സൗദിയില്‍ മന്ത്രവാദ രീതികള്‍ പരിശീലിച്ച യുവതിയുടെ ശിരച്ഛേദം സംഭവം നിഷ്ഠൂരമാണെന്നുംവധശിക്ഷ അടിയന്തരമായി നിരോധിയ്‌ക്കേണ്ട ആവശ്യകതയാണ് ഇതിലൂടെ തെളിയുന്നതെന്നും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി. നിരോധിച്ച മന്ത്രാവദരീതികള്‍ പരിശീലിച്ചുവെന്നാരോപിച്ച് സൗദിയിലെ വടക്കന്‍ പ്രവിശ്യയായ ജ്വാഫിലാണ് ആമിന ബിന്റ് അബ്ദുള്‍ ഹാലിം നസിര്‍ എന്ന യുവതിയുടെ തലവെട്ടിയത്.
സൗദിനിയമവ്യവസ്ഥയനുസരിച്ച് ദുര്‍മന്ത്രവാദവും ആഭിചാരവും കുറ്റങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന് ആനംസ്റ്റിയുടെ മധ്യേഷ്യന്‍ ഡയറക്ടര്‍ ഫിലിപ്പ് ലൂഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചെയ്തികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്നത് അതിക്രൂരമാണ്. ഇപ്പോഴത്തെ വധശിക്ഷയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
സൗദിയില്‍ വര്‍ദ്ധിയ്ക്കുന്ന വധശിക്ഷകള്‍ അലോസരപ്പെടുത്തുന്നതാണെന്നും ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സൗദി അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ആംനെസ്റ്റി പ്രതിനിധി വെളിപ്പെടുത്തി.
വിവിധ കുറ്റങ്ങള്‍ ചെയ്ത 79 പേരെയാണ സൗദിയില്‍ ഇക്കൊല്ലം വധിച്ചത്. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം വീടിന് തീവച്ച സംഭവത്തില്‍ ഒക്‌ടോബറില്‍ ഒരു യുവതിയുടെ തലവെട്ടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നേരത്തെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് സെപ്റ്റംബറില്‍ ഒരു സുഡാന്‍കാരനെ വധിച്ചിരുന്നു. ആംനെസ്റ്റിയുടെ കണക്കനുസരിച്ച് 140 പേരാണ് സൗദിയില്‍ വധശിക്ഷകാത്തുകഴിയുന്നത്.
2010ല്‍ അന്താരാഷ്ട്രതലത്തില്‍ വധശിക്ഷ നിരോധിക്കണമെന്ന യുഎന്‍ പ്രമേയത്തെ സൗദി അറേബ്യ ശക്തിയായി എതിര്‍ത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല