കോല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളി നഴ്സുമാര്‍ക്കു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അശുപത്രിയിലെ രോഗികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അകാല മൃത്യു സംഭവിച്ച ഉഴവൂര്‍ മാച്ചേരില്‍ രമ്യ രാജപ്പന് (24), കോതനല്ലൂര്‍ പുളിക്കല്‍ വിനീത (23) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രമുഖരും ഉള്‍പ്പെടെ വന്‍ജനാവലി സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
രമ്യയുടെ സംസ്കാരം ഇന്നലെ ഉച്ചയ്ക്കു12-നു വീട്ടുവളപ്പിലും വിനീതയുടെ സംസ്കാരം ഉച്ചകഴിഞ്ഞു മൂന്നിനു കുറുമള്ളൂര്‍ സെന്റ് മേരീസ് പാറേല്‍ പള്ളിയിലും നടത്തി. രമ്യയുടെ സംസ്കാരത്തിനു മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ജോസ് കെ. മാണി എംപി, എംഎല്‍എമാരായ തോമസ് ഐസക്, സി.എഫ്. തോമസ്, ജില്ലാ കളക്ടര്‍ മിനി ആന്റണി തുടങ്ങിയവര്‍ എത്തി. പരേതയോടുള്ള ആദരസൂചകമായി ഇന്നലെ ഉച്ചവരെ ഉഴവൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു.
വിനീതയുടെ സംസ്കാരച്ചട ങ്ങിനു വിജയപുരം രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് നവസ് മുഖ്യകാര്‍മികത്വം വഹിച്ചു. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എംഎല്‍എമാരായ സി.എഫ്. തോമസ്,സുരേഷ്കുറുപ്പ്, ജില്ലാ കളക്ടര്‍ മിനി ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, പി.സി. തോമസ്, കെ.ജെ. തോമസ്, സ്റ്റീഫന്‍ ജോര്‍ജ,് പാലാ ആര്‍ഡിഒ ജോയി വര്‍ഗീസ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിനീതയോട് ആദരവിന്റെ സൂചകമായി കോതനല്ലൂരില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല