ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിയുടെ (ഡിവിഎല്‍എ) 39 റീജിയണല്‍ ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചതായി റോഡ്‌സ് മിനിസ്റ്റര്‍ മൈക്ക് പെനിംഗ് അറിയിച്ചു. ഡി വി എല്‍ എയുടെ കീഴിലുള്ള സേവനങ്ങള്‍ പല റീജിയണല്‍ സെന്ററുകളിലായി പ്രവര്‍ത്തിക്കുന്നതൊഴിവാക്കി ഇതിന്റെ കീഴിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സ്വാന്‍സിയയിലുള്ള കേന്ദ്ര ഏജന്‍സിയുമായി ഒരുമിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ വഴി കൂടുതല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിനുമാണ് പുതിയ നടപടി പ്രകാരം ശ്രമിക്കുന്നത്.
ഇതു നടപ്പിലായാല്‍ 2013ല്‍ തന്നെ ഡി വി എല്‍ എയുടെ വരുമാനത്തില്‍ 28 ദശലക്ഷം പൌണ്ടിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഡി വി എല്‍ എയുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും എളുപ്പത്തിലാക്കുന്നതിനും വാഹന ഉടമകള്‍ക്കും ബിസിനസ്സുകാര്‍ക്കും വളരെ വേഗം തങ്ങള്‍ക്കാവശ്യമായ സേവനം ലഭ്യമാക്കാന്‍ ഈ നടപടി വഴി സാധിക്കുമെന്നും റോഡ് മിനിസ്റ്റര്‍ മൈക്ക് പെനിംഗ് അറിയിച്ചു.
എന്നാല്‍ ഈ നടപടി ധാരാളം വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ക്രിസ്മസ്സിന് ദിവസ്സങ്ങള്‍ ശേഷിക്കേ ഇങ്ങനെ ഒരു നടപടി എടുക്കുന്നത് അവിടെ ജോലി ചെയ്തിരുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പബ്ലിക് കൊമേഴ്‌സ്യല്‍ സര്‍വ്വീസ് യൂണിയന്‍ പ്രതിനിധി മാര്‍ക് സെര്‍വോത്ക അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല