1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2011

റഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ആഹ്വാനം ചെയ്ത പ്രകടനത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു. പ്രധാനമന്ത്രി വ്ളാഡിമിര്‍ പുടിനും പ്രസിഡന്‍റ് ദിമിത്രി മെദ്വെദെവും സ്ഥാനമൊഴിയണമെന്ന് പ്രകടനക്കാര്‍. പതിറ്റാണ്ടിനിടെ റഷ്യ കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് അരങ്ങേറിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍.

കഴിഞ്ഞ ഞായറാഴ്ച നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായി ആരോപിച്ചാണ് പ്രതിപക്ഷം പ്രകടനത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പില്‍ പുടിന്‍റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടിക്കു തിരിച്ചടി നേരിട്ടിരുന്നു. എങ്കിലും ഡ്യൂമയില്‍ അവര്‍ ഭൂരിപക്ഷം നിലനിര്‍ത്തി. കൃത്രിമം നടത്തിയാണ് ഫലം പുടിന്‍റെ പാര്‍ട്ടിക്ക് അനുകൂലമാക്കിയതെന്ന് പ്രതിപക്ഷം. കമ്മ്യൂണിസ്റ്റുകാരും ദേശീയവാദികളും ലിബറലുകളും ചേര്‍ന്നാണ് പ്രകടനം നടത്തിയത്. 30,000 പേര്‍ക്കു പ്രകടനം നടത്താനാണ് അധികൃതര്‍ അനുമതി നല്‍കിയത്. ഇവരെ നേരിടാന്‍ 50,000 സായുധ പൊലീസിനെ വിന്യസിച്ചിരുന്നു. മോസ്കൊയും മറ്റു പ്രധാന നഗരങ്ങളും പൊലീസ് ഭരണത്തിലായ സ്ഥിതിയാണുള്ളതെന്ന് ബിബിസി.

പസഫിക് തീരത്തെ വ്ളാഡിവോസ്റ്റോക് മുതല്‍ പടിഞ്ഞാറ് കാലിനിന്‍ഗാര്‍ഡ് വരെ വിവിധ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടി. ക്രെംലിനോടു ചേര്‍ന്നുള്ള ബൊളൊട്ന്യ ചത്വരത്തില്‍ 15,000 പേര്‍ പ്രകടനത്തിനെത്തി. റവല്യൂഷന്‍ ചത്വരത്തില്‍ കാള്‍ മാര്‍ക്സിന്‍റെ പ്രതിമക്കരികില്‍ 1500 പേര്‍ അണിനിരന്നു. പുടിന്‍റെയും മെദ്വദെവിന്‍റെയും ചിത്രങ്ങള്‍ ഉയര്‍ത്തി ഇവര്‍ക്കു പോവാന്‍ സമയമായെന്ന പ്ലക്കാര്‍ഡുകളുമായായിരുന്നു പ്രകടനം. പാര്‍ലമെന്‍റിലേക്കു വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

പലയിടത്തും പ്രകടനക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കരുതല്‍ നടപിടയെന്ന നിലയില്‍ നിരവധി പേരെ പൊലീസ് തടങ്കലിലാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.