ഒമ്പതുവര്‍ഷത്തെ ഇറാഖ് അധിനിവേശത്തിനു ശേഷം യു.എസ് സൈന്യം പിന്‍മാറിയതിനു തൊട്ടുപിന്നാലെ, രാജ്യത്ത് സാമുദായിക സ്പര്‍ധ രൂക്ഷമാകുന്നതിന്റെ സൂചന നല്‍കി ഇവിടത്തെ ഷിയാ നേതൃത്വസര്‍ക്കാര്‍ സുന്നി വിഭാഗക്കാരനായ വൈസ് പ്രസിഡന്റ് താരിഖ് അല്‍ ഹഷേമിക്കെതിരെ അറസ്റ്റുവാറന്റ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാന്‍ രഹസ്യ സംഘത്തെ നിയോഗിച്ചെന്നാണ് ഹഷേമിക്കെതിരെയുള്ള ആരോപണം. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഹഷേമി നിഷേധിച്ചു. തനിക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ പ്രധാനമന്ത്രി നൂറി മാലിക്കിയാണെന്നും അദ്ദേഹം ആരോപിച്ചു.
അല്‍ ഹഷേമിയുടെ അംഗരക്ഷകനായി പ്രവര്‍ത്തിച്ച ഒരാള്‍ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അറസ്റ്റുവാറന്റ് പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യ, വിദേശകാര്യ, സുരക്ഷാ വിഭാഗത്തിലെ ഒട്ടേറെ ഉദ്യോഗസ്ഥരെ ഹഷേമിയുടെ നിര്‍ദേശപ്രകാരം കൊന്നിട്ടുണ്ടെന്നും ഓരോ കൊലപാതകത്തിനും 3000 ഡോളര്‍വീതം ഹഷേമി പ്രതിഫലം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ഇയാളുടെ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ കാണിച്ചിരുന്നു.
കാലങ്ങളായി അകന്നുനിന്ന സുന്നി-ഷിയാ സംഘര്‍ഷം തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ് ഹഷേമിക്കെതിരായ അറസ്റ്റുവാറന്റ്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സുന്നിവിഭാഗം ആരോപിക്കുന്നത്. പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയുടെ മുഖ്യശത്രുവാണ് അല്‍ഹഷേമിയെന്നതും സുന്നിവിഭാഗക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നൂറി അല്‍മാലിക്കി പാര്‍ലമെന്റിലെ മുഖ്യവകുപ്പുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സുന്നിപിന്തുണയുള്ള രാഷ്ട്രീയപാര്‍ട്ടി ഇറാഖിയ തങ്ങളുടെ പാര്‍ലമെന്റ് പിന്തുണ പിന്‍വലിച്ച് രണ്ടുദിവസം കഴിഞ്ഞയുടനെയാണ് ഹഷേമിക്കെതിരെ അറസ്റ്റുവാറന്റ് വന്നിരിക്കുന്നത്. യു.എസ് സേനാ സാന്നിധ്യമുള്ളപ്പോള്‍ ഭീകരാക്രമണങ്ങള്‍ പതിവായിരുന്ന ഇറാഖ് വീണ്ടും സുന്നി-ഷിയാ സംഘര്‍ഷത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല