1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2011

ഉത്തരകൊറിയന്‍ ഭരണാധികാരിയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ കിം ജോങ് ഇല്‍ (69) അന്തരിച്ചു. തലസ്ഥാനം പോങ് യാങില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 17നാണു മരണം സംഭവിച്ചതെങ്കിലും ഇന്നലെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഉത്തര കൊറിയന്‍ ടെലിവിഷന്‍ പ്രത്യേക പ്രക്ഷേപണത്തിലൂടെ വാര്‍ത്ത സ്ഥിരീകരിച്ചു. ഉത്തരകൊറിയയിലെ ജനപ്രിയ നേതാവായിരുന്നു അദ്ദേഹം.

1948 മുതല്‍ കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നതാധികാര സമിതിയിലും സൈനിക മേധാവി സ്ഥാനത്തും കിം ജോങ് ഇല്‍ എത്തിയിരുന്നു. 1980ല്‍ നടന്ന ആറാം പാര്‍ട്ടി കോണ്‍ഗ്രസോടെ കൊറിയയുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം ഉയര്‍ന്നു. ഉത്തരകൊറിയയുടെ സ്ഥാപകനും ആദ്യ ഭരണാധികാരിയും പിതാവുമായ കിം ഇല്‍ സുങ്ങിന്‍റെ പിന്‍ഗാമിയായി 1994ലാണു കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വവും ഭരണവും കിം ഇല്‍ ഏറ്റെടുത്തത്.

2008ല്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ശേഷം മൂന്നാമത്തെ മകന്‍ കിം ജോങ് ഉന്നിനു ഭരണം കൈമാറാനുള്ള നീക്കത്തിലായിരുന്നു അദ്ദേഹം. ഇതിനായി ഭരണതലത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ കിം ഉന്നിനു നല്‍കുകയും ചെയ്തു.

കൊറിയകള്‍ തമ്മിലുള്ള യുദ്ധത്തില്‍ ഉത്തരകൊറിയയെ സഹായിച്ച റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി അടുത്ത ബന്ധം കിം ജോങ് ഇല്‍ പുലര്‍ത്തിയിരുന്നു. ദക്ഷിണ കൊറിയയ്ക്കു പിന്തുണ നല്‍കി ഉത്തരകൊറിയയുടെ ശക്തി ക്ഷയിപ്പിക്കാന്‍ യുഎസ് ശ്രമിച്ചിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്നു പൊതുവേദിയില്‍ കിം ഇല്‍ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. എന്നാല്‍ അടുത്തകാലത്തു റഷ്യ, ചൈന എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.

സംഘര്‍ഷത്തിനിടെ ദക്ഷിണ കൊറിയയുമായി സഹകരണം മെച്ചപ്പെടുത്താനും കിം ഇല്‍ ശ്രമിച്ചു. ഭരണഘടന ഭേദഗതി ചെയ്തു പുതിയ പരിഷ്കാരങ്ങള്‍ രാജ്യത്തു നടപ്പാക്കിയ കിം ഇല്‍ ദക്ഷിണ കൊറിയന്‍ കമ്പനികള്‍ക്കു രാജ്യത്തു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു. മകന്‍ കിം ജോങ് ഉന്‍ ഉത്തര കൊറിയന്‍ ഭരണാധികാരിയാകുമെന്നു റിപ്പോര്‍ട്ട്.

കിം ജോങ് ഇല്ലിന്‍റെ നിര്യാണത്തെത്തുടര്‍ന്നു ദക്ഷിണ കൊറിയയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രസിഡന്‍റ് ലീ മ്യുങ് ബക് ആണു സൈന്യത്തിനു ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കിം ജോങ് ഇല്ലിന്‍റെ മരണവിവരം അറിഞ്ഞ ഉടന്‍ ദേശീയ സുരക്ഷ സമിതി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. യോങ്ഹാപ്പ് വാര്‍ത്താ ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.