പന്ത്രണ്ടു ദിവസമായി അമല ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോട് ഇന്നു രാവിലെ വീല്‍ചെയറില്‍ പുറത്തിറങ്ങി. രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി അമലയിലെ ചാപ്പലില്‍ ഒരുക്കിയ ക്രിസ്മസ് ആഘോഷത്തില്‍ സിനിമാനടന് ജയറാമിനോടൊപ്പം പങ്കെടുക്കാനാണ് അദ്ദേഹം ആശുപത്രിമുറിവിട്ടു പുറത്തുവന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ഇതാദ്യമായാണ് അഴീക്കോട് മുറിക്കു പുറത്തിറങ്ങുന്നത്. ക്രിസ്മസ് ആഘോഷം ജയറാം ഉദ്ഘാടനം ചെയ്യാനിരുന്ന നിമഷത്തിലാണ് അഴീക്കോടിനെ വീല്‍ചെയറില്‍ ചാപ്പലിനരികിലേക്ക് എത്തിച്ചത്. അദ്ദേഹത്തെ കണ്ടയുടനേ വിളക്ക് തെളിക്കാന്‍ ജയറാം അഴീക്കോടിന്റെ കൈകളിലേക്ക് തിരി കൈമാറുകയായിരുന്നു.
എന്റെ രാജ്യം വരണമെന്നാണ് യേശു പഠിപ്പിച്ചത്. സമത്വസുന്ദരമായ ലോകം ഉണ്ടാകണമെന്നാണ് യേശു ആഗ്രഹിച്ചത്. അതിന് മതങ്ങളുടേയും ചേരിതിരിവുകളുടേയും മതിലുകള്‍ ഉടയണം- അഴീക്കോട് പറഞ്ഞു. മോഹന്‍ലാല്‍ അടക്കം സിനിമാതാരങ്ങളുമായോ സിനിമയിലെ പ്രവര്‍ത്തകരുമായോ തനിക്ക് പിണക്കമില്ല. തന്റെ അസുഖം കുറഞ്ഞിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.
അമലയിലെ ക്രിസ്മസ് ആഘോഷത്തില്‍ അഴീക്കോടിനോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്െടന്ന് ജയറാം പറഞ്ഞു. കാന്‍സര്‍ വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്ക് ജയറാം കേയ്ക്ക് വിതരണം ചെയ്തു. അമല ഡയറക്ടര്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അധ്യക്ഷതവഹിച്ചു. സോഷ്യല്‍ വര്‍ക്ക്സ് കോഓഡിനേറ്റര്‍ ഫാ. തോമസ് വാഴക്കാല സ്വാഗതവും ഫാ. ജെയസണ്‍ മുണ്ടന്മാണി നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല