അമ്പതുകോടിയാളുകള്‍ക്കു ചാറ്റ് ചെയ്യാനും പ്രേമിക്കാനും ആവശ്യത്തിനും അനാവശ്യത്തിനും വാക്കുകള്‍ എഴുതിക്കളിക്കാനും ഓണ്‍ലൈന്‍ പോസ്റ്റോഫീസുണ്ടാക്കിക്കൊടുത്തയാളുടെ സീക്രറ്റ് ബോക്സ് തകര്‍ത്തിരിക്കുന്നു ഇന്‍റര്‍നെറ്റിലെ നുഴഞ്ഞു കയറ്റക്കാര്‍. ഫേസ് ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗിന്‍റെ പ്രൈവറ്റ് ഫയലുകള്‍ ചോര്‍ത്തിയെടുത്തിരിക്കുന്നു. ഇതാ കണ്ടോളൂ, സുക്കര്‍ബര്‍ഗിന്‍റെ പഞ്ചാരയടിയും പ്രേമസല്ലാപങ്ങളും എന്ന മട്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സുക്കര്‍ബര്‍ഗും കാമുകി പ്രിസ്കില ചാനും ചേര്‍ന്നുള്ള അടുക്കള അനുരാഗ ദൃശ്യങ്ങള്‍. ഇരുവരും കോഴിയെ കൊല്ലുന്നു, കറി വയ്ക്കുന്നു…കൂട്ടുകാരോടൊപ്പം സുക്കര്‍ബര്‍ഗ് ഡ്രിങ്കിങ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതുമൊക്കെ നോണ്‍സ്റ്റോപ്പായി ഓടിക്കൊണ്ടിരിക്കുന്നു.
സുക്കര്‍ബര്‍ഗ് ഒരു കോഴിയേയും തൂക്കിപ്പിടിച്ചു നില്‍ക്കുന്നു, അടുക്കളയില്‍ തറയില്‍ കമഴ്ന്നു കിടന്ന് കാമുകിയോടു സംസാരിക്കുന്നു, നായ്ക്കുട്ടിയെ കളിപ്പിക്കുന്നു, കാമുകിക്ക് ഒരു പാത്രം നിറയെ സ്നിക്കേഴ്സ് മിഠായികള്‍ നല്‍കുന്നു, ഏപ്രനണിഞ്ഞ് അടുക്കളയില്‍ ജോലി ചെയ്യുന്നു…അങ്ങനെ വെറൈറ്റി ചിത്രങ്ങളുടെ പ്രദര്‍ശനം തുടരുന്നു. സുക്കര്‍ബര്‍ഗിന്‍റേതായാലും ഫേസ് ബുക്കിലെ പ്രൈവറ്റ് പേജ് വിചാരിച്ചത്ര സെയ്ഫല്ല, എന്നറിയുക.
തന്ത്രപരമായ നിലപാടാണ് സുക്കറിന്‍റെ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാര്‍ ഈ സംഭവത്തിനു ശേഷം കൈക്കൊണ്ടത്. ഇന്‍അപ്രോപ്രിയേറ്റ് എന്നു റിപ്പോര്‍ട്ടിങ് ചെയ്താല്‍ പ്രൈവറ്റ് ഫോട്ടൊകള്‍ കാണാനുള്ള ഓപ്ഷനുണ്ട് ഫേസ് ബുക്കില്‍. ഫേസ് ബുക്ക് സിഇഒയുടെ സ്വകാര്യ ചിത്രങ്ങള്‍ നിങ്ങള്‍ ഇപ്പോള്‍ കണ്ടതുപോലെ നിങ്ങള്‍ക്ക് മറ്റു മെംബര്‍മാരുടെ ചിത്രങ്ങളും കാണാമെന്ന് ഫേസ് ബുക്ക് വക്താവിന്‍റെ കമന്‍റ്. റിപ്പോര്‍ട്ടിങ് ടൂളിന്‍റെ ഉപയോഗം മനസിലായല്ലോ എന്നൊരു ചോദ്യവും. ബഗ് പ്രശ്നം ഡിസ്ഏബ്ള്‍ ചെയ്തു. മെംബര്‍മാരുടെ സ്വകാര്യത നഷ്ടപ്പെടുത്തില്ല… വക്താവ് പറയുന്നു.
അതുകൊണ്ടും അവസാനിച്ചില്ല. സൗത്ത് കരോലിനയില്‍ സുക്കര്‍ബര്‍ഗിനൊരു സുഹൃത്തുണ്ട്. മൈക്ക് റണ്‍ഡില്‍. സുക്കറുടെ ഫോട്ടൊകള്‍ ഇംഗുര്‍ എന്ന ഫോട്ടൊഷെയറിങ്ങ് സൈറ്റിലേക്ക് മൈക്ക് ലിങ്ക് ചെയ്തതാണെന്ന് മറ്റൊരു വിശദീകരണം.
വെറുമൊരു മൗസിന്‍റെ കഴ്സറിലാണ് അമ്പതുകോടിയാളുകളെ സുക്കര്‍ബര്‍ഗ് ബന്ധിപ്പിച്ചിരിക്കുന്നത്. പതിനേഴര ബില്യന്‍ ഡോളറുണ്ടാക്കിയത് ഇത്രയും ആളുകളുടെ വിശ്വാസത്തിന്‍റെ പാസ്വേഡിലാണ്. റിപ്പോര്‍ട്ടിങ്, ബഗ്, കാലിഫോര്‍ണിയയിലെ ഫ്രണ്ട്… കമ്പനി പറയുന്നതെല്ലാം ശരിയെന്നു തത്ക്കാലം വിശ്വസിക്കാം…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല