പാക് വ്യോമാതിര്‍ത്തി ലംഘിക്കുന്ന യുഎസിന്റെ പൈലറ്റില്ലാ വിമാനങ്ങള്‍ വെടിവച്ചുവീഴ്ത്താന്‍ വ്യോമസേനയ്ക്ക് അധികാരം നല്കി പ്രതിരോധനയം പാക്കിസ്ഥാന് ഭേദഗതി ചെയ്തു. നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്നാണ് ഭേദഗതി കൊണ്ടുവന്നത്.
പാക് വ്യോമാതിര്‍ത്തി ലംഘിക്കുന്നത് ശത്രുതാപരമായ നടപടിയായി കണക്കാക്കും. അപ്രകാരം ചെയ്യുന്നത് സിഐഎയുടെ പൈലറ്റ് രഹിതവിമാനമായാലും വെടിവച്ചിടുമെന്ന് ഒരു പാക് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
ഭാവിയില്‍ നാറ്റോയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ ഉന്നതാധികാരികളുടെ അനുമതിക്കു കാത്തുനില്‍ക്കാതെ ഉചിതമായ നടപടി സ്വീകരിക്കാന്‍ അതിര്‍ത്തിയിലെ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് അധികാരം നല്കി നേരത്തെ സൈനിക മേധാവി കിയാനി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലേക്കുള്ള ചരക്കുകടത്തും പാക്കിസ്ഥാന് മരവിപ്പിച്ചു.
നാറ്റോ ആക്രമണത്തെത്തുടര്‍ന്ന് ഷംസി വ്യോമത്താവളത്തില്‍ നിന്നു യുഎസ് സേനയെ ഒഴിപ്പിച്ച് താവളത്തിന്റെ നിയന്ത്രണം കഴിഞ്ഞദിവസം പാക്കിസ്ഥാന് ഏറ്റെടുത്തു.
ഷംസിയിലായിരുന്നു സിഐഎയുടെ പൈലറ്റ് രഹിത വിമാനങ്ങള്‍ സൂക്ഷിച്ചിരുന്നത്. 2004നു ശേഷം യുഎസിന്റെ പൈലറ്റ് രഹിത വിമാനങ്ങള്‍ പാക് ഗോത്രമേഖലയിലെ താലിബാന് താവളങ്ങള്‍ ലക്ഷ്യമിട്ട് 300ല്‍ അധികം ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. ഭീകരര്‍ക്കു പുറമേ സിവിലിയന്മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടത് പാക്കിസ്ഥാനില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല