പാകിസ്താനിലെ മദ്രസയില്‍ അന്‍പതില്‍ അധികം വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം ഭക്ഷണം നല്‍കാതെ ചങ്ങലയില്‍ പൂട്ടിയിട്ടു. സംഭവം അറിഞ്ഞെത്തിയ പോലീസ് വിദ്യാര്‍ഥികളെ മോചിപ്പിക്കുകയും രണ്ട് അധ്യാപകരെ അറസ്റ്റുചെയ്യുകയും ചെയ്തു. മദ്രസ മേധാവി ഓടി രക്ഷപ്പെട്ടു.
കറാച്ചിയില്‍ മധ്യ സൊഹ്‌റാബ് ഗോത് മേഖലയിലെ മദ്രസയിലാണ് 12 വയസ്സുമുതലുള്ള വിദ്യാര്‍ഥികളെ ചങ്ങലയില്‍ പൂട്ടിയിട്ടത്. താലിബാന്‍ സംഘടനയില്‍ ചേരാന്‍ വിസമ്മതിച്ചതിനാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മയക്കുമരുന്നിനടിമപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തിച്ച വിദ്യാര്‍ഥികളെ ചികിത്സാര്‍ഥമാണ് ചങ്ങലയില്‍ പൂട്ടിയിട്ടതെന്നാണ് പാകിസ്താന്‍ പോലീസ് പറയുന്നത്.
താലിബാന്‍ തീവ്രവാദികള്‍ മദ്രസയില്‍ പതിവായി വരാറുണ്ടെന്നും വിശുദ്ധ യുദ്ധത്തിനായി സജ്ജമാകാന്‍ ആവശ്യപ്പെട്ടുവെന്നും മോചിതനായ ഒരു വിദ്യാര്‍ഥി പറഞ്ഞു. പാകിസ്താനിലെ ചില മദ്രസകള്‍ തിവ്രവാദ പരിശീലനകേന്ദ്രങ്ങളാണെന്ന ആരോപണം നിലനില്‍ക്കവെയാണ് ഈ സംഭവം. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താന്‍ അഭ്യന്തരമന്ത്രി ഉത്തരവിട്ടു. ഇതിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടെന്നുള്ള ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല