സൂചികൊണ്ടെടുക്കേണ്ടതു തൂമ്പകൊന്ടെടുക്കുക എന്ന ശൈലിക്കു മുല്ലപ്പെരിയാര്‍ പ്രശ്നത്തോളം യോജിക്കുന്ന ഉദാഹരണം അടുത്ത കാലത്തുണ്ടായിട്ടില്ല. സൂചികൊണ്െടടുക്കാമായിരുന്ന മുല്ലപ്പെരിയാര്‍ പ്രശ്നം ഇപ്പോള്‍ തൂമ്പ കൊണ്െടടുത്താലും തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കാലപ്പഴക്കം ചെന്ന ഒരു ഡാം തകര്‍ന്നുണ്ടാകുന്ന ദുരന്തം ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന ആശങ്കയില്‍നിന്നുയര്‍ന്ന പ്രശ്നം രണ്ടു സംസ്ഥാനങ്ങളും രണ്ടു ഭാഷകള്‍ സംസാരിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലോളം വളര്‍ന്നിരിക്കുന്നു. വേണ്ടകാര്യങ്ങള്‍ വേണ്ടസമയത്തു ചെയ്യാത്ത ഭരണനേതൃത്വവും അപക്വമായ നടപടികളിലൂടെ തിണ്ണമിടുക്കു കാട്ടാനിറങ്ങിയ ചിലരുമാണ് ഇതിന് ഉത്തരവാദികളും ഉത്തരം പറയേണ്ടവരും.
എന്തൊക്കെയായാലും മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ അന്തിമവിധി എന്തായിരിക്കും എന്നു പ്രവചിച്ച ചിദംബര പ്രവാചകനു നന്ദി. കേരളത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പു നടക്കാനുണ്ട്. അത് എത്രയും വേഗം നടത്തിയാല്‍ അത്രയും വേഗം മുല്ലപ്പെരിയാര്‍ സമരം കേരളത്തില്‍ അവസാനിക്കും എന്നുകൂടി ആ പ്രവാചകന്‍ പറഞ്ഞുവച്ചപ്പോള്‍ താന്‍ വെറുമൊരു പ്രവാചകന്‍ മാത്രമല്ല, കേരള രാഷ്ട്രീയക്കാരുടെ മനസറിയുന്ന മനഃശാസ്ത്രജ്ഞന്‍കൂടിയാണെന്നു പി. ചിദംബരം എന്ന തനി തമിഴ് രാഷ്ട്രീയക്കാരന്‍ മലയാളി രാഷ്ട്രീയക്കാരെ അറിയിച്ചിരിക്കുകയാണ്. എന്തായാലും ഈ പ്രവചനവും മനഃശാസ്ത്ര വിശകലനവും കേരളത്തിന് അപാര നേട്ടമുണ്ടാക്കി.
കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരെയും ഈ ഒരു രാഷ്ട്രീയ നൂലില്‍-ചിദംബര വിരോധമെന്ന രാഷ്ട്രീയ നൂലില്‍-അതു ബലഹീനമാണെങ്കില്‍ത്തന്നെ, കോര്‍ത്തിണക്കി. ചിദംബരത്തെ കേന്ദ്രമന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് ഏതാണ്ട് ഏകസ്വരത്തില്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു, നമ്മുടെ കേന്ദ്രമന്ത്രിമാരൊഴികെ. ചിദംബരത്തിന്റെ രാജി ആവശ്യപ്പെടാന്‍ തയാറല്ലാത്തവര്‍ ഹൈക്കമാന്‍ഡില്‍ പരാതിപ്പെടും, പ്രധാനമന്ത്രിയെ ബോധിപ്പിക്കുമെന്നൊക്കെപ്പറഞ്ഞു പ്രതിഷേധം കാണിക്കുന്നുണ്ട്, വഴക്കടിക്കുന്ന സഹോദരന്മാരില്‍ അടിയേല്‍ക്കുന്നവന്‍ ‘അമ്മച്ചിയോടു പറയുമെന്നു’ ഭീഷണിപ്പെടുത്തുന്നതുപോലെ! അതെന്തായാലും ഇത്രയുമെങ്കിലും ഐക്യം ഒരു പൊതുപ്രശ്നത്തില്‍ കേരള രാഷ്ട്രീയക്കാരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ ബഹുമാന്യനായ കേന്ദ്രമന്ത്രിയും തമിഴ്രാഷ്ട്രീയക്കാരനുമായ ചിദംബരത്തോടു കേരളത്തിലെ സാമാന്യജനതയ്ക്കു നന്ദിയുണ്ട്, കടപ്പാടുണ്ട്!
പ്രവചനത്തില്‍ ചിദംബരം പരാജയപ്പെടട്ടെയെന്ന് ആഗ്രഹിക്കുകയല്ലാതെ എന്തുചെയ്യും? ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെക്കണ്ട്, അദ്ദേഹത്തിനു നമ്മുടെ പ്രശ്നത്തില്‍ ഇടപെടാന്‍ അനുകൂലസാഹചര്യം സൃഷ്ടിച്ചുകൊടുക്കുമെന്ന് ഉറപ്പുംനല്‍കി പുറത്തുവന്നവര്‍ ഇപ്പോള്‍ വാക്കു പാലിക്കാനും വയ്യ, പാലിക്കാതിരിക്കാനും വയ്യ എന്ന സ്ഥിതിവിശേഷത്തില്‍പ്പെട്ടു നട്ടംതിരിയുകയാണ്. സര്‍വകക്ഷി സന്ദര്‍ശനാനന്തരം ഉണ്ടായ തീരുമാനത്തില്‍ രാഷ്ട്രീയക്കാര്‍ ഉറച്ചുനില്‍ക്കാത്തപക്ഷം അതു പ്രധാനമന്ത്രിക്കു നല്ലൊരവസരം സൃഷ്ടിച്ചുകൊടുക്കും, ഒഴിഞ്ഞുമാറാന്‍. നിങ്ങള്‍ വാക്കു പാലിക്കാത്തതുകൊണ്ട്, അനുകൂല സാഹചര്യം സൃഷ്ടിക്കാത്തതുകൊണ്ട്, തനിക്കൊന്നും ചെയ്യാനായില്ല എന്നു പറഞ്ഞു തലയൂരാന്‍ അദ്ദേഹത്തിന് അവസരം കൊടുക്കണമോയെന്നു വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ ആലോചിക്കുന്നതു കൊള്ളാം.
എന്തായാലും അനുകൂല സാഹചര്യസൃഷ്ടി ആവശ്യപ്പെട്ടത് ഇന്ത്യന്‍ പ്രധാനമന്ത്രിയല്ലേ? അനുകൂല സാഹചര്യം നിലവിലിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് അദ്ദേഹം അനങ്ങാപ്പാറ നയത്തിലൂടെ ഒഴിഞ്ഞുമാറിയെന്നുമൊക്കെ ന്യായമായി പരാതിപ്പെടാമെങ്കിലും ഇന്നിപ്പോള്‍ മൊത്തം സ്ഥിതിവിശേഷത്തില്‍ മാറ്റമുണ്ടായെന്നതു പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ടു താത്കാലിക രാഷ്ട്രീയലാഭം നോക്കാതെ എല്ലാവരും വിവേകം കാണിക്കേണ്ട അവസരമാണിത്.
ആ രാഷ്ട്രീയ വിവേകപ്രകടനത്തിന്റെ ഇടവേളയില്‍ സംസ്ഥാന ഗവണ്‍മെന്റിനും സംസ്ഥാന രാഷ്ട്രീയക്കാര്‍ക്കും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധസംഘടനാ നേതാക്കള്‍ക്കും വളരെവലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്. സുപ്രീംകോടതിയില്‍ മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് അക്കാര്യത്തിലേക്ക് അടുത്തകാലത്തു പലതവണ വിരല്‍ചൂണ്ടി. ആ വിരല്‍ചൂണ്ടലിനെ ഗൌരവത്തോടെ കേരളം കാണേണ്ടതുണ്ട്.
ചിദംബരത്തോടും കൂട്ടരോടും പ്രതിഷേധിച്ചു വിലപ്പെട്ട സമയവും സമ്പത്തും നഷ്ടമാക്കുന്നതിനു പകരം സുപ്രീംകോടതി ആവശ്യപ്പെട്ട കാര്യം കേരളം കാര്യക്ഷമതയോടെ ചെയ്യേണ്ട അവസരമാണിത്. ഉന്നതാധികാര സമിതിയില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ ഒരാളുണ്െടന്നും അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണു ചെയ്യേണ്ടതെന്നും സുപ്രീംകോടതി യാതൊരു സംശയത്തിനും ഇടംനല്‍കാത്തവിധം വീണ്ടും വീണ്ടും പറഞ്ഞുവച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ നിലപാടുകളും, സംസ്ഥാനത്തിന്റെ ആവശ്യങ്ങളും കേരളത്തിന്റെ പ്രതിനിധിക്ക് ആദ്യം ബോധ്യമാകണം.
സംസ്ഥാനത്തിന്റെ വാദഗതികളുടെ ശാസ്ത്രീയാടിത്തറ അദ്ദേഹത്തിനു ബോധ്യമാകത്തക്കവിധം വസ്തുതകള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ നമ്മുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും സാധിക്കണം. ഇതു രഹസ്യത്തില്‍ നടക്കേണ്ട കാര്യമല്ല; സുതാര്യമായിത്തന്നെ നടക്കണം. കേരളത്തിന്റെ പ്രതിനിധി ഉന്നതാധികാരസമിതിയിലും അതുവഴി സുപ്രീംകോടതിയുടെ മുമ്പിലും സ്വീകരിക്കാന്‍പോകുന്ന നിലപാട് എന്താണെന്നു ജനങ്ങള്‍ അറിഞ്ഞതുകൊണ്ടു കുഴപ്പമൊന്നുമില്ലല്ലോ. കുറഞ്ഞപക്ഷം, ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഗവണ്‍മെന്റും രാഷ്ട്രീയ നേതൃത്വവും അവതരിപ്പിക്കുന്ന ന്യായങ്ങള്‍ എന്തെന്നു രാപ്പകലുകള്‍ ഭീതിയോടെ തള്ളിനീക്കുന്ന ജനങ്ങള്‍ക്ക് അറിയാനെങ്കിലും കഴിയുമല്ലോ.
ഉന്നതാധികാരസമിതിയിലെ കേരള പ്രതിനിധി സുപ്രീംകോടതിയില്‍ കേരളത്തെ പ്രതിനിധീകരിക്കാനുള്ള വക്കീലല്ലെന്നു ജനങ്ങള്‍ക്കറിയാം. ഉന്നതാധികാരസമിതിയുടെ ചുമതല സുപ്രീംകോടതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്നതു മാത്രമാണെന്നു കരുതാം. പക്ഷേ ആ റിപ്പോര്‍ട്ട് ഏകകണ്ഠമായിരിക്കണമെന്നൊന്നുമില്ല. ഏകകണ്ഠമായിരിക്കാനുള്ള സാധ്യത വളരെ വിരളവുമാണ്. തമിഴ്നാട്ടിലെ രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍, തമിഴ്നാടിന്റെ പ്രതിനിധി തമിഴ്നാടിന്റെ നിലപാടിനനുസൃതമായ വാദഗതികളില്‍ ഉറച്ചുനില്‍ക്കുകതന്നെ ചെയ്യും. അതിനു പറ്റിയ യുക്തിയും ശാസ്ത്രവും കണ്െടത്താന്‍ അദ്ദേഹം ശ്രമിക്കുക സ്വാഭാവികം മാത്രം.
ഉന്നതാധികാരസമിതിയിലെ മറ്റു മൂന്നു പ്രതിനിധികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ചുമതലയാകും കേരള പ്രതിനിധിക്കു പ്രധാനമായും ഉള്ളതെന്നു ഞങ്ങള്‍ കരുതുന്നു. സമിതി അധ്യക്ഷനെയും രണ്ടു സാങ്കേതികവിദഗ്ധരെയും മാത്രമല്ല, തമിഴ്നാടിന്റെ പ്രതിനിധിയെത്തന്നെ കേരളത്തിന്റെ സത്യസന്ധമായ നിലപാടു ബോധ്യപ്പെടുത്താന്‍ പണ്ഡിതനും കരുത്തനുമായ ജസ്റീസെന്നു പേരെടുത്തിട്ടുള്ള കേരള പ്രതിനിധിക്കു കഴിയും. ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടില്‍ കേരളത്തിന്റേതു ഭിന്നാഭിപ്രായക്കുറിപ്പാണെന്നിരിക്കട്ടെ. ഔദ്യോഗിക റിപ്പോര്‍ട്ടിനേക്കാള്‍ ബലം ആ ഭിന്നാഭിപ്രായക്കുറിപ്പിനാണെങ്കില്‍ അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് അതു പരിഗണിക്കാതിരിക്കുമോ? പരിഗണിക്കാതിരിക്കുന്നപക്ഷം യഥാര്‍ഥത്തില്‍ വിധിതീര്‍പ്പു നടത്തിയതു കോടതിയല്ല, ഉന്നതാധികാരസമിതിയാണെന്നു വരികയില്ലേ? സുപ്രീംകോടതിയുടെ അന്തസിനു നിരക്കാത്ത ഒരു നടപടി ഒരുകാരണവശാലും നമുക്ക് അഞ്ചംഗ ബെഞ്ചില്‍നിന്നു പ്രതീക്ഷിക്കാനാവില്ല.
ഇനിയുള്ള സമയം കേരളത്തെ സംബന്ധിച്ചിടത്തോളം ഗൃഹപാഠം ചെയ്യാനുള്ള അവസരമാണ്. മന്ത്രിമാരും, വിഷയം പഠിച്ച് അവതരിപ്പിക്കാന്‍ ബാധ്യതയുള്ള ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തിയേ തീരൂ. എതിര്‍ശക്തിയുടെ ഓരോ വാദഗതിയും എന്തായിരിക്കുമെന്നു മനസിലാക്കി അതിന്റെ മുനയൊടിക്കാനുള്ള വൈദഗ്ധ്യം കേരളത്തെ പ്രതിനിധീകരിക്കുന്ന പ്രഗത്ഭരായ അഭിഭാഷകര്‍ക്കു ലഭിക്കണമെങ്കില്‍ തദനുസരണം അവരെ ഒരുക്കാന്‍ കേരളത്തിനു കഴിയണം. ഇനി നമുക്കു വടികൊടുത്ത് അടി മേടിക്കുന്നവരെ ആവശ്യമില്ല. ഈ പ്രശ്നം കോടതിയിലായപ്പോള്‍ മുതല്‍ കേരളത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണെന്ന് ഓരോ റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു. അതിനി സംഭവിക്കരുത്. അണ പൊട്ടിയാല്‍ എല്ലാം കടപുഴകുമെന്നും മുക്കാല്‍ക്കോടി ജനങ്ങള്‍ ഒഴുകിപ്പോകുമെന്നും പറഞ്ഞു കോടതിയില്‍ കരഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല.
ആ കരച്ചില്‍ കേരളത്തിലെ രാഷ്ട്രീയ മീറ്റിംഗുകളില്‍ മതി. മുല്ലപ്പെരിയാര്‍ അണക്കെട്ട് തീര്‍ത്തും ബലഹീനമാണെന്നു ശാസ്ത്രീയമായി സ്ഥാപിക്കാന്‍ കഴിയുന്നതിലേ കാര്യമുള്ളൂ. അക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുന്നതിലേ കാര്യമുള്ളൂ. ഇക്കാര്യത്തില്‍ സംസ്ഥാനം പരാജയപ്പെടരുതെന്നതാണു ജനലക്ഷങ്ങളുടെ ആവശ്യം. 1947 ഓഗസ്റ് 15 മുതല്‍ ലഭിച്ച സര്‍വ അവസരങ്ങളും കേരളം പാഴാക്കി, കളഞ്ഞുകുളിച്ചുവെന്ന കാര്യം രാഷ്ട്രീയ നേതൃത്വം വിസ്മരിക്കേണ്ട. കേട്ടുകേള്‍വിപോലുമില്ലാത്തവിധം 999 വര്‍ഷത്തേക്ക് ഉണ്ടാക്കിവച്ച ആ കരാര്‍ എത്രയോ പണ്േട റദ്ദു ചെയ്യിക്കേണ്ടതായിരുന്നു. 1970-ല്‍ അതിനു വീണ്ടും ജീവന്‍ നല്‍കിയതു കേരളംതന്നെയാണെന്ന കാര്യം ജനങ്ങള്‍ അറിയണം. ഇനി ഈ പ്രശ്നത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത ഒരു നിലപാടും ഗവണ്‍മെന്റിന് ഉണ്ടായിക്കൂടാ.
കൃത്യമായിപ്പറഞ്ഞാല്‍ കോടതി തീരുമാനിക്കേണ്ട പ്രശ്നമല്ല ഇത്. നിര്‍ഭാഗ്യവശാല്‍ പ്രശ്നം കോടതിയിലായിപ്പോയി. ഇനി കോടതിയുടെ തീര്‍പ്പ് അന്തിമമായേക്കാം. കോടതിയുടെ തീരുമാനത്തിനു മുമ്പ് ഇരുവശത്തെയും ജനങ്ങളുടെ ജീവനു സുരക്ഷയും ജലലഭ്യതയും ഉറപ്പുവരുത്തുന്ന പരസ്പരധാരണയോടെയുള്ള കരാര്‍ രൂപപ്പെട്ടിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നു. ഒരു പ്രത്യേക സ്ഥിതിവിശേഷം ഉണ്ടായെന്നിരിക്കട്ടെ – അതായതു, കേരളം തങ്ങളുടെ നിലപാടിനുപോന്ന ശാസ്ത്രീയമായ പഠനറിപ്പോര്‍ട്ട് കോടതിയുടെ മുമ്പില്‍ കൊണ്ടുവരുന്നു.
അതേപോലെ തങ്ങളുടെ നിലപാടിനു യോജിച്ച മറ്റൊന്നു തമിഴ്നാടും. ഇതില്‍ ഒന്നു തള്ളാനോ മറ്റൊന്നു കൊള്ളാനോ സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ചിന് എങ്ങനെ കഴിയും? രണ്ടിന്റെയും ശാസ്ത്രീയവശങ്ങള്‍ യഥാതഥം മനസിലാക്കാന്‍ ന്യായാധിപരെന്ന നിലയില്‍ അവര്‍ക്കു കഴിയുമോ? നിയമം വിദഗ്ധമായി വ്യാഖ്യാനിച്ചു വിധിതീര്‍പ്പു നടത്താന്‍ അവര്‍ക്കു കഴിയും. പക്ഷേ, സാങ്കേതിക, ശാസ്ത്രീയ വശങ്ങളെ വിശകലനം ചെയ്ത് ഒന്നു തെറ്റ്, മറ്റേതു ശരി എന്നു പറയാന്‍ അവര്‍ക്കു കഴിയണമെന്നില്ലല്ലോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല