കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി യുകെയിലെ മലയാളികള്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി രംഗത്തിറങ്ങിയ യുക്മയുടെ ഇന്ന് വന്‍ കൊവട്രിയില്‍ നിക്ഷേപകര്‍ക്കായി സമ്മേളനം നടത്തുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോവന്‍ട്രിയില്‍ കേരള കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ നടത്തുന്ന യോഗത്തില്‍ യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ഓഹരികള്‍ വാങ്ങുന്നതിനുള്ള അപേക്ഷ സമര്‍പ്പണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിമാനത്താവളത്തിന്റെ ഓഹരി വാങ്ങുന്നതിനായി ഇതിനോടകം ഡി.ഡി എടുത്തവരുടെ അപേക്ഷകള്‍ കേരളത്തിലേക്ക് അയക്കുന്ന ചടങ്ങാണ് ഇന്ന്. യുക്മ രൂപീകരിച്ച കമ്മിറ്റിയുടെ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. കോവന്‍ട്രി കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ലിസ്സി ജോസ്, യുക്മ റീജിയണല്‍ ഓര്‍ഗനൈസര്‍ ജിനു കുര്യാക്കോസ്, ഓഹരിനിക്ഷേപ രംഗത്ത് ദീര്‍ഘകാലം പരിചയമുള്ളവര്‍, യുകെയിലെ വിവിധ ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. കോവന്‍ട്രിയില്‍ വൈക്കെന്‍ ക്രോഫ്റ്റ് ഹെന്‍ലി ഗ്രീന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ഈ മീറ്റിംഗില്‍ നിക്ഷേപതല്‍പരര്‍ക്കെല്ലാം പങ്കെടുക്കാവുന്നതാണ്.
വിമാനത്താവളപദ്ധതിയില്‍ നിക്ഷേപമിറക്കാന്‍ നൂറുകണക്കിനാളുകള്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ഷെയറുകള്‍ കൂട്ടത്തോടെ വാങ്ങിയെടുക്കാന്‍ കുത്തകകളും വമ്പന്‍ സ്രാവുകളും കണ്ണൂരിന് മീതേ വട്ടമിട്ട് പറക്കുകയാണ്. രാഷ്ട്രീയക്കാരുടെ ആശീര്‍വാദത്തോടെയാണ് ഈ നീക്കങ്ങള്‍. വിമാനത്താവളത്തിന് വേണ്ടി പണം മുടക്കുന്നത് നഷ്ടത്തിലേ കലാശിക്കൂ എന്ന പ്രചാരണവുമായി ചില മാധ്യമങ്ങളും രംഗത്ത് വന്നിട്ടുണ്ട്. കേരളത്തില്‍ ഇനി ഒരു വിമാനത്താവളത്തിന് സാധ്യതയില്ലെന്നാണ് ഇവരുടെ പ്രചാരണം. ഇനി വിമാനത്താവളം വന്നാല്‍ തന്നെ വികസിക്കുകയില്ല എന്നും അത്തരക്കാര്‍ ആണയിടുന്നു. കുത്തക മുതലാളിമാര്‍ ഷെയറുകള്‍ കൈക്കലാക്കാന്‍ രംഗത്തുണ്ട് എന്ന വാര്‍ത്ത ഇതിനോടകം മാധ്യമങ്ങളില്‍ വന്നു.
നഷ്ടം വരുമെങ്കില്‍ വമ്പന്‍മാര്‍ പണമെറിയാന്‍ രംഗത്തുവരുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്ന വികസനത്തിന് ഇപ്പോഴത്തെ സൗകര്യങ്ങള്‍ തികയില്ലെന്ന് ആരും സമ്മതിക്കും. മലബാറില്‍ സൗകര്യമുള്ള ഒരു വിമാനത്താവളം നിലവില്‍ ഇല്ല. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് വിമാനത്താവളത്തിന്റെ വളര്‍ച്ചയില്‍ സര്‍ക്കാറിന് പോലും താല്‍പര്യമില്ല. മാത്രമല്ല അത് കേന്ദ്ര സര്‍ക്കാറിന്റെ സംരംഭമാണ്. കേരള സര്‍ക്കാറിന് നിയന്ത്രണമുള്ള രണ്ടാമത്തെ വിമാനത്താവളമാണ് കണ്ണൂരില്‍ വരുന്നത്. നെടുമ്പാശേരിപോലെ കണ്ണൂരിനെയും വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.
അഞ്ചുവര്‍ഷത്തിന് ശേഷമേ മുടക്കുന്ന പണത്തിന് റിട്ടേണ്‍ ലഭിക്കൂ എന്ന് കേരള സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉടന്‍പണം തിരിച്ച് ആവശ്യമില്ലാത്തവര്‍ക്ക് നിക്ഷേപിക്കാന്‍ പറ്റിയ അവസരമാണ് ഇതെന്ന് കേരളത്തിലെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല