ഫിഫ ക്ളബ് ലോകകപ്പ് ഫൈനലില്‍ ബ്രസീല്‍ ടീം സാന്തോസിന്റെ എതിരാളി സ്പാനിഷ് വമ്പന്‍ ബാഴ്സലോണ. രണ്ടാം സെമി ഫൈനലില്‍ അല്‍ -സാദിനെ എതിരില്ലാത്ത നാലു ഗോളിനു കീഴടക്കിയാണ് ബാഴ്സ ഫൈനല്‍ പ്രവേശം സാധ്യമാക്കിയത്. ബ്രസീല്‍ താരം അഡ്രിയാനൊയുടെ ഇരട്ട ഗോളിന്റെ പിന്‍ബലമാണ് സ്പാനിഷ് ടീമിന്റെ ആധികാരിക ജയത്തിനു പിന്നില്‍. മത്സരത്തിനിടെ ഡേവിഡ് വിയ്യയ്ക്കു പരിക്കേറ്റത് ബാഴ്സയ്ക്കു തലവേദനയായി. ഫൈനലില്‍ വിയ്യയ്ക്കു കളിക്കാനായേക്കില്ല.
യോക്കോഹാമ രാജ്യാന്തര സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തിന്റെ ആദ്യന്തം ബാഴ്സയ്ക്കായിരുന്നു മേധാവിത്വം. ആദ്യ പകുതിയില്‍ത്തന്നെ രണ്ടു ഗോള്‍ നേടി അഡ്രിയാനൊ ബാഴ്സയ്ക്ക് മുന്‍തൂക്കം നല്കി. 24, 42 മിനിറ്റുകളിലായിരുന്നു അഡ്രിയാനൊയുടെ ഗോള്‍ പിറന്നത്. ഇടതു വിംഗില്‍ നിന്ന് പെഡ്രൊ നല്കിയ ക്രോസ് ക്ളിയര്‍ ചെയ്യുന്നതില്‍ എതിരാളി പരാജയപ്പെട്ടതില്‍ നിന്ന് അഡ്രിയാനൊ ബാഴ്സയുടെ ആദ്യ ഗോള്‍ നേടി.
പെദ്രൊയുടെ ക്രോസ് അല്‍ -സാദിന്റെ നാദിര്‍ ബെല്‍ഹാദി പിടിച്ചെടുത്തു. ബെല്‍ഹാദി പന്ത് ഗോള്‍ കീപ്പറിനു നല്കിയെങ്കിലും പന്തു പിടിച്ചെടുത്ത അഡ്രിയാനൊ ക്ളോസ് റേഞ്ചില്‍ നിന്നു തൊടുത്ത ഷോട്ട് വലകുലുക്കുകയായിരുന്നു. 43 -ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്നും അഡ്രിയാനൊ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് ബാഴ്സയ്ക്ക് 2-0 ന്റെ ലീഡ് സമ്മാനിച്ചു. മൂന്നാം ഗോളിനു വഴിയൊരുക്കിയത് ലയണല്‍ മെസിയായിരുന്നു.
64-ാം മിനിറ്റില്‍ മെസിയുടെ പാസ് കെയ്റ്റയ്ക്ക്. പന്ത് ഗോളിലേക്ക് തിരിച്ചുവിടേണ്ട ചുമതല സെയ്ദ് കെയ്റ്റ ഭംഗിയായി നിര്‍വഹിച്ചു. ബാഴ്സലോണ -3, അല്‍- സാദ്-0. 81-ാം മിനിറ്റില്‍ മാക്സ്വെല്‍ ബാഴ്സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ടൈറ്റ് ആംഗിളില്‍ നിന്നും മാക്സ്വെല്‍ തൊടുത്ത ഷോട്ട് തടുക്കാന്‍ അല്‍ സാദ് ഗോളി മുഹമ്മദ് സഗറിനു സാധിച്ചില്ല.
ഫലം 4-0 ന്റെ ജയത്തോടെ ബാഴ്സ ഫൈനലില്‍. അതേസമയം, മെസിക്ക് ഈ മത്സരത്തില്‍ അധികം തിളങ്ങാനായില്ല. 56 മത്സരങ്ങളില്‍ ഈ വര്‍ഷം കളിച്ച മെസി ഇതുവരെ 53 ഗോളുകള്‍ നേടിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം മെസി എതിര്‍വല കുലുക്കിയത് 58 തവണയാണ്. ഇനിയും ഏതാനും മത്സരങ്ങള്‍ ഉണ്െടന്നിരിക്കേ ഈ സംഖ്യ മറികടക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. 3-1 ന് കിഷിവ റെയ്സോളിനെ കീഴടക്കിയാണ് നെയ്മറിന്റെ ക്ളബായ സാന്തോസ് ഫൈനലില്‍ എത്തിയത്. ഞായറാഴ്ചയാണ് ഫൈനല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല