നടന് ധനുഷ് തുറന്നുവിട്ട ‘കൊലവെറി’ഗാനത്തിന്റെ വിശേഷങ്ങള്‍ ഒടുങ്ങുന്നില്ല. ദിനംപ്രതി ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് ചാനലുകളിലും സൈറ്റുകളിലും നിറയുന്നത്. ഗാനം ചെന്നൈയിലെ ഒരു ബിസിനസ് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് പുതിയ വാര്‍ത്ത. ഇത് പലരെയും അമ്പരപ്പിച്ചതായും മറ്റു പലരുടെയും നെറ്റി ചുളിപ്പിച്ചതായും ചെന്നൈയിലെപത്രങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെന്നൈയിലെ പ്രശസ്തമായ ഒരു ബിസിനസ് സ്കൂള്‍ പാഠ്യപദ്ധതിയിലാണ് ‘കൊലവെറി’ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സ്കൂളധികൃതരുടെ ഉന്നതതല യോഗമാണ് തീരുമാനമെടുത്തതെന്നും സൂചനയുണ്ട്. ‘കൊലവെറി’ ഗാനം ഇത്രയേറെ പ്രശസ്തമാകാനും ലക്ഷക്കണക്കിന് ആസ്വാദകരിലേക്ക് കത്തിപ്പടരാനും കാരണം തേടിയുള്ള പഠനത്തിന് ഊന്നല്‍ നല്‍കിയാണ് സിലബസ് ക്രമീകരിക്കുക. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ടുകള്‍ നല്കാന് വിദ്യാര്ഥികളോടാവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ടത്രെ. കാര്യകാരണസഹിതമുള്ള വിശദമായ പഠനറിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഒരു സിനിമാഗാനം സംബന്ധിച്ചുള്ള പഠനം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് അപൂര്‍വമായ സംഭവമാണെന്നും മാധ്യമങ്ങള്‍ വാഴ്ത്തുന്നു. നേട്ടങ്ങളുടെ പുതിയ മൈല്‍ക്കുറ്റികള്‍ താണ്ടുന്ന ഗാനത്തിന്റെ ജനപ്രീതി അനുദിനം വര്‍ധിക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡിസംബര്‍ രണ്ടാംവാരത്തിലെ കണക്കുകള്‍ പ്രകാരം 20 ദശലക്ഷത്തിലധികം പ്രേക്ഷകര്‍ യൂട്യൂബില്‍ ഈ ഗാനത്തിന് ഉണ്ടായെന്നാണ് കണക്ക്. ഒരു ഇന്ത്യന്‍ ഗാനത്തിന് ലഭിക്കുന്ന റെക്കോഡ് ആസ്വാദകരാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏതാണ്ടെല്ലാ ചാനലുകളിലും ഗാനരംഗം പ്രത്യക്ഷപ്പെട്ടതും അപൂര്‍വ റെക്കോഡാണ്. ഹിന്ദി ചാനലുകള്‍ ഒരു തമിഴ്ഗാനം മത്സരിച്ച് സംപ്രേഷണം ചെയ്യുന്നതും അപൂര്‍വ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
‘ഇംഗ്ലീഷും തമിഴും ഇടകലര്‍ന്നൊഴുകുന്ന ഗാനത്തിന് ധനുഷിന്റെ ശബ്ദം കൂടി ചേര്‍ന്നതോടെ വന്‍സ്വീകാര്യതയാണ് ലോകത്താകമാനം ലഭിച്ചത്” – ഒരു വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു. തീര്‍ന്നില്ല ലോസ് ആഞ്ജലീസ് ടൈംസ് അടുത്തിടെ ഗാനത്തെ അധികരിച്ച് ഫീച്ചര്‍ തയ്യാറാക്കി. ഗാനം സൃഷ്ടിച്ച സ്വാധീനവും കാരണവും വിശദമാക്കുന്നതായിരുന്നു അത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല