1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2011


മാത്യു സ്റ്റീഫന്‍ ,ചാര്‍ട്ടേഡ് അക്കൌണ്ടന്റ്

യു.കെയില്‍ എത്ര മലയാളി അസോസിയേഷനുകള്‍ ഉണ്ട് എന്നു ചോദിച്ചാല്‍ കൃത്യം എണ്ണം പറയാന്‍ ആര്‍ക്കും പെട്ടെന്ന് കഴിയില്ല. നാനൂറോളം അസാസിയേഷനുകള്‍ എന്നാണ് ഏകദേശ കണക്ക്. ഇത്രയധികം സംഘടനകള്‍ മലയാളികളുടെ ഉന്നമനത്തിന് വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. വി.കെ.കൃഷ്ണമേനോന്‍ 75 വര്‍ഷം മുമ്പ് തുടങ്ങിയ സംഘടനകള്‍ മുതല്‍ അടുത്തയിടെ ആരംഭിച്ച സംഘടനകള്‍ വരെ ഇതിലുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയാണ് ഏറ്റവും കൂടുതല്‍ മലയാളി സംഘടനകള്‍ ഉണ്ടായത്. കുടിയേറ്റം വര്‍ധിച്ചതോടെ യു.കെ.യുടെ എല്ലാ മൂലയിലും മലയാളികള്‍ എത്തി. അവിടങ്ങളിലെല്ലാം അസോസിയേഷനുകളും സംഘടനകളുമായി.

എന്നാല്‍ അവയില്‍ എത്രയെണ്ണം ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്? ഈ ചോദ്യത്തിന് വിരലിലെണ്ണാവുന്ന സംഘടനകള്‍ എന്നാണ് സത്യസന്ധമായ മറുപടി. ലാഭേച്ഛയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചാരിറ്റി നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തവയല്ല ബഹുഭൂരിപക്ഷവും. അതുകൊണ്ട് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട സാമ്പത്തിക സഹായം മലയാളിസംഘടനകളില്‍ ബഹുഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല. ഈ തുക ലഭിക്കുന്നില്ല എന്നു പറയുന്നതിലും ശരി ഇങ്ങനെയുള്ള തുക നമ്മള്‍ നഷ്ടപ്പെടുത്തുന്നു എന്നു പറയുന്നതാണ്. അത് മൂലം മലയാളികള്‍ക്ക് നഷ്ടപ്പെടുന്നത് ഏതാണ്ട് നാലുലക്ഷത്തോളം പൌണ്ടാണ്.സംഘടനകളും അസോസിയേഷനുകളും ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ സര്‍ക്കാറില്‍ നിന്ന് ടാക്സ് റീക്ലെയിം ലഭിക്കും.
സംഘടനകള്‍ക്ക് എങ്ങനെ ചാരിറ്റി കമ്പനി തുടങ്ങാം എന്നു ആമുഖമായി പറഞ്ഞശേഷം ചാരിറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാം.

Trust ആയോ ഗ്യാരണ്ടി കമ്പനിയായോ, കമ്യൂണിറ്റി ഇന്ററസ്റ്റ് കമ്പനിയായോ ചാരിറ്റി form ചെയ്യാം. അങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന ചാരിറ്റിയുടെ ലക്ഷ്യം ചാരിറ്റി പ്രവര്‍ത്തനങ്ങളും കമ്യൂണിറ്റി സര്‍വീസും ആയിരിക്കണം. ലാഭം ലക്ഷ്യമിട്ടുള്ള ബിസിനസിന് ഒരിക്കലും ചാരിറ്റി രജിസ്ട്രേഷന്‍ ലഭിക്കില്ല.

ചാരിറ്റി ആയി രജിസ്റ്റര്‍ ചെയ്താല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ? തീര്‍ച്ചയായും. ചാരിറ്റിക്ക് വേണ്ടി വിനിയോഗിച്ച തുകയുടെ 25 ശതമാനം ടാക്സ് ഓഫീസില്‍ നിന്ന് refund ആയി ലഭിക്കും. അതായത് നൂറു പൌണ്ട് ചാരിറ്റിക്കായി ചെലവഴിച്ചിട്ടുണ്ടെങ്കില്‍ 25 പൌണ്ട് ടാക്സ് ഓഫീസില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും. അതിന് അസോസിയേഷനുകള്‍ അംഗങ്ങളില്‍ നിന്ന് സംഭാവനയോ പിരിവോ നടത്തുമ്പോള്‍ അവരുടെ കൈയില്‍ നിന്ന് ടാക്സ് റീഫണ്ട് വാങ്ങാനുള്ള സമ്മത പത്രം വാങ്ങിയിരിക്കണമെന്ന് മാത്രം.

നൂറു പൌണ്ട് ചാരിറ്റിക്കായി ചെലവഴിച്ചിട്ടുണ്ടെങ്കില്‍ 25 പൌണ്ട് ടാക്സ് ഓഫീസില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും

കൂടുതല്‍ വിശദീകരിക്കാം. യു.കെ.യില്‍ ഒട്ടുമിക്കയിടത്തും രണ്ട് മലയാളി അസോസിയേഷനുകള്‍ വീതം ഉണ്ട്. അതിന് പുറമേ പള്ളികളും പ്രാര്‍ഥനാ ഗ്രൂപ്പുകളും സമുദായ സംഘടനകളും വേറെയും. ഏതാനും വര്‍ഷങ്ങളായി ഓരോ നാട്ടുകാരും ചേരുന്ന സംഗമങ്ങളും നടക്കാറുണ്ട്. അസോസിയേഷനുകളും മറ്റു സംഘടനകളും ഒരു വര്‍ഷം രണ്ടു പ്രോഗ്രാമുകള്‍ വീതം നടത്തും. മലയാളികളില്‍ നിന്ന് പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ചാണ് ഈ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നതിന് മൊത്തം ആയിരം പൌണ്ട് ചെലവാകുന്നുവെന്ന് കണക്കാക്കുക. അതിന്റെ ടാക്്സ് റീക്ലയിം ചെയ്താല്‍ 250 പൌണ്ട് സര്‍ക്കാറില്‍ നിന്ന് ലഭിക്കും. വര്‍ഷം രണ്ടു പ്രോഗ്രാം സംഘടിപ്പിക്കുന്ന അസോസിയേഷനുകള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ഇങ്ങനെ വര്‍ഷം ലഭിക്കേണ്ടത് അഞ്ഞൂറ് പൌണ്ട്. ഒരു സ്ഥലത്ത് രണ്ടു സംഘടനകള്‍ എന്നു കണക്കാക്കിയാല്‍ ഒരു വര്‍ഷം സര്‍ക്കാറില്‍ നിന്ന് ക്ലെയിം ചെയ്യാവുന്ന തുക ആയിരം പൌണ്ട്. യു.കെ.യില്‍ നാനൂറ് സംഘടനകള്‍ ഉണ്ടെങ്കില്‍ മലയാളികള്‍ക്ക് ലഭിക്കാവുന്ന തുക നാലു ലക്ഷം പൌണ്ട്!

യു.കെ.യിലുള്ളവരെ കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രോല്‍സാഹനമാണ് ഈ 25 ശതമാനം ടാക്സ് റീക്ലെയിം. നമ്മള്‍ നൂറു പൌണ്ടിന്റെ ചാരിറ്റി പ്രവര്‍ത്തനം ചെയ്താല്‍ കൂടുതല്‍ ചാരിറ്റി ചെയ്യുന്നതിന് വേണ്ടി ആ സംഘടനക്ക് സര്‍ക്കാര്‍ 25 പൌണ്ട് നല്‍കുന്നു.

ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് ടാക്സ് റീക്ലെയിം ഉണ്ടെന്ന കാര്യം ബഹുഭൂരിപക്ഷം മലയാളികള്‍ക്കും അറിവില്ല. മലയാളി അസോസിയേഷനുകളുടെ തലപ്പത്തിരിക്കുന്ന നേതാക്കള്‍ക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് പൊതുവേ ധാരണയില്ല. അതുകൊണ്ടാണ് വര്‍ഷം നാലു ലക്ഷത്തോളം പൌണ്ട് മലയാളികള്‍ക്ക് നഷ്ടപ്പെടുന്നത്.

ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ എന്തു വേണമെന്ന് നോക്കാം.

ഏതു സംഘടനക്കും ചാരിറ്റിയായി പ്രവര്‍ത്തിക്കാം. അതിന് ആകെ ചെയ്യേണ്ടത് ആ സംഘടന ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യണം എന്നതു മാത്രം. പിന്നെ സംഘടനയിലെ അംഗങ്ങളില്‍ നിന്നു പിരിക്കുന്ന പണത്തിന് ഡൊണേഷന്‍ രസീത് കൊടുക്കണം.മൂന്നു മാസത്തില്‍ ഒരിക്കലോ, വര്‍ഷാവസാനമോ റീഫണ്ട് ടാക്സ് ടാക്സ് ഓഫീസില്‍ നിന്ന് വാങ്ങണം.

സംഘടനകള്‍ക്ക് ഡൊണേഷന്‍ രസീത് വാങ്ങി സംഭാവന കൊടുക്കുന്നവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നത് ന്യായമായ ഒരു സംശയമാണ്.

ചാരിറ്റി പ്രവര്‍ത്തനത്തിന് രസീത് വാങ്ങി പണം കൊടുക്കുന്നതുകൊണ്ട് ടാക്സ് സംബന്ധമായി ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. മാത്രമല്ല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് ഒരു നല്ലകാര്യമായേ ഈ രാജ്യത്ത് കാണുകയുള്ളു. ഇംഗ്ലീഷുകാര്‍ എപ്പോഴും രജിസ്റ്റേര്‍ഡ് ചാരിറ്റിക്കേ സംഭാവന കൊടുക്കാറുള്ളു. കാരണം നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതാണ് സംഘടനയെന്നും തങ്ങള്‍ നല്‍കുന്ന സംഭാവന നല്ലകാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനും ആണിത്. പള്ളിയിലും മറ്റ് ആരാധാനാലയങ്ങളിലും നേര്‍ച്ചയിടുന്ന കാശിന് പോലും ടാക്സ് റീഫണ്ട് ലഭിക്കാറുണ്ട്. ഇംഗ്ലീഷുകാര്‍ പള്ളിയില്‍ നേര്‍ച്ചയിടുമ്പോള്‍ ഒരു കവറില്‍ ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും. പത്തു പൌണ്ടാണ് നേര്‍ച്ചയിടുന്നതെങ്കില്‍ രണ്ടര പൌണ്ട് സര്‍ക്കാറില്‍ നിന്ന് പള്ളിക്ക് ലഭിക്കും. ടാക്സ് കൊടുക്കുന്നവര്‍ നല്‍കുന്ന സംഭാവനക്കേ ടാക്സ് റീക്ലെയിം ഉള്ളു. ജോലി ചെയ്യുന്ന എല്ലാവരും ടാക്സ് നല്‍കുന്നവരാണ്.

മലയാളികള്‍ അസോസിയേഷനുകള്‍ക്കും മത ആവശ്യങ്ങള്‍ക്കുമായി എത്രയോ തുകയാണ് ഓരോ വര്‍ഷവും കൊടുക്കുന്നത്. പക്ഷേ ഈ തുക കിട്ടുന്ന സംഘടനകളൊന്നും ചാരിറ്റി അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാത്തതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സംഘടനാ നേതാക്കള്‍ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ സംഘടന ചാരിറ്റി അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് നിയമപരമായി രജിസ്റ്റര്‍ ചെയ്യുകയാണ്. അതിന് മനസില്ലാത്തവര്‍ക്ക് പിരിവ് കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല സര്‍ക്കാറില്‍ നിന്നും വാങ്ങിച്ചെടുക്കാവുന്ന പണം വാങ്ങിയെടുക്കാന്‍ ശ്രമിക്കാത്തവരെ നേതാക്കന്‍മാരായി കൊണ്ടു നടക്കരുത്.

സംഘടനകളുടെയും അസോസിയേഷനുകളുടെയും വരവുചെലവു കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചാലേ സര്‍ക്കാറില്‍ നിന്ന് ലഭിക്കാവുന്ന ടാക്സ് റീക്ലെയിം വാങ്ങാന്‍ പറ്റൂ. പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്കു മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മടിയുള്ളവര്‍ക്ക് ടാക്സ് റീക്ലെയിം വാങ്ങാന്‍ പറ്റില്ല. രസീത് നല്‍കാത്തവര്‍ക്ക് പണം കൊടുക്കില്ല എന്ന നിലപാടിലേക്ക് മലയാളികള്‍ എത്തേണ്ട സമയം ആയി. സംഭാവന നല്‍കുന്നതായാല്‍പോലും എല്ലാത്തിനും ഒരു കണക്കുള്ളത് നല്ലതല്ലേ, പിരിക്കുന്നവര്‍ക്കും പിരിച്ചെടുക്കുന്നവര്‍ക്കും.

നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും info@globalaccountancyservices.com, യില്‍ ഇമെയില്‍ ചെയ്യുക,ഫോണ്‍ 01923234242
visit globalaccountancyservices.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.