പാക് നടിയും മോഡലും ബോളിവുഡ് താരവുമായ വീണാ മാലിക്കിനെ കാണാതായതായി പരാതി. മുംബൈയിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് വെള്ളിയാഴ്ച മുതലാണ് വീണയെ കാണാതായതെന്ന് വീണയുടെ മാനേജര്‍ പ്രതിക് മേത്ത പറഞ്ഞു. വീണയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മുംബൈ ഫിലിം സിറ്റിയില്‍ ‘മുംബൈ 125 കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു വീണാ മാലിക്.
വെള്ളിയാഴ്ച ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോയശേഷം താന്‍ അസ്വസ്ഥയാണെന്നും അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് വീണ തനിക്ക് എസ്എംഎസ് സന്ദേശം അയച്ചിരുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ ഹേമന്ദ് മധുകര്‍ പറഞ്ഞു. ഉടനെ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. അതേസമയം വീണയെ കാണാതായ സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റര്‍ ചെയ്തിട്ടില്ലെന്ന് ബാന്ദ്ര പോലീസ് പറഞ്ഞു. ഒത്തുകളി വിവാദത്തില്‍ ശിക്ഷിക്കപ്പെട്ട പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിന്റെ കാമുകിയായിരുന്ന വീണാ മാലിക്, ആസിഫിന് ഒത്തുകളിയുമായി ബന്ധമുണ്ടെന്ന് പരസ്യമായി വിളിച്ചുപറഞ്ഞതിലൂടെയാണ് ശ്രദ്ധയാകര്‍ഷിച്ചത്.
ഇന്ത്യന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ പങ്കെടുത്തതിലൂടെ ഇന്ത്യയിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച വീണാ മാലിക്ക് പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളിലും നായികയായി. ഫാഷന്‍ മാഗസിനായ എഫ്എച്ച്എം മാഗസിന്റെ ഇന്ത്യന്‍ പതിപ്പിലെ കവര്‍ പേജില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ട് ആരാധകരെ ഞെട്ടിച്ച വീണാ മാലിക്കിനെതിരെ മുസ്ളീം പണ്ഡിതര്‍ രംഗത്തെത്തിയിരുന്നു.
ഫോട്ടോയുടെ പേരില്‍ തനിക്ക് വധഭീഷണിയുണ്െടന്നും സമൂഹം മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വീണ മാലിക് പരാതിപ്പെട്ടിരുന്നു. ഫാഷന്‍ മാഗസിന്റെ കവര്‍ പേജിനായി നഗ്നയായി പോസ് ചെയ്തിട്ടില്ലെന്നും ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും വീണ പിന്നീട് വ്യക്തമാക്കിയിരുന്നു. ബോളിവുഡ് താരം രാഖി സാവന്ത് അവതരിപ്പിച്ചിരുന്ന ജനപ്രിയ റിയാലിറ്റി ഷോ ആയ സ്വയംവറില്‍ അവതാരകയാകാനിരിക്കുകയായിരുന്നു വീണാ മാലിക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല