ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരയിലുള്ള മാഞ്ചസ്റ്റര്‍ വമ്പന്‍ വിജയങ്ങളുമായി ക്രിസ്മസ് ആഘോഷത്തിന് പിരിഞ്ഞു. സ്വന്തം തട്ടകത്തില്‍ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് സ്റ്റോക്ക് സിറ്റിയെ കടപുഴക്കി മാഞ്ചസ്റ്റര്‍സിറ്റി ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍, മുന്‍നിര താരങ്ങളെല്ലാം ഗോള്‍ നേടിയ കളിയില്‍ ഫുള്‍ഹാമിനെ 5-0ന് തോല്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡും കിരീടപ്പോരാട്ടത്തിന് തീവ്രതയേറ്റി. സിറ്റിയോട് കഴിഞ്ഞ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ആഴ്സനല്‍ വിജയത്തോടെ ലീഗില്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു.
1929-ന് ശേഷം ആദ്യമായി ഇംഗ്ലീഷ് ഫുട്ബോളിന്റെ മേല്‍ത്തട്ടില്‍ ഒന്നാംസ്ഥാനവുമായി മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്മസ് അവധിക്ക് പിരിയുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. അര്‍ജന്റീനാ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയൂടെ ഇരട്ട ഗോളുകളായിരുന്നു സ്റ്റോക്കിനെതിരായ വിജയത്തിന്റെ പ്രത്യേകത.
26-ാം മിനിറ്റില്‍ അഗ്യൂറോയിലൂടെയാണ് സ്റ്റോക്കിന്റെ ഗോള്‍മുഖം സിറ്റി തുറന്നത്. രണ്ടുമാസത്തിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ആദം ജോണ്സണ് 36-ാം മിനിറ്റില്‍ ലീഡുയര്‍ത്തിയതോടെ സിറ്റിയുടെ വിജയം സുനിശ്ചിതമായി. 54-ാം മിനിറ്റില്‍ സീസണിലെ 15-ാം ഗോളുമായി അഗ്യൂറോ ടീമിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. 17 റൗണ്ടുകള്‍ പിന്നിട്ട പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ 14-ാം ജയമാണ് ഇത്. ചെല്‍സിയോട് നേരിട്ട ഒരേയൊരു തോല്‍വി മാത്രമാണ് അവര്‍ക്കേറ്റ തിരിച്ചടി. സ്വന്തം സ്റ്റേഡിയത്തില്‍ കളിച്ച എട്ടില്‍ എട്ടും ജയിച്ച സിറ്റി, 25 ഗോളുകള്‍ അടിച്ചുകയറ്റിയപ്പോള്‍, വഴങ്ങിയത് നാലെണ്ണം മാത്രം.
ഫുള്‍ഹാമിനെതിരെ യുണൈറ്റഡിന്റേത് തകര്‍പ്പന്‍ വിജയമായിരുന്നു. അഞ്ചാം മിനിറ്റില്‍ ഡാനി വെല്‍ബെക്കിലൂടെ സ്കോറിങ് തുടങ്ങിയ യുണൈറ്റഡിനുവേണ്ടി 28-ാം മിനിറ്റില്‍ നാനിയും 43-ാം മിനിറ്റില്‍ റയന്‍ ഗിഗ്സും ഗോള്‍ നേടി. രണ്ടാം പകുതിയുടെ അന്ത്യനിമിഷങ്ങളില്‍ വെയ്ന്‍ റൂണിയിലൂടെ വീണ്ടും മുന്നില്‍ക്കയറിയ മാഞ്ചസ്റ്ററിന് ഇന്‍ജുറി ടൈമില്‍ ദിമിത്തര്‍ ബെര്‍ബറ്റോവ് അഞ്ചാം ഗോളും സമ്മാനിച്ചു. മൂന്നുമാസത്തിനിടെ യുണൈറ്റഡ് നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
മത്സരത്തില്‍ റയാന് ഗിഗ്സ് നേടിയ ഗോളിന് ഏറെ പ്രത്യേകതയുണ്ടായിരുന്നു. 38-കാരനായ ഗിഗ്സ് ഈ സീസണില്‍ നേടിയ ആദ്യ ലീഗ് ഗോളായിരുന്നു ഇത്. 1990-’93 സീസണ് മുതല്‍ മാഞ്ചസ്റ്ററില്‍ കളിക്കുന്ന ഗിഗ്സിന്റെ 22-ാം സീസണാണിത്. ഫുട്ബോള്‍ ലീഗില്‍ തുടങ്ങിയ ഗിഗ്സ്, പ്രഥമ പ്രീമിയര്‍ ലീഗ് സീസണ് മുതല്‍ എല്ലാ സീസണിലും ലീഗില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി മാറി. 1992-’92 സീസണ് മുതല്ക്കാണ് പ്രീമിയര്‍ ലീഗ് ആരംഭിച്ചത്. ഇതേവരെ 624 കളികളില്‍ 111 ഗോളുകളാണ് ലീഗില്‍ മാത്രം ഗിഗ്സ് നേടിയത്.
ആസ്റ്റണ്‍ വില്ലയ്ക്കെതിരെ 2-1നായിരുന്നു ആഴ്സനലിന്റെ ജയം. 17-ാം മിനിറ്റില്‍ റോബിന് വാന്‍ പേഴ്സിയും 87-ാം മിനിറ്റില്‍ ബെനായണും ജേതാക്കള്‍ക്കായി സ്കോര്‍ ചെയ്തു. മറ്റു മത്സരങ്ങളില്‍ ലിവര്‍പൂളിനെ വീഗന്‍ അത്ലറ്റിക് ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍, വെസ്റ്റ് ബ്രോംവിച്ച് 3-2ന് ന്യൂകാസിലിനെയും സണ്ടര്‍ലന്‍ഡ് 3-2ന് ക്യു. പി. ആറിനെയും എവര്ട്ടണ് 1-0ന് സ്വാന്‍സി സിറ്റിയെയും പരാജയപ്പെടുത്തി.
17 റൗണ്ട് പിന്നിട്ടപ്പോള്‍ 44 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മുന്നിട്ടുനില്‍ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് 42 പോയന്റുണ്ട്. 34 പോയന്റോടെ ടോട്ടനം മൂന്നാമതും 32 പോയന്റുള്ള ചെല്‍സി നാലുമതുമാണ്. ആഴ്സനലിനും 32 പോയന്റുണ്ട്. 16 ഗോളുകളുമായി റോബിന് വാന്‍ പേഴ്സി ലീഗില്‍ ടോപ്സ്കോറര്‍ സ്ഥാനത്ത് നില്ക്കുമ്പോള്, മാഞ്ചസ്റ്ററിന്റെ വെയ്ന്‍ റൂണിക്കും സിറ്റിയുടെ അഗ്യൂറോയ്ക്കും ന്യൂകാസിലിന്റെ ഡെന്നീസ് ബായ്ക്കും 13 ഗോള്‍ വീതം സ്വന്തമായുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല