1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2011

തുടര്‍ച്ചയായ രണ്ടാം ഏകദിന പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക്‌ വെസ്‌റ്റിന്‍ഡീസിന്റെ വക തിരിച്ചടി. സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസ്‌ ഇന്ത്യയെ 16 റണ്‍സിനു തോല്‍പ്പിക്കുകയായിരുന്നു. വിന്‍ഡീസ്‌ മുന്നോട്ടു വച്ച 261 റണ്‍സ്‌ പിന്തുടര്‍ന്ന ഇന്ത്യ ജയത്തിന്‌ 16 റണ്‍സ്‌ അകലെ വച്ചു വീണു. ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക്‌ അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പര സ്വന്തമാക്കാനാകുമായിരുന്നു.

രോഹിത്‌ ശര്‍മയുടെ പോരാട്ടം (100 പന്തില്‍ 95) ഇന്ത്യയെ ജയത്തിന്റെ വക്കിലെത്തിച്ചെങ്കിലും മുറയ്‌ക്കു വിക്കറ്റു നഷ്‌ടപ്പെട്ടത്‌ തിരിച്ചടിയായി. 44 ഓവറില്‍ രോഹിത്‌ റണ്ണൗട്ടാകുകയായിരുന്നു. നായകന്‍ വീരേന്ദര്‍ സേവാഗിനെയും ഗൗതം ഗംഭീറിനെയും അടുത്തടുത്ത പന്തുകളില്‍ പൂജ്യത്തിനു പറഞ്ഞുവിട്ട്‌ പേസര്‍ രവി രാംപോള്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കി. നാലു വിക്കറ്റെടുത്ത രാംപോളാണു മത്സരത്തിലെ താരം. വിരാട്‌ കോഹ്ലിയെ വിക്കറ്റിനു മുന്നില്‍ കുടുക്കി സുനില്‍ നരേന്‍ ഏകദിനത്തിലെ കന്നി വിക്കറ്റ്‌ സ്വന്തമാക്കി.

ടെസ്‌റ്റ് പരമ്പരയില്‍ ഹീറോയായ ആര്‍. അശ്വിന്‍ 31 റണ്‍സെടുത്തെങ്കിലും ജയത്തിലെത്തിക്കാനായില്ല. നരേന്‍ അശ്വിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. ആറിന്‌ 105 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അശ്വിനും രോഹിതും ചേര്‍ന്നാണു തിരിച്ചുകൊണ്ടു വന്നത്‌.

അവസാന വിക്കറ്റില്‍ ഉമേഷ്‌ യാദവിനൊപ്പം മിഥുന്‍ പൊരുതിയെങ്കിലും രാംപോളിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതോടെ സാധ്യതകള്‍ അവസാനിച്ചു. ഇരുവരും ചേര്‍ന്ന്‌ 28 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തിരുന്നു. നായകന്‍ ഡാരന്‍ സാമിയും ആന്ദ്രെ റസലും ചേര്‍ന്ന്‌ അവസാന ഓവറുകളില്‍ അടിച്ചു പറത്തിയതോടെ ഇന്ത്യക്കു മുന്നില്‍ 262 റണ്‍സിന്റെ വിജയലക്ഷ്യം വയ്‌ക്കാന്‍ വിന്‍ഡീസിനായി. അവസാന ഓവറുകളില്‍ ക്യാപ്‌റ്റന്‍ സമിയും റസലും ചേര്‍ന്നു നടത്തിയ വെടിക്കെട്ടു ബാറ്റിങ്ങാണ്‌ വിന്‍ഡീസിന്‌ പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്‌.

അവസാന ഏഴ്‌ ഓവറില്‍ 93 റണ്‍സാണ്‌ വിന്‍ഡീസ്‌ ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചെടുത്തത്‌. സാമിയും റസലും ചേര്‍ന്ന്‌ അവസാന മൂന്ന്‌ ഓവറില്‍ 52 റണ്‍സും അടിച്ചെടുത്തു. ഉമേഷ്‌ യാദവ്‌ എറിഞ്ഞ 50 ാം ഓവറില്‍ റസല്‍ ഒരു സിക്‌സറും രണ്ടു ഫോറുമടക്കം 20 റണ്‍സെടുത്തു. 49 ാം ഓവര്‍ എറിഞ്ഞ അഭിമന്യു മിഥുനെതിരേ 23 റണ്‍സാണ്‌ സാമി അടിച്ചത്‌. രണ്ട്‌ സിക്‌സറും രണ്ടു ഫോറും ആ ഓവറില്‍ പിറന്നു. സാമി 17 പന്തില്‍ 41 റണ്‍സും റസല്‍ 18 പന്തില്‍ 40 റണ്‍സുമെടുത്തു പുറത്താകാതെനിന്നു. ആറാം വിക്കറ്റില്‍ ഇരുവരും 34 പന്തില്‍ 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 45 ാം ഓവര്‍ വരെ അഞ്ചിന്‌ 181 എന്ന നിലയില്‍ മുടന്തുകയായിരുന്നു വിന്‍ഡീസ്‌.

കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌ പുറത്തായതോടെ ക്രീസിലെത്തിയ സാമി വിനയ്‌ കുമാറിനെ അതിര്‍ത്തി കടത്തി വെടിക്കെട്ടിനു തിരികൊളുത്തി. 47 ാം ഓവറില്‍ 200 കടന്ന അവര്‍ പിന്നീട്‌ തിരിഞ്ഞു നോക്കിയില്ല. മര്‍ലോണ്‍ സാമുവല്‍സ്‌ (58), വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ്‌ രാംദിന്‍ (38), കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌ (29) എന്നിവരാണ്‌ മറ്റു സ്‌കോറര്‍മാര്‍. വിന്‍ഡീസിന്റെ തുടക്കം ഭദ്രമായിരുന്നില്ല. ഒരു റണ്‍ മാത്രമെടുത്ത ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സിനെ വിനയ്‌ കുമാര്‍ വിക്കറ്റ്‌ കീപ്പര്‍ പാര്‍ഥിവ്‌ പട്ടേലിന്റെ കൈയിലെത്തിച്ചു. സഹഓപ്പണര്‍ ഡന്‍സ ഹ്യാതിനും (20) പിടിച്ചു നില്‍ക്കാനായില്ല. അഭിമന്യു മിഥുന്റെ പന്തില്‍ ബാറ്റു വച്ച ഹ്യാതിനെയും പാര്‍ഥിവ്‌ പിടികൂടി. ഡാരന്‍ ബ്രാവോ പ്രതീക്ഷ നല്‍കിയെങ്കിലും കാല്‍ക്കുഴയ്‌ക്കു പരുക്കേറ്റു മടങ്ങിയതു വിന്‍ഡീസിനെ പ്രതിസന്ധിയിലാക്കി.

അവസാന ഓവറുകളിലാണ്‌ ഇന്ത്യക്കു വിന്‍ഡീസിനുമേലുള്ള മേല്‍ക്കൈ നഷ്‌ടമായത്‌. ഇന്ത്യക്കുവേണ്ടി വിനയ്‌കുമാര്‍ രണ്ടും ഉമേഷ്‌ യാദവ്‌, മിഥുന്‍, അശ്വന്‍ എന്നിവര്‍ ഒരോ വിക്കറ്റുവീതവും നേടി. നേരത്തെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ വീരേന്ദര്‍ സേവാഗ്‌ വിന്‍ഡീസിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ അഭിമന്യു മിഥുനും വിന്‍ഡീസ്‌ ടീമില്‍ സുനില്‍ നരേനും ഇടംനേടി.

സ്‌കോര്‍ബോര്‍ഡ്‌: വിന്‍ഡീസ്‌ – സിമ്മണ്‍സ്‌ സി പട്ടേല്‍ ബി വിനയ്‌ കുമാര്‍ 1, ഹ്യാത്‌ സി പട്ടേല്‍ ബി മിഥുന്‍ 20, സാമുവല്‍സ്‌ ബി അശ്വിന്‍ 58, ബ്രാവോ റിട്ടയേഡ്‌ ഹര്‍ട്ട്‌ 26, രാംദിന്‍ സി പട്ടേല്‍ ബി യാദവ്‌ 38, പൊള്ളാര്‍ഡ്‌ സി ജഡേജ ബി വിനയ്‌ കുമാര്‍ 29, ആന്ദ്രെ റസല്‍ നോട്ടൗട്ട്‌ 40, സാമി നോട്ടൗട്ട്‌ 41. എക്‌സ്ട്രാസ്‌: 7. ആകെ (50 ഓവറില്‍) അഞ്ചിന്‌ 260. വിക്കറ്റ്‌വീഴ്‌ച: 1-2, 2-42, 3-122, 4-177, 5-181. ബൗളിംഗ്‌: വിനയ്‌ കുമാര്‍ 8-1-39-2, യാദവ്‌ 9-1-75-1, മിഥുന്‍ 7-0-47-1, ജഡേജ 10-1-37-0, അശ്വിന്‍ 10-0-33-1, റെയ്‌ന 6-0-27-0.

ഇന്ത്യ – പട്ടേല്‍ ബി സാമുവല്‍സ്‌ 39, സേവാഗ്‌ സി രാംദിന്‍ ബി രാംപോള്‍ 0, ഗംഭീര്‍ എല്‍.ബി. രാംപോള്‍ 0, കോഹ്ലി എല്‍.ബി. നരേന്‍ 20, രോഹിത്‌ ശര്‍മ റണ്ണൗട്ട്‌ 95, റെയ്‌ന സി രാംദിന്‍ ബി രാംപോള്‍ 2, ജഡേജ റണ്ണൗട്ട്‌ 11, അശ്വിന്‍ എല്‍.ബി. നരേന്‍ 31, വിനയ്‌ കുമാര്‍ ബി റോച്ച്‌ 3, മിഥുന്‍ എല്‍.ബി. രാംപോള്‍ 23, യാദവ്‌ നോട്ടൗട്ട്‌ 11. എക്‌സ്ട്രാസ്‌: 9. ആകെ (46.5 ഓവറില്‍) 244 ന്‌ ഓള്‍ഔട്ട്‌.

വിക്കറ്റ്‌വീഴ്‌ച: 1-8, 2-8, 3-43, 4-79, 5-84, 6-105, 7-196, 8-200, 9-216, 10-244.

ബൗളിംഗ്‌: റോച്ച്‌ 10-0-54-1, രാംപോള്‍ 8.5-1-57-4, നരേന്‍ 10-0-34-2, സാമുവല്‍സ്‌ 10-0-50-1, റസല്‍ 4-0-25-0, സാമി 1-0-7-0, സിമ്മണ്‍സ്‌ 2-0-10-0, പൊള്ളാര്‍ഡ്‌ 1-0-4-0.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.