യൂറോസോണിലെ വായ്പാ പ്രതിസന്ധി പരിഹരിക്കാന്‍ ഏകനാണയ സമ്പ്രദായം നിലനില്‍ക്കുന്ന പതിനഞ്ച് രാഷ്ട്രങ്ങളിലെ ബെയ്ല്‍ഔട്ട് ഫണ്ട് തരംതാഴ്ത്താന്‍ നീക്കം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ യൂറോസോണിലെ പതിനേഴ് രാഷ്ട്രങ്ങളില്‍ 0.2 ശതമാനം സാമ്പക വളര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പതിനഞ്ച് രാജ്യങ്ങളെ വായ്പാനിരീക്ഷണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇതില്‍ ആറ് രാഷ്ട്രങ്ങളുടെയെങ്കിലും ട്രിപ്പിള്‍ എ റേറ്റിംഗിനെ ഇത് ബാധിക്കും. ഈ രാജ്യങ്ങളുടെ ഉയര്‍ന്ന തോത് പദവി നഷ്ടമാകാനുള്ള സാധ്യത അമ്പത് ശതമാനമാണെന്ന് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ അറിയിക്കുന്നു.
ലോകത്തിലെ ഏറ്റവും മോശം വായ്പ്പാ നിരക്ക് നിലനില്‍ക്കുന്ന ഗ്രീസിനെയും നിലവില്‍ എസ് ആന്‍ഡ് പിയുടെ നിരീക്ഷണത്തിലുള്ള സൈപ്രസിനെയും അവര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എഫ് ടി എസ് ഇയില്‍ വിപണി നിലവാരം സന്തുലിതമായെങ്കിലും ജര്‍മ്മന്‍ ഡി എ എക്‌സ് ഒരു ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടപ്പത്രങ്ങളുടെ വിലയില്‍ ജര്‍മ്മനിയില്‍ പത്തു വര്‍ഷത്തിനിടെ ആദ്യമായി നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. എന്നാല്‍ ഇറ്റലിയില്‍ 6.4 ശതമാനം കുറവാണുണ്ടായത്.
യൂറോസോണ്‍ നേതാക്കള്‍ ഏക കറന്‍സി സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെ എസ് എ പി നടത്തുന്ന ഈ നീക്കം പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഈ തീരുമാനം അമ്പരപ്പിക്കുന്നതും ദുരുദ്ദേശപരവുമാണെന്ന് യൂറോഗ്രൂപ്പ് ചെയര്‍മാന്‍ ഴാങ് ക്ലൗഡ് ജങ്കര്‍ ആരോപിച്ചു. തീരുമാനം എസ് ആന്‍ഡ് പിയുടെ ഉത്തരവാദിത്വമാണെന്നും തങ്ങളുടെ ശ്രമങ്ങള്‍ തുടരുമെന്നും ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചല മെര്‍ക്കല്‍ വ്യക്തമാക്കി. ഏക കറന്‍സി സമ്പ്രദായത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കരാറില്‍ മാറ്റം വേണമെന്ന് മെര്‍ക്കലും ഫ്രഞ്ച് പ്രധാനമന്ത്രി നിക്കോളാസ് സര്‍ക്കോസിയും ആഹ്വാനം ചെയ്തിരുന്നു. കുറഞ്ഞത് 17 യൂറോസോണ്‍ രാഷ്ട്രങ്ങളിലെങ്കിലും മാറ്റം വേണമെന്നാണ് അവരുടെ ആവശ്യം.
അതേസമയം യൂറോ സോണ്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഫ്രാന്‍സും ജര്‍മ്മനിയും പദ്ധതികള്‍ തയ്യാറാക്കുമ്പോഴും യൂറോസോണ്‍ രാഷ്ട്രങ്ങളിലെ പ്രതിസന്ധി അവസാനിക്കുന്നില്ല. വായ്പ നല്‍കുന്നതില്‍ പതിനേഴ് യൂറോസോണ്‍ രാഷ്ട്രങ്ങള്‍ക്കുണ്ടായിരുന്ന ട്രിപ്പിള്‍ എ പഥവി നഷ്ടമായിരിക്കുകയാണ് ഇപ്പോള്‍. സാമ്പത്തിക പ്രതിസന്ധി അത്രയേറെ ബാധിക്കാത്ത ഫ്രാന്‍സിനും ജര്‍മ്മനിക്കും പോലും ഉടന്‍ തന്നെ ട്രിപ്പിള്‍ എ പദവി നഷ്ടമാകുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍സ് ക്രെഡിറ്റ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.
ജര്‍മ്മനി, ഫ്രാന്‍സ് എന്നിവയെ കൂടാതെ നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഫിന്‍ലാന്‍ഡ്, ലക്‌സംബര്‍ഗ് തുടങ്ങിയവയാണ് യൂറോസോണ്‍ രാഷ്ട്രങ്ങള്‍. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം തിരിച്ചടിയാകുന്ന കാഴ്ചകളാണ് ഏറെനാളായി യൂറോസോണില്‍ കാണുന്നത്. ഇതിനിടെ യൂറോപ്യന്‍ ഐക്യനാടുകള്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ ബ്രിട്ടന്‍ ഒപ്പു വച്ചില്ലെങ്കിലും തങ്ങള്‍ ഉടമ്പടിയുമായി മുന്നോട്ട് പോകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ജര്‍മ്മന്‍ ചാന്‍സിലസര്‍ എയ്ഞ്ജല മെര്‍ക്കലും വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തികമായും ഏകതയോടെ പോകുന്ന സഖ്യമാണ് യൂറോപ്യന്‍ ഐക്യനാടുകള്‍ കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ഏക കറന്‍സിയെന്ന യൂറോസോണ്‍ സമ്പ്രദായം നിലവില്‍ വന്നതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതെന്ന നിലപാടിലാണ് ബ്രിട്ടന്‍. യൂറോപ്യന്‍ യൂണിയനിലെ അംഗത്വം സംബന്ധിച്ച് ബ്രിട്ടനില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളില്‍ വരുത്തുന്ന ഏതൊരുമാറ്റവും ജനങ്ങളെ രോഷാകുലരാക്കുമെന്ന് ഉറപ്പാണ്. ഇത് അഭിപ്രായവോട്ടെടുപ്പിലേക്ക് നയിക്കുമെന്നാണ് ഭരണകൂടത്തിന്റെ ഭീതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല