1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2011

മോഹന്‍ലാല്‍ – സുകുമാര്‍ അഴീക്കോട് പ്രശ്നം ഒത്തുതീര്‍ന്നു. ആശുപത്രിയില്‍ കഴിയുന്ന അഴീക്കോടിനെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതോടെയാണ് ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നം അവസാനിച്ചത്. രോഗബാധിതനായി തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ കഴിയുന്ന അഴീക്കോടിനെ മോഹന്‍ലാല്‍ വിളിക്കുകയായിരുന്നു.

പ്രശ്നം ഒത്തുതീര്‍ന്നതായി ഇരുവരുടെയും അഭിഭാഷകര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിക്കും. ‘അഴീക്കോടിന് മതിഭ്രമമാണ്’ എന്ന മോഹന്‍ലാലിന്‍റെ പ്രസ്താവനയ്ക്കെതിരെ അഴീക്കോട് കേസ് നല്‍കിയതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്.

നടന്‍ തിലകന് സിനിമാ മേഖലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോല്‍ അതുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലും സുകുമാര്‍ അഴീക്കോടും കൊമ്പുകോര്‍ത്തത്. തുടര്‍ന്ന് ഇരുവരും മാധ്യമങ്ങളിലൂടെ പ്രസ്താവനാ യുദ്ധം നടത്തുകയായിരുന്നു. ഒടുവില്‍ പരസ്പരം കേസ് നല്‍കുന്നതുവരെ പ്രശ്നം ചെന്നെത്തി.

മോഹന്‍ലാലുമായുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്ന് അഴീക്കോട് ആഗ്രഹിച്ചിരുന്നു. അത് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറയുകയും ചെയ്തു. പിന്നീട്, ലാല്‍ അഭിനയിച്ച ‘പ്രണയം’ അഴീക്കോട് തിയേറ്ററിലെത്തി കാണുകയും ലാലിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.

അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ മധ്യസ്ഥത വഹിക്കുമെന്ന് അറിയിച്ചിരുന്നു. അതിനിടെയാണ് അഴീക്കോട് രോഗബാധിതനായി ആശുപത്രിയിലാകുന്നത്. ഇതോടെ പ്രശ്നം അവസാനിപ്പിക്കാന്‍ മോഹന്‍‌ലാല്‍ തന്നെ മുന്‍‌കൈയെടുക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.