ഇന്ത്യയ്ക്കു യുറേനിയം വില്‍ക്കുന്നതിനുള്ള വിലക്കു നീക്കണമെന്ന് ഓസ്‌ട്രേലിയന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ പ്രമേയം. സിഡ്‌നിയില്‍ നടന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിലാണ് 185 നെതിരെ 216 വോട്ടുകള്‍ക്ക് പ്രമേയം പാസാക്കിയത്. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി.) ഒപ്പുവെക്കാത്ത രാജ്യമായ ഇന്ത്യക്ക് യുറേനിയം നല്‍കില്ലെന്ന നയമാണ് ഓസ്‌ട്രേലിയ ഇത്രനാള്‍ പിന്തുടര്‍ന്നിരുന്നത്. ഇന്ത്യയു.എസ്. സൈനികേതര ആണവ കരാര്‍ നിലവില്‍ വന്നശേഷം ഇന്ത്യയ്ക്ക് ആണവ ഇന്ധനവും സാമഗ്രികളും നല്‍കാന്‍ ആണവ വിതരണ സംഘം (എന്‍.എസ്.ജി.) അനുമതി നല്‍കിയിട്ടും അതിന് തയ്യാറാകാതിരുന്ന രാജ്യമാണ് ഓസ്‌ട്രേലിയ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി നല്ല ബന്ധം ഉറപ്പാക്കേണ്ടതുണ്ടെന്നും ചൈനയ്ക്ക് യൂറേനിയം നല്‍കാമെങ്കില്‍ ആണവ രംഗത്ത് സംശുദ്ധ ചരിത്രമുള്ള ഇന്ത്യക്കും നല്‍കേണ്ടതാണെന്നും പാര്‍ട്ടി സമ്മേളനത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗിലാഡ് വ്യക്തമാക്കി. ഇന്ത്യ-യു. എസ്. ആണവക്കരാറിന്റെ വെളിച്ചത്തില്‍ വിലക്കിന് ഇനി പ്രസക്തിയില്ലെന്നും ഗിലാഡ് അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്കു യുറേനിയം വില്‍ക്കുന്നതിനുള്ള വിലക്കു നീക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിനു വേണ്ടതു ചെയ്യുമെന്ന് ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ ‘നടന്ന പൂര്‍വേഷ്യന്‍ ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗിലാഡ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കിയിരുന്നു.
ഇന്ത്യയ്ക്കു മേലുള്ള വിലക്ക് നീക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോഴും എന്‍.പി.ടി.യില്‍ ഒപ്പുവെക്കാത്ത മറ്റ് രാജ്യങ്ങളായ പാകിസ്താന്‍, ഇസ്രായേല്‍, ഉത്തര കൊറിയ എന്നിവയുടെ കാര്യത്തില്‍ നയം മാറ്റമുണ്ടാകില്ലെന്ന് ഗിലാഡ് വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍നിന്നും എന്‍.എസ്.ജി.യില്‍ നിന്നും ഇളവ് കിട്ടിയ രാജ്യമായതിനാലാണ് ഇന്ത്യയ്ക്ക് മാത്രം പ്രത്യേക പരിഗണന നല്‍കുന്നതെന്നാണ് അവര്‍ ഇതിന് കാരണം പറയുന്നത്. വിലക്കു നീങ്ങുന്നതോടെ ഇന്ത്യഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം മെച്ചപ്പെടും. ഓസ്‌ട്രേലിയയുടെ ആണവ വ്യവസായത്തിന് ഇന്ത്യയിലെ വിപണി തുറന്നുകിട്ടുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല