രോഗികളുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ട് മരിച്ച രോഗികളുടെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. കൃത്യമായ ചികിത്സയും ആഹാരവും നല്‍കാത്തതിനെത്തുടര്‍ന്നാണ് മിക്കവാറും പേരും മരിച്ചതെന്നാണ് ബന്ധുക്കള്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. ഒരു മുപ്പത്തിയഞ്ചുകാരന്‍ മരണമടഞ്ഞത് ആഹാരത്തിനുള്ള ട്യൂബ് കൃത്യമായി ഇടാതിരുന്നതിനെത്തുടര്‍ന്നാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയാണ് അലസാന്‍ഡ്ര ആശുപത്രിയിലെ മിക്കവാറും മരണങ്ങളും ഉണ്ടായിട്ടുള്ളത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇരുപത്തിമൂന്നുപേരുടെ ബന്ധുക്കളാണ് ഇപ്പോള്‍ ആശുപത്രിക്കെതിരെ കേസെടുക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. അലക്സാന്‍ഡ്ര ആശുപത്രി രോഗികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ ഒട്ടും താല്‍പര്യം കാണിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഒരു റിട്ടയേര്‍ഡ് എന്‍എച്ച്എസ് ഉദ്യോഗസ്ഥന്‍ മരിച്ചത് ആശുപത്രി അധികൃതര്‍ കൃത്യമായിട്ട് ഭക്ഷണം കൊടുക്കാത്തത് കൊണ്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ഹൃദയസംബന്ധമുള്ള ഗുരുതരമായ അസുഖമായിട്ടും കൃത്യമായ ചികിത്സവും ആഹാരവും കിട്ടിയിട്ടില്ല എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. അതുപോലെതന്നെ കോമ അവസ്ഥയില്‍ കിടന്നിരുന്ന ഒരാളുടെ മരണത്തിനു കാരണവും ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണവും ശക്തമാണ്.
ദേശീയ ശരാശരിയെക്കാളും പത്ത് ശതമാനത്തോളം കൂടുതലാണ് ഈ ആശുപത്രിയിലെ മരണനിരക്ക് എന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. പ്രായമായവരെ ആശുപത്രികളില്‍ കാര്യമായി പരിഗണിക്കുന്നില്ലെന്ന് നേരത്തെതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ആ പരാതികളുടെ കൂട്ടത്തിലാണ് ഇപ്പോഴത്തെ ആരോപണവും ഉയരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല