ഒട്ടും കാലതാമസം വരുത്താതെയും ഒരുവിധത്തിലും സങ്കീര്‍ണമാകാതെയും അടിയന്തര പ്രാധാന്യംനല്‍കി പരിഹാരംകാണേണ്ട ചില പ്രശ്‌നങ്ങളുണ്ട്. അങ്ങനെയുള്ളൊരു വന്‍ സമസ്യയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയായി നമ്മുടെ മുമ്പില്‍ സംജാതമായിരിക്കുന്നത്. പരമാവധി വേഗത്തിലും വിവേകത്തോടെയും അതിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവരെല്ലാം ബാധ്യസ്ഥരായിരിക്കുന്നു.
ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്റെ സുരക്ഷ എന്ന പരമപ്രധാനമായ വിഷയം ഉള്‍പ്പെട്ടതിനാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് കൈവന്നിട്ടുള്ള അതീവ ഗൗരവാവസ്ഥ അവിതര്‍ക്കിതമാണ്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനേക്കാള്‍ കവിഞ്ഞ പ്രാധാന്യം മറ്റൊരു വിഷയത്തിനുമില്ല. ഭരണകൂടങ്ങളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും മുമ്പിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വവും അതുതന്നെ.
അടിസ്ഥാനപരമായി മുല്ലപ്പെരിയാര്‍പ്രശ്‌നം അതി ഗുരുതരമായൊരു മാനുഷിക പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ മനുഷ്യരെയും അവരുടെ സുരക്ഷിതത്വത്തെയും മുന്നില്‍ കണ്ടുകൊണ്ടുള്ള മാനുഷികമായ പരിഹാരശ്രമങ്ങളാണ് വേണ്ടത്. രണ്ടു സംസ്ഥാനങ്ങള്‍ക്കിടയിലും ഓരോ സംസ്ഥാനത്തിനകത്തും നടക്കുന്ന രാഷ്ട്രീയതര്‍ക്കങ്ങളുടെയും വിവാദങ്ങളുടെയും ബഹളത്തിനിടയില്‍ പ്രശ്‌നത്തിന്റെ മൗലികമായ മാനുഷികവശം വേണ്ടത്ര പരിഗണിക്കപ്പെട്ടുവോ?
കേരളം ജീവന് വേണ്ടി പ്രതികരിക്കുമ്പോള്‍ തമിഴ്നാടിന് ഇത് പ്രതികാരമാണ്. പ്രതികാരം പരിഹാരമാകുമായിരുന്നെങ്കില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്നാട്ടിലെ പ്രതിലോമശക്തികള്‍ നിസഹായരും നിര്‍ദോഷികളുമായ മലയാളികള്‍ക്കു നേരേ നിര്‍ദാക്ഷിണ്യം അക്രമം അഴിച്ചുവിട്ടിരിക്കുന്നതിന് അര്‍ഥമുണ്ടാകുമായിരുന്നു. ആരോടാണ് ഇവര്‍ പ്രതികാരം ചെയ്യുന്നത്? സാമാന്യബുദ്ധിക്കു നിരക്കാത്ത നിഷ്ഠുരമായ കടന്നാക്രമണങ്ങള്‍ തമിഴ്നാട്ടിലെ മലയാളികളുടെമേലും അവരുടെ സ്ഥാപനങ്ങളുടെമേലും നടന്നിട്ടും കേരളം സംയമനം പാലിക്കുന്നുവെന്നത് കേരളീയരുടെ ബലഹീനതകൊണ്ടല്ല, അവരുടെ അന്തസുകൊണ്ടും സംസ്കാരംകൊണ്ടുമാണ്.
കേരളത്തിലങ്ങോളമിങ്ങോളം നിലനില്‍ക്കുന്ന സമാധാനം ഭഞ്ജിക്കാന്‍, ഈ പ്രശാന്തതടാകത്തില്‍ ഓളങ്ങള്‍ സൃഷ്ടിക്കാന്‍, മുതലെടുപ്പുകാരെയും തീവ്രവാദികളെയും സംസ്ഥാനം ഒരിക്കലും അനുവദിച്ചുകൂടാ. തിരിച്ചടിച്ചു നശിക്കുക എളുപ്പമാണ്. തിരിച്ചടിക്കാന്‍ അസാധാരണ ബുദ്ധിസാമര്‍ഥ്യമൊന്നും വേണ്ട; അസാമാന്യ ധീരതയും വേണ്ട. മൃഗീയമായ സഹജവാസനയുടെ ശക്തിയില്‍ അടിക്കുകയും കടന്നാക്രമിക്കുകയും മാന്തുകയും പിച്ചിച്ചീന്തുകയും ചെയ്യുന്നതു മനുഷ്യരല്ലല്ലോ. അതൊക്കെ നാല്‍ക്കാലികളുടെ പ്രവര്‍ത്തനശൈലിയാണ്.
ഇതുപോലുള്ള ഒരു സ്ഥിതിവിശേഷത്തില്‍ ആത്മസംയമനമാണു ശക്തിയെന്നു സംസ്ഥാന ഗവണ്‍മെന്റും രാഷ്ട്രീയനേതാക്കളും സാമാന്യജനതയും മനസിലാക്കുകയും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യണം. ഒരു തമിഴ്നാട്ടുകാരന്റെ രോമത്തിനുപോലും മലയാളനാട്ടില്‍ ക്ഷതം സംഭവിച്ചുകൂടാ; മൂന്നാറില്‍ കേരളവിരുദ്ധ മുദ്രാവാക്യം മുഴക്കിയ തമിഴനാണെങ്കില്‍പ്പോലും.
തമിഴ്നാട്ടില്‍ വളര്‍ന്നു വലുതായ ദ്രാവിഡ രാഷ്ട്രീയത്തിലെ അനാരോഗ്യകരമായ കിടമത്സരത്തിന്റെ ബലിയാടുകളാണു മുല്ലപ്പെരിയാറിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന മലയാളികള്‍. തമിഴ്നാട്ടുകാരനായ കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ ഉണക്ക പുല്‍മേടുകളിലേക്കു തീപ്പെട്ടിക്കമ്പ് ഉരച്ചിടാന്‍ കാരണമാകുന്നുവെങ്കില്‍ ഭാരതം ലജ്ജിക്കണം. സമാധാനത്തിനായി കേഴുന്ന കേരളത്തിന്റെ നിരന്തരമായ അഭ്യര്‍ഥനകള്‍ക്കു പുറംതിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര ഭരണാധിപന്മാര്‍, അവരില്‍ പ്രതീക്ഷ പുലര്‍ത്തിയ മലയാളികളെ തീര്‍ച്ചയായും നിരാശരാക്കിക്കഴിഞ്ഞിരിക്കുന്നു.
ഇതെന്തൊരു ഫെഡറല്‍ സംവിധാനമാണ്? ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന അതിമാരകമായൊരു ജലബോംബിനെ ഭയക്കുന്ന ജനലക്ഷങ്ങള്‍ സുരക്ഷിതത്വം അന്വേഷിക്കുമ്പോള്‍ അവരുടെ ആശങ്കയ്ക്ക് ഇല്ലാത്ത അര്‍ഥങ്ങള്‍ നല്‍കി അയല്‍സംസ്ഥാനത്തെ ഒരു പറ്റം അവിവേകികള്‍, രാഷ്ട്രീയ മുതലെടുപ്പുകാര്‍, മലയാളികള്‍ക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തി മുന്നേറുമ്പോള്‍ കേന്ദ്രനേതൃത്വം, കേന്ദ്ര ഭരണകൂടം, നിശബ്ദത പുലര്‍ത്തുന്നത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനാകെ അപമാനകരമാണ്.
മലയാളിയും തമിഴനും പരസ്പരം യുദ്ധം ചെയ്യേണ്ടവരല്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ബോംബെയില്‍ ചെന്നാല്‍ തമിഴനും മലയാളിയുമെല്ലാം ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത് – മദിരാസികള്‍.
അയല്‍സംസ്ഥാനങ്ങള്‍ ഒരിക്കലും ശത്രുരാജ്യങ്ങളെപ്പോലെ പെരുമാറിക്കൂടാ. ശത്രുരാജ്യങ്ങളെപ്പോലെ അവര്‍ പോരടിക്കുന്നുവെങ്കില്‍ നമ്മുടെ രാഷ്ട്രീയ ഭരണസംവിധാനത്തില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്നു പറയേണ്ടിവരും. വിവേകത്തിന്റെ ഒരു തരിയെങ്കിലും ജീവിതത്തില്‍ ബാക്കിവച്ചിട്ടുള്ളവര്‍ പറയരുതാത്തതും ചെയ്യരുതാത്തതും പറയാതിരിക്കാനും ചെയ്യാതിരിക്കാനും ഇരുവശത്തുമുള്ള രാഷ്ട്രീയക്കാരും ചാനലുകാരും പത്രക്കാരും ജാഗ്രത പാലിച്ചേ തീരൂ. മലയാളിയും തമിഴനും പരസ്പരം യുദ്ധം ചെയ്യേണ്ടവരല്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ബോംബെയില്‍ ചെന്നാല്‍ തമിഴനും മലയാളിയുമെല്ലാം ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത് – മദിരാസികള്‍.
ഒരു ജനതയെപ്പോലെ ഒന്നിച്ചു പോകേണ്ടവര്‍. കൊടുത്തും വാങ്ങിയും പങ്കുവച്ചും സഹകരിച്ച് മുന്നേറേണ്ടവരാണവര്‍. ഒന്നിച്ചു വളരേണ്ടവര്‍. അതുകൊണ്ടുതന്നെയല്ലേ നൂറ്റാണ്ടുകളായി തമിഴ്നാട്ടില്‍ ലക്ഷക്കണക്കിനു മലയാളി കുടിയേറ്റക്കാരും കേരളത്തില്‍ അനവധി തമിഴ് കുടിയേറ്റക്കാരും ഉണ്ടായത്? ചരിത്രപരമായ ആത്മബന്ധത്തിനു തുരങ്കംവച്ചു മുതലെടുക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ചിദംബരന്മാരെ സൂക്ഷിക്കുക.
മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടുന്നുവെന്നിരിക്കട്ടെ. ജനലക്ഷങ്ങള്‍ മരിക്കും. കൃഷിഭൂമി പാറക്കെട്ടാകും. തമിഴ്നാട്ടിലെ നാലു ജില്ലകള്‍ അതോടൊപ്പം മരുഭൂമിയാകും. ആ സമയത്തും ഉഗ്രസൂര്യന്‍ താഴേക്കുനോക്കി ചിരിക്കും. പെരിയാര്‍ പതിവുപോലെ പടിഞ്ഞാറോട്ടുതന്നെ പാഞ്ഞുകൊണ്ടിരിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ക്കു സഹായധനവുമായി, വരണ്ട ഭൂമിയിലെ കര്‍ഷകര്‍ക്കു പിച്ചയരിയുമായി മന്‍മോഹനും ജയലളിതയും ഉമ്മന്‍ചാണ്ടിയും എത്തും. അതിനിടയാകാതിരിക്കട്ടെ; സുബുദ്ധി പ്രവര്‍ത്തിക്കട്ടെ. യാഥാര്‍ഥ്യം അംഗീകരിക്കപ്പെടട്ടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല