടുണ്ട്. ആരാണ് ഈ പുസ്തകം വാങ്ങുക എന്നാണ് ഇനി അറിയാനുള്ള ഏക കാര്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല