പ്രപഞ്ചോത്പത്തിയുടെ രഹസ്യങ്ങള്‍ തേടി യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണ ഏജന്‍സി (സേണ്‍) നടത്തുന്ന കണികാ പരീക്ഷണം സുപ്രധാന നേട്ടം കൈവരിച്ചെന്നു സൂചന. ദ്രവ്യത്തിന് പിണ്ഡം നല്കുന്ന അടിസ്ഥാനഘടകം എന്നു കരുതപ്പെടുന്ന ഹിഗ്സ് ബോസോണിന്റെ അസ്തിത്വത്തിനുള്ള പ്രാഥമിക തെളിവുകള്‍ ഗവേഷകര്‍ക്കു കിട്ടിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ നടക്കുന്ന സെമിനാറില്‍ ശാസ്ത്രജ്ഞര്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്കു പിണ്ഡം നല്കുന്നതെന്ത് എന്ന ചോദ്യത്തിനുത്തരമായാണ് ‘ഹിഗ്സ് ബോസോണ്‍’ എന്നൊരു മൗലികകണം കൂടിയുണ്ടെന്ന ആശയം ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ചത്. അതു തേടിയുള്ള അന്വേഷണത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുങ്കെിലും ഇതുവരെ അതു കണ്ടെത്താനായിട്ടില്ല. എല്ലായിടത്തുമുണ്ടെങ്കിലും കണ്ണില്‍പ്പെടാതെ പോകുന്ന ഈ കണത്തെ ശാസ്ത്രജ്ഞര്‍ ദൈവകണമെന്നു വിശേഷിപ്പിച്ചു.
പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന ‘സ്റ്റാന്‍ഡേര്‍ഡ് മോഡല്‍’ എന്ന സൈദ്ധാന്തിക പാക്കേജ് ശരിയാകണമെങ്കില്‍, ഹിഗ്സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കപ്പെട്ടേ തീരൂ. അതുകൊണ്ടുതന്നെ ഹിഗ്സ് ബോസോണിനു തെളിവുലഭിച്ചാല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടമായി അതു മാറും. എന്നാല്‍, ചൊവ്വാഴ്ച ശാസ്ത്രജ്ഞര്‍ കണ്ടെത്തല്‍ ഔപചാരികമായി പ്രഖ്യാപിക്കാനിടയില്ല. പ്രാഥമിക സൂചനകള്‍ മാത്രമാണ് ഇപ്പോള്‍ ലഭിച്ചതെന്നതുകൊണ്ട് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമേ അതുണ്ടാവൂ.
സ്വിറ്റ്സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ജനീവയ്ക്ക് സമീപം ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്ന പടുകൂറ്റന്‍ യന്ത്രം ഉപയോഗിച്ചാണ് കണികാ പരീക്ഷണം നടത്തുന്നത്. പ്രകാശവേഗത്തിനടുത്ത് എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ യന്ത്രത്തിനുള്ളിലൂടെ വിപരീത ദിശകളില്‍ പായിച്ച് അത്യുന്നതോര്‍ജത്തില്‍ പരസ്പരം കൂട്ടിയിടിപ്പിച്ചാണ് പരീക്ഷണം. പ്രഞ്ചോത്പത്തിക്ക് കാരണമായ മഹാവിസേ്ഫാടനം കഴിഞ്ഞ് തൊട്ടടുത്ത സെക്കന്‍ഡിന്റെ ആദ്യത്തെ കോടിയിലൊരംശം വരുന്ന സമയത്തെ അവസ്ഥ പുനര്‍സൃഷ്ടിക്കുകയാണ് ഇതുവഴി ചെയ്യുന്നത്.
മനുഷ്യന് നിര്‍മിച്ച ഏറ്റവും വലിയ യന്ത്രമായ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡറില്‍ 2008 സപ്തംബര്‍ പത്തിനാണ് കണികാപരീക്ഷണം തുടങ്ങിയത്. യന്ത്രത്തകരാറു കാരണം ഏതാനും ദിവസത്തിനകം അതു നിര്‍ത്തിവെക്കേണ്ടിവന്നു. 14 മാസത്തെ ഇടവേളയ്ക്കുശേഷം 2009 നവംബര്‍ 20-ന് പരീക്ഷണം വീണ്ടും തുടങ്ങി. കഴിഞ്ഞ വര്‍ഷം നവംബര്‍ 23-നാണ് അതിലൂടെ കണികാധാരകള്‍ ആദ്യമായി എതിര്‍ദിശയില്‍ സഞ്ചരിച്ചത്.
കൊളൈഡറിലെ പ്രോട്ടോണുകളുടെ കൂട്ടിയിടിയെ ത്തുടര്‍ന്നുണ്ടാകുന്ന ഫലങ്ങള്‍ അതിസൂക്ഷ്മ സെന്‍സറുകളിലൂടെ ശേഖരിച്ച് സാധാരണ ഇന്റര്‍നെറ്റിന്റെ പതിനായിരം ഇരട്ടി വേഗമുള്ള പ്രത്യേക കമ്പ്യൂട്ടര്‍ ഗ്രിഡിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പരീക്ഷണത്തിനായി മാത്രം സ്ഥാപിച്ചിട്ടുള്ള ലക്ഷത്തിലധികം വരുന്ന കമ്പ്യൂട്ടറുകളിലെത്തിച്ച് വിശകലനം ചെയ്താണ് നിഗമനങ്ങളിലെത്തുന്നത്. 15 വര്‍ഷമെങ്കിലും നീളുന്ന പരീക്ഷണത്തിന്റെ രണ്ടാംഘട്ടം 2013-ലേ തുടങ്ങൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല