1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2011

വിന്‍ഡിസിനെതിരെയുളള അവസാന ഏകദിനത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡിസിനെ 34 റണ്‍സിന് പരാജയപ്പെടുത്തി ജയം. ഇതോടെ 4-1 ന് പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായി. ഇന്ത്യ ആറിന് 267, വിന്‍ഡീസ് 44.1 ഓവറില്‍ 233.

കീറോണ്‍ പൊള്ളാര്‍ഡും ആന്‍ഡ്രെ റസ്സലും ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നുകൊണ്ടാണ് ഗംഭീറും സംഘവും ചെപ്പോക്കില്‍ ഇന്ത്യയുടെ വിജയക്കൊടി നാട്ടിയത്. 268 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കരീബിയന്‍ പടയ്ക്ക് തുടക്കത്തില്‍ തന്നെ ഇര്‍ഫാന്‍ പത്താനില്‍ നിന്ന് പ്രഹരമേറ്റു. ആദ്യ ഓവറിലെ ആദ്യ പന്തില്‍ ലെന്‍ഡല്‍ സിമ്മണ്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിക്കൊണ്ടാണ് പത്താന്‍ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയത്. 4.1 ഓവറില്‍ പവ്വലിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് പത്താന്‍ കരീബിയന്‍ കോട്ട വിറപ്പിച്ചു. സാമുവല്‍സിനെയും മൊഹമ്മദിനെയും തിരിച്ചയച്ചുകൊണ്ട് അഭിമന്യു മിഥുനും തകര്‍ത്തെറിഞ്ഞപ്പോള്‍ വിന്‍ഡീസ് നിലംപരിശാവുകയാണെന്ന പ്രതീതിയുണര്‍ന്നു. പക്ഷേ, പൊള്ളാര്‍ഡും റസ്സലും ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പ് കരീബിയന്‍സിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. 99 റണ്‍സെടുത്ത് നില്‍ക്കെ വിരാട് കൊഹ്‌ലി വിട്ടുകളഞ്ഞ ക്യാച്ചാണ് പൊള്ളാര്‍ഡിന് ശതകം സമ്മാനിച്ചത്. 110 പന്തില്‍ നിന്ന് 119 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചുകൂട്ടിയത്.

42 പന്തില്‍ നിന്ന് 53 റണ്‍സ് സ്വന്തമാക്കിയ റസ്സലിനെ ഗംഭീര്‍ റണ്ണൗട്ടാക്കിയതാണ് കളിയിലെ വഴിത്തിരിവായത്. അനായാസകരമായ ബൗണ്ടറികളിലൂടെ പൊള്ളാര്‍ഡ് പോരാട്ടം തുടര്‍ന്നെങ്കിലും കൂട്ടിനെത്തിയവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.

സ്റ്റാര്‍ പ്ലെയര്‍ സെവാഗിനെയും ചെന്നൈയുടെ സ്വന്തം ആര്‍. അശ്വിനെയും ബൗളിങ്ങിലെ പ്രതീക്ഷയായ വിനയ്കുമാറിനെയും പുറത്തിരുത്തി മനോജ് തിവാരിയെയും റഹാനെയെയും ഇര്‍ഫാന്‍ പത്താനെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇന്ത്യ ചെപ്പോക്കിലെ പുല്‍മൈതാനിയില്‍ വിന്‍ഡീസിനെതിരെയുള്ള കലാശക്കളിക്കിറങ്ങിയത്.

ആദ്യ ഓവറിലെ രണ്ടും മൂന്നും പന്തില്‍ റഹാനെയും പാര്‍ത്ഥിവും കെമറിന് ഇരയായപ്പോള്‍ ഇന്ത്യന്‍ പരിക്ഷണം പാളുകയാണെന്ന പ്രതീതി ഉയര്‍ന്നതായിരുന്നു. പക്ഷേ, കെമറിന് ഹാട്രിക് നിഷേധിച്ചുകൊണ്ട് മനോജ് ഇന്ത്യയുടെ രക്ഷകനായി. അഭിശപ്തമായ ഇന്നിങ്‌സുകളുടെ നിഴലില്‍ നിന്ന് മനോജ്കുമാര്‍ തിവാരി വിമുക്തി നേടിയ ദിനമായിരുന്നു ഞായറാഴ്ച .പരിക്കുകള്‍ക്ക് കീഴടങ്ങാനുള്ളതല്ല ഈ ദിനമെന്ന് തിവാരി മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നു. റഹാനെയും പാര്‍ത്ഥിവും വന്ന വേഗത്തില്‍ മടങ്ങിയപ്പോള്‍ നായകനായ ഗംഭീറിനൊപ്പം ക്രിസില്‍ നങ്കൂരമിട്ടുകൊണ്ട് മനോജ് തന്റെ കരിയറിലെ ഏറ്റവും മനോഹരവുംഉജ്ജ്വലവുമായ പ്രകടനം പുറത്തെടുത്തു.

99 റണ്‍സിലെത്തി നില്‍ക്കെ സുനില്‍ നറെയ്‌നെ ബൗണ്ടറി കടത്തിക്കൊണ്ടാണ് മനോജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കന്നി ശതകം ആഘോഷിച്ചത്. ഒരു റണ്‍കൂടി എടുത്തശേഷം പരിക്ക് കാരണം മനോജ് പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ഇന്ത്യ 37.5 ഓവറില്‍ 201 റണ്‍സിലേക്കെത്തിയിരുന്നു.

മനോജും വിരാട് കൊഹ്‌ലിയും ചേര്‍ന്നാണ് ഇന്ത്യയുടെ നില ഭദ്രമാക്കിയത്. 85 പന്തില്‍ നിന്ന് 80 റണ്‍സാണ് കൊഹ്‌ലി അടിച്ചെടുത്തത്.

കെമര്‍ റോഷും സുനില്‍ നറെയ്‌നും അന്തൊണി മാര്‍ട്ടിനുമാണ് വിന്‍ഡീസിന്റെ ബൗളിങ് നിരയില്‍ തിളങ്ങിയത്. മാര്‍ട്ടിനും റോഹും രണ്ട് വിക്കറ്റുകള്‍ വീതവും നറെയ്ന്‍ ഒരു വിക്കറ്റും കൊയ്തു. 10 ഓവറില്‍ ഒരു മെയ്ഡന്‍ സ്വന്തമാക്കിയ നറെയ്ന്‍ 41 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ: ഗംഭീര്‍ എല്‍.ബി.ഡബ്ല്യു. മാര്‍ട്ടിന്‍ 31, രഹാനെ എല്‍ബി.ഡബ്ല്യു.ബി. റോച്ചെ 0, പാര്‍ഥിവ് പട്ടേല്‍ ബി റോച്ചെ 0, തിവാരി റിട്ട. ഹര്‍ട്ട് 104, കോലി സി സാമുവല്‍സ് ബി മാര്‍ട്ടിന്‍ 80, രോഹിത് ശര്‍മ ബി നരെയ്ന്‍ 21, സുരേഷ് റെയ്‌ന നോട്ടൗട്ട് 16, ഇര്‍ഫാന്‍ റണ്ണൗട്ട് 4, എക്‌സ്ട്രാസ് 11. ആകെ (50 ഓവറില്‍ ആറിന്) 267. വിക്കറ്റ്‌വീഴ്ച: 1-1, 2-1, 3-84, 4-241, 5-250, 6-267. ബൗളിങ്: റോച്ചെ 8-0-46-2, റസല്‍ 6-0-31-0, നരെയ്ന്‍ 10-1-41-1, സമ്മി 5-0-28-0, മാര്‍ട്ടിന്‍ 10-0-47-2, സാമുവല്‍സ് 9-0-54-0, പൊള്ളാര്‍ഡ് 2-0-14-0.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.