2016 മുതല്‍ ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) നല്കുമെന്നു പ്രസിഡന്റ് ദിമിത്രി മെദ്വദേവ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ കമ്പനിയായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് റഷ്യന്‍ എണ്ണപ്പാടമായ സഖാലിന് 1 ബ്ളോക്കില്‍ വിജയകരമായി നടത്തിവരുന്ന പ്രവര്‍ത്തനത്തെപ്പറ്റി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് മെദ്വദേവും ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും ഇരുരാജ്യങ്ങളിലെയും വന്‍കിട കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ യോഗത്തെ അഭിസംബോധന ചെയ്തു. സഖാലിന് ബ്ളോക്കില്‍ ഒഎന്‍ജിസിക്ക് 20% ഓഹരി പങ്കാളിത്തമുണ്ട്. ഇവിടെ 30.7 കോടി ബാരല്‍ ക്രൂഡോയിലും 485 കോടി ക്യൂബിക് മീറ്റര്‍ വാതക ശേഖരവും ഉണ്െടന്നു കണക്കാക്കുന്നു. വിവിധ ഇന്ത്യന്‍ കമ്പനികള്‍ക്കു പ്രകൃതിവാതകം നല്‍കാനുള്ള കരാറില്‍ റഷ്യന്‍ വാതക കമ്പനി ഗ്രാസ്പ്രോം ഒപ്പുവച്ചുകഴിഞ്ഞു.
പ്രകൃതിവാതകത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ വര്‍ധിച്ച ആവശ്യത്തെ ഗ്രാസ്പ്രോം ഗൌരവമായാണു കാണുന്നതെന്നു കമ്പനി സിഇഒ അലക്സി മില്ലര്‍ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. ഈസ്റേണ്‍ ഗ്യാസ് പ്രോഗ്രാമിന്റെ കീഴിലായിരിക്കും വാതകം കയറ്റുമതി ചെയ്യുന്നത്. റഷ്യയില്‍ എണ്ണ, വാതക പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ വിവിധ ഇന്ത്യന്‍ കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്െടന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അറിയിച്ചു.
2020 ഓടെ ഇന്ത്യയുടെ വാതക ആവശ്യം ഇപ്പോഴുള്ളതിനേക്കാള്‍ 70% വര്‍ധിക്കുമെന്നാണു കരുതുന്നത്. റഷ്യന്‍ അധീനത്തിലുള്ള ആര്‍ട്ടിക് എണ്ണ വാതക മേഖലയായ യമാലില്‍ സ്വതന്ത്ര കമ്പനിയായ നൊവാടെകും ഫ്രഞ്ച് കമ്പനിയായ ടോട്ടലും ചേര്‍ന്നു നടത്തുന്ന സംയുക്ത സംരംഭത്തില്‍ പങ്കാളിയാകാന്‍ ഒഎന്‍ജിസി ശ്രമം നടത്തിവരികയാണ്. യമാല്‍ പട്ടണമായ സബേറ്റയില് തുറമുഖവും ഐസ് ക്ളാസ് ടാങ്കര്‍ താവളവും നിര്‍മിക്കാന്‍ നോവാടെക് തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല