അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ കുഞ്ഞ് ജനിയ്ക്കുകയെന്നത് ചിലപ്പോഴെങ്കിലും നമ്മള് കേട്ടിട്ടുള്ള സംഭവമാണ്. എന്നാല്‍ അച്ഛന് മരിച്ച് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജന്മദിനത്തില് ഒരു കുഞ്ഞ് ജനിക്കുകയെന്നതാണ് അതിനെ മിറക്കിള്‍ എന്നാവും നമ്മള് വിശേഷിപ്പിക്കുക.
ഈ അത്ഭുതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് റിത ഡി ബെല്ലോ എന്ന നാല്‍പ്പതുകാരി. അഞ്ചുവര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിന്റെ കുഞ്ഞിന് അദ്ദേഹത്തിന്റെ ജന്മദിനത്തില് ജന്മം നല്‍കിയിരിക്കുകയാണ് റിത.
2009ലാണ് റിതയുടെ ഭര്‍ത്താവ് മൈക്കല്‍ ഡി ബെല്ലോ ബ്രിട്ടനില്‍ വച്ച് കാന്‍സര്‍ ബാധയെത്തുടര്‍ന്ന് മരിച്ചത്. ഭര്‍ത്താവ് മരിച്ച് കുറച്ചുകാലം കഴിഞ്ഞപ്പോള്‍നേരത്തേ ശീതീകരിച്ച് സൂക്ഷിച്ച ഭര്‍ത്താവിന്റെ ബീജവുമായി ഒരു കുഞ്ഞിനെ സ്വന്തമാക്കാനായി റിത യുകെയിലും തുര്‍ക്കിയിലെയും ചികിത്സാ കേന്ദ്രങ്ങള്‍ കയറിയിറങ്ങി.
രണ്ടിടത്തെയും ചികിത്സകള്‍ ഫലിയ്ക്കാതെ വന്നപ്പോള്‍ റിത ഭര്‍ത്താവിന്റെ ബീജ സാംപിളുകളുമയി യുകെയില്‍ നിന്നും അഹമദാബാദിലെത്തി. തങ്ങളുടെ സ്നേഹത്തിന്റെ പ്രതീകമായി ഒരു കുഞ്ഞുവേണമെന്ന അടങ്ങാത്ത ആഗ്രഹമാണ് നാല്പതാം വയസ്സില്‍ മരിച്ചുപോയ ഭര്‍ത്താവിന്റെ കുഞ്ഞിന് ജന്മം നല്കിയപ്പോള് റിത സഫലീകരിച്ചത്. നവംബര്‍ 5നാണ് റിത ബ്രിട്ടനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
മകള്‍ക്ക് റിത മിഗ്വേലയെന്നാണ് പേരിട്ടിരിക്കുന്നത്. ദൈവത്തിന്റെ സമ്മാനമെന്ന് അര്‍ഥം വരുന്ന ഇറ്റാലിയന്‍ വാക്കാണിത്. എന്റെ മകള്‍ തീര്‍ച്ചയായും ദൈവത്തിന്റെ സമ്മാനം തന്നെയാണ്. നാല്പതാം വയസ്സിലെ എന്റെ പ്രസവം സാധാരണപ്രസവമായതും അത്ഭുതമാണ്. മൈക്കലിന്റെ ജന്മദിനത്തില്‍ത്തന്നെ ഇവര്‍ ജനിച്ചതില്‍ ഞാനേറെ സന്തോഷവതിയാണ്- റിത പറയുന്നു.
ഭര്‍ത്താവിന്റെ ബീജമുപയോഗിച്ച് ഐവിഎഫ് വഴി ഗര്‍ഭിണിയാകാനായി യുകെയില്‍വച്ച് റിത നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. പിന്നീടാണ് ഇവര്‍ അഹമദാബാദിലെത്തി വീണ്ടും ഇതിനായി ചികിത്സ തേടുന്നത്.
ആദ്യത്തെ ശ്രമം പരാജയമായിരുന്നു. പക്ഷേ രണ്ടാമത്ത ശ്രമം ഫലം കണ്ടു. 2011 ഫെബ്രുവരിയില്‍ ഡോക്ടര്‍ ഐവിഎഫ് വഴി മൈക്കലിന്റെ ബീജം റിതയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. ഇത് ഫലിയ്ക്കുകയും ഗര്‍ഭധാരണം നടക്കുകയും ചെയ്തു.
യുകെയില്‍ സര്‍ക്കാര്‍ വകുപ്പില്‍ ജോലിചെയ്യുന്ന റിത 2001ലാണ് ഇറ്റലിക്കാരനായ എന്‍ജിനീയര്‍ മൈക്കലിനെ വിവാഹം ചെയ്തത്. രക്താര്‍ബുദത്തെത്തുടര്‍ന്ന് 2006ലാണ് മൈക്കല്‍ മരിച്ചത്. ജീവിതത്തില്‍ മറ്റൊരു പുരുഷനെയും ഇത്രകണ്ട് സ്നേഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ രണ്ടാമതൊരു വിവാഹം വേണ്ടെന്നുവച്ചതെന്ന് റിത പറയുന്നു. മകളുടെ രൂപത്തില്‍ അദ്ദേഹമിപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്- റിത പറയുന്നു.
റിതയുടെ അണ്ഡത്തില് ബീജാദാനം നടത്തിയശേഷമാണ് അത് അവരുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചതെന്ന് ചികിത്സ നടത്തിയ ഭവിഷി ഫെര്‍ട്ടിലിറ്റി സെന്ററിലെ ഡോക്ടര്‍ പറയുന്നു. മരിച്ചുപോയ ഭര്‍ത്താവിന്റെ കുഞ്ഞിന് ജന്മം നല്‍കണമെന്ന ആഗ്രഹവുമായെത്തിയ റിതയോട് വല്ലാത്ത അനുകമ്പയും സ്നേഹവും തോന്നിയെന്നും ഡോക്ടര്‍ പറയുന്നു.
കീമോതെറാപ്പിയ്ക്ക് വിധേയരാക്കുന്നതിന് മുമ്പ് കാന്‍സര്‍ ബാധിച്ച പുരുഷന്മാരുടെ ബീജ സാംപിളുകള്‍ ശീതികരിച്ച് സൂക്ഷിക്കുന്നത് യുകെയില്‍ പതിവാണ്. ചികിത്സ കഴിഞ്ഞ് വന്ധ്യത പ്രശ്നങ്ങളുണ്ടായാല്‍ ഉപയോഗിക്കാന്‍ വേണ്ടിയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല