കാലാതിവര്‍ത്തിയായ ഗായകനാണ് യേശുദാസ്, അദ്ദേഹത്തിന് മറ്റുള്ളവര്‍ നല്കുന്ന ആദരവും സ്‌നേഹവുമൊന്നും അദ്ദേഹം ചെറിയൊരളവില്‍പോലും തിരിച്ചുകൊടുക്കാന്‍ ശ്രമിക്കാറില്ലെന്നാണ് മാര്‍ക്കോസിന് പറയാനുള്ളത്. മറ്റുള്ളവര്‍ക്ക് യാതൊരുഗുണവും ചെയ്യാന്‍ തയ്യാറായിട്ടില്ല എന്നു പറയുമ്പോള്‍ തന്നെ, പലരേയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. യേശുദാസിന് ശേഷം മലയാളസിനിമ പിന്നണിയില്‍ നിറഞ്ഞു നിന്നത് എം.ജി ശ്രീകുമാര്‍ മാത്രമാണ്.
അദ്ദേഹത്തെ നിലനിര്‍ത്താന്‍ ആളുകളുണ്ടായിരുന്നു എന്നതിനാല്‍ അതുപോലെ ആരും എന്നെ പോലുള്ളവര്‍ക്കുവേണ്ടി പറയാനോ സഹായിക്കാനോ ഉണ്ടായിരുന്നില്ല.യേശുദാസിന്റെ ശബ്ദത്തിനൊപ്പം നിലവാരമുള്ളതായിരുന്നിട്ടും എന്റെ ശബ്ദവും സംഗീതവും മുഖ്യധാര ഉപയോഗപ്പെടുത്തിയില്ല.
75 സിനിമകളില്‍ പിന്നണിപാടിയ മാര്‍ക്കോസിന്റെ ആദ്യഗാനം കന്നിപൂമാനം കണ്ണുംനട്ട് യേശുദാസിന്റെ തരംഗിണിയില്‍ വെച്ചാണ് റിക്കാര്‍ഡ് ചെയ്തത്. പാട്ട് പുറത്തിറങ്ങിയപ്പോള്‍ ഒറിജിനല്‍ ഇഫക്ട് നഷ്ടപ്പെട്ടിരുന്നു നോര്‍മല്‍ ബാസ്‌പോലും ഇല്ലാതെ. ദാസേട്ടനെ പ്രീതിപ്പെടുത്താന്‍ സ്റ്റുഡിയോയിലെ ടെക്‌നീഷ്യന്‍സ് ഒപ്പിച്ച പണിയാണിതെന്ന് മാര്‍ക്കോസ് തുറന്നടിക്കുന്നു.
സമാനമായ അനുഭവം സെല്‍മ ജോര്‍ജ്ജും ഈയിടെ പറയുകയുണ്ടായി. ശരബിന്ദു മലര്‍ദീപനാളം നീട്ടി എന്ന ഗാനം കൊണ്ട് ആസ്വാദകനെകീഴ്‌പ്പെടുത്തിയ സെല്‍മയുടെ കരിയറില്‍ കത്തിവെച്ചതും തരംഗിണി സ്റ്റുഡിയോയിലെ റിക്കോര്‍ഡിംഗ് ആണെന്ന് അവര്‍ പറഞ്ഞതോര്‍ക്കുന്നു.
തന്റെ ആദ്യഗാനം റിക്കോര്‍ഡ് ചെയ്യാന്‍ തരംഗിണിയില്‍ ചെന്നപ്പോള്‍ തന്നെ അനുഗ്രഹിക്കണമെന്ന് ദാസേട്ടനോട്പറഞ്ഞുവെങ്കിലും അദ്ദേഹത്തില്‍ യാതൊരു മാറ്റവും കണ്ടില്ലെന്ന് മാര്‍ക്കോസ് പറയുന്നു. 16000 ത്തോളം ഗാനങ്ങള്‍ ഇതിനകം മാര്‍ക്കോസ് പാടിക്കഴിഞ്ഞു.
മാപ്പിളപ്പാട്ട്, ആല്‍ബങ്ങള്‍, ക്രിസ്തീയ ഭക്തിഗാനങ്ങള്‍, മറ്റ് ഭക്തിഗാനങ്ങള്‍, ഹിന്ദി, കന്നട, തമിഴ്, തെലുങ്ക്, ഭാഷകളിലും പാടിയിട്ടുണ്ട്. കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം എം.ജി ശ്രീകുമാറല്ല മറ്റൊരു ഗായകനാണ് പാടിയിരുന്നതെങ്കിലും ഇനിയും ഉയര്‍ന്ന തലത്തിലേക്ക് ആ പാട്ട് കടന്നുചെല്ലുമായിരുന്നു എന്നുകൂടി മാര്‍ക്കോസ് തുറന്നുപറയുന്നു.
തന്റെ പിന്‍ഗാമിയായി യേശുദാസിനെ ചെമ്പൈ വൈദ്യനാഥഭാഗവതര്‍ പൊതുവേദിയില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യേശുദാസിനുശേഷം ഒരാളെ പേലും ഉയര്‍ത്തികാണിക്കാന്‍ പാട്ടിന്റെ വിജയകരമായ 50 വര്‍ഷം പിന്നിട്ടിട്ടും ദാസേട്ടന് കഴിയാത്തതെന്തുകൊണ്ടാണ്. യേശുദാസെന്ന സംഗീത വടവൃക്ഷത്തെ ഭയഭക്തി ബഹുമാനങ്ങളോടെ സ്തുതിക്കാന്‍ മാത്രമേ മററ് ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും ഇന്ന് കഴിയുകയുള്ളു.
അഭൗമസുന്ദരമായ ആ ശബ്ദസൗഭഗം ഇന്നും അമൂല്യമായതുതന്നെയാണ്. ആ ശബ്ദവും രീതികളും ഭാവഹാവാദികളും അറിഞ്ഞോഅറിയാതെയോഏതൊരു ഗായകനിലും സ്വാധീനിക്കും. മാര്‍ക്കോസിലും അതുതന്നെ സംഭവിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല