ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ ഇപ്പോഴും ആസ്വദിച്ചു കാണുന്ന ചിത്രമാണ് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍. ഈ 3ഡി വിസ്മയം തകര്‍ക്കാത്ത ബോക്സ് ഓഫിസ് റെക്കോഡുകള്‍ ചുരുക്കം. എന്നാലിതാ കാമറൂണിനെതിരേ ഒരു പരാതി ഉയര്‍ന്നിരിക്കുന്നു. കാമറൂണിന്‍റെ മാസ്റ്റര്‍പീസായി കണക്കാക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം മോഷണമായിരുന്നു എന്ന്. എറിക് റൈഡര്‍ എന്നയാളാണ് കാമറൂണിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. ഡിസംബര്‍ എട്ടിന് ലോസ് ഏഞ്ജലസ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 1999ല്‍ കാമറൂണിന്‍റെ പ്രൊഡക്ഷന്‍ കമ്പനി ലൈറ്റ്സ്റ്റോം എന്‍റര്‍റ്റെയ്ന്‍മെന്‍റുമായി എറിക് സംസാരിച്ചിരുന്നു. പരിസ്ഥിതി വിഷയമാക്കി ഒരു 3ഡി ചിത്രം എടുക്കുന്നതിനെക്കുറിച്ചാണ് എറിക് പറഞ്ഞത്. അകലെയുള്ള ചന്ദ്രനെപ്പോലെ ഒരു ഗ്രഹത്തില്‍ കോര്‍പ്പറേറ്റുകളുടെ കോളനിവത്കരണമായിരുന്നു എറികിന്‍റെ വണ്‍ലൈന്‍.
2002ല്‍ ഇക്കാര്യത്തെക്കുറിച്ചു വീണ്ടും സംസാരിച്ചപ്പോള്‍ പ്രതികരിക്കാന്‍ ആരും തയാറായില്ല. ഒടുവില്‍ ചിത്രം തിയെറ്ററിലെത്തി കോടികള്‍ നേടിയപ്പോള്‍ എറിക് വീണ്ടും കമ്പനിയെ സമീപിച്ചു. ചിത്രത്തിന്‍റെ ലാഭത്തിന്‍റെ ഒരു ഭാഗം ആവശ്യപ്പെടുകയാണ് എറിക് ഇപ്പോള്‍. കെആര്‍ഇസഡ് 2068 എന്നായിരുന്നു എറികിന്‍റെ കഥയുടെ പേര്. രണ്ടു വര്‍ഷത്തോളം പ്രതീക്ഷ നല്‍കിയ ശേഷം ആ കഥ ആരും സ്വീകരിക്കില്ലെന്ന് പറഞ്ഞാണ് നിരസിച്ചത്. പെട്ടെന്നു തന്നെ അവതാര്‍ ആരംഭിക്കുകയും ചെയ്തു.
ചിത്രത്തിന്‍റെ കമേഴ്സ്യല്‍ റെസീപ്റ്റ്സ് ഷെയര്‍ ചെയ്യണമെന്നും എഴുത്തുകാരന്‍റേയോ പ്രൊഡ്യൂസറുടേയും ക്രെഡിറ്റ് നല്‍കണമെന്നുമാണ് റൈഡര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. കാമറൂണ്‍ തനിച്ചാണ് അവതാര്‍ എഴുതിയതെന്നായിരുന്നു ഇതുവരെ പറഞ്ഞത്. ഇതിപ്പോ ആകെ നാണക്കേടായ മട്ടാണ്. ലോകമെങ്ങും അറിഞ്ഞ ഒരു സിനിമ കൂടിയാവുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്യും. ചിത്രം പുറത്തു വന്ന സമയത്ത് തമാശയ്ക്കാണെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പ്രചരിച്ച ഒരു കഥയുണ്ട്. അവതാറിന്‍റെ കഥ മലയാളത്തിന്‍റെ പ്രിയ സംവിധായകര്‍ സിദ്ദിഖ് – ലാലിന്‍റെയടുത്തു നിന്നു കാമറൂണ്‍ മോഷ്ടിച്ചതാണെന്ന്.
അവരുടെ സൂപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്നാം കോളനി വലിയ സെറ്റപ്പിലെടുത്തപ്പോള്‍ അവതാറായി. ചിത്രത്തിലെ പല രംഗങ്ങളും ഉദാഹരണസഹിതം ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനിയിപ്പോ ഇവിടുന്നു കൂടി ഒരു ലോ സ്യൂട്ട് പോകാനിടയുണ്ടോ ആവോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല