കത്തോലിക്കാസഭയുടെ അമരക്കാരനായി 27 വര്‍ഷം പ്രവര്‍ത്തിച്ച ജോണ്‍പോള്‍ രണ്ടാമനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയാണ്, അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്.
പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ഒരു കന്യാസ്ത്രീയുടെ അസുഖം, ജോണ്‍പോള്‍ രണ്ടാമന്റെ മാധ്യസ്ഥത്തില്‍ പ്രാര്‍ഥിച്ചപ്പോള്‍ അത്ഭുതകരമായി സുഖപ്പെട്ട സംഭവത്തിനാണ് വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. ജോണ്‍പോള്‍ രണ്ടാമന് അവസാനകാലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചിരുന്നു.
ഫ്രഞ്ച് സ്വദേശിയായ സിസ്റ്റര്‍ മേരി സിമോണ്‍-പിയറിയുടെ രോഗം, ജോണ്‍പോള്‍ രണ്ടാമന്റെ വിശുദ്ധ ഇടപെടല്‍ മൂലം ഭേദമായിയെന്നാണ് വത്തിക്കാന്‍ അംഗീകരിച്ചത്. താനും തന്റെ സഹപ്രവര്‍ത്തകരും ജോണ്‍പോള്‍ രണ്ടാമന്റെ മാധ്യസ്ഥത്തില്‍ പ്രാര്‍ഥിച്ചപ്പോള്‍, അദ്ദേഹം മരിച്ച് രണ്ട് മാസത്തിനകം തനിക്ക് പൂര്‍ണ സുഖം ലഭിച്ചതായി സിസ്റ്റര്‍ മേരി പറയുന്നു.
കന്യാസ്ത്രീയുടെ രോഗം ഭേദമായതിന് വൈദ്യശാസ്ത്ര വിശദീകരണമൊന്നുമില്ലെന്ന്, സഭ നിയോഗിച്ച ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. കഴിഞ്ഞവര്‍ഷം, ഈ സംഭവത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പുതിയ വിശദീകരണത്തെ തുടര്‍ന്ന് വത്തിക്കാന്‍ അത് അംഗീകരിക്കുകയായിരുന്നു.
മെയ് ഒന്നിന് വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ പത്തുലക്ഷം വിശ്വാസികളെങ്കിലും പങ്കെടുക്കുമെന്ന് കരുതപ്പെടുന്നു. 2005 എപ്രില്‍ എട്ടിന് ജോണ്‍പോള്‍ രണ്ടാമന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പതിനായിരങ്ങള്‍, അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സാധാരണഗതിയില്‍ ഒരാള്‍ മരിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞു മാത്രമേ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ വത്തിക്കാന്‍ ആരംഭിക്കാറുള്ളു. ഇതിന് വിരുദ്ധമായി, ജോണ്‍പോള്‍ രണ്ടാമന്‍ വിടവാങ്ങി അടുത്ത മാസം തന്നെ ബെനഡിക്ട് പതിനാറാമന്‍ അതിനുള്ള നടപടി തുടങ്ങിവെച്ചു.
അതാണ് ഇപ്പോള്‍ പുതിയ ഘട്ടത്തിലെത്തിയിരിക്കുന്നത്. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചാല്‍, അതിന് ശേഷം മറ്റൊരു അത്ഭുതം അംഗീകരിക്കപ്പെടേണ്ടതുണ്ട്, ജോണ്‍പോള്‍ രണ്ടാമനെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല