ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ക്രിക്കറ്റ് പരമ്പര തേടിയുള്ള ഇന്ത്യയുടെ യാത്രയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. ക്രിസ്മസ് പിറ്റേന്ന് ഓസ്‌ട്രേലിയക്കാര്‍ക്ക് ബോക്‌സിങ് ഡേ എന്ന അവധി ദിവസമാണെങ്കില്‍, ഇന്ത്യയ്ക്കത് ഓസീസ് പേസ് ബൗളര്‍മാരുമായുള്ള ബോക്‌സിങ്ങായി മാറും. ഇംഗ്ലണ്ടില്‍ നാല് ടെസ്റ്റുകളും തോറ്റ് ലോക ഒന്നാം നമ്പര്‍ പദവി നഷ്ടമായശേഷം ഇന്ത്യയുടെ ആദ്യ വിദേശ പരമ്പരയാണിത്. ടെസ്റ്റ് റാങ്കിങ്ങിലെ മേല്‍ക്കോയ്മ തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ പ്രയാണത്തിന് ഇതോടെ തുടക്കം കുറിക്കുകയും ചെയ്യും.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലോകക്രിക്കറ്റ് കാത്തിരിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി തന്നെയാണ് ഈ പരമ്പരയുടെയും മുഖ്യ ആകര്‍ഷണം. സച്ചിന്‍-രാഹുല്‍ ദ്രാവിഡ്-വി.വി.എസ്. ലക്ഷ്മണ്‍ ത്രിമൂര്‍ത്തികളുടെ അവസാന ഓസ്‌ട്രേലിയന്‍ പര്യടനംകൂടിയാകുമിത്.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച തലമുറയുടെ അവസാന പര്യടനമെന്ന നിലയ്ക്കും ഇന്ത്യയ്ക്ക് ഈ പരമ്പര പ്രാധാന്യമുള്ളതാണ്. അടുത്ത രണ്ടു വര്‍ഷത്തേക്ക് ഇന്ത്യ വിദേശത്ത് കളിക്കാന്‍ പോകുന്നില്ല എന്നതും പരമ്പരയ്ക്ക് പ്രാധാന്യം കൂട്ടുന്നു.
എന്നാല്‍, യാതൊരു അമിത സമ്മര്‍ദവുമില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ ധോനി പറയുന്നു. ഇംഗ്ലണ്ടിനോടേറ്റ തോല്‍വി ഇന്ത്യന്‍ ടീം മറന്നുകഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെയും വെസ്റ്റിന്‍ഡീസിനെതിരെയും നാട്ടില്‍ നേടിയ വിജയങ്ങള്‍ മുറിവുണക്കിയിട്ടുണ്ട്. എതിരാളികളെക്കാള്‍ കൂടുതല്‍ നേരം ക്രീസില്‍ പിടിച്ചുനിന്ന് മത്സരം സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും ധോനി പറയുന്നു.
പതിവുപോലെ എതിരാളികള്‍ക്കുമേല്‍ മാനസ്സികമുന്‍തൂക്കം നേടാനുള്ള നടപടികളിലാണ് ഓസ്‌ട്രേലിയന്‍ ടീം. മത്സരത്തിന് രണ്ടുദിവസം മുന്നെ അന്തിമ ഇലവനെ പ്രഖ്യാപിക്കുകയും സച്ചിന്റെ നൂറാം സെഞ്ച്വറി അടുത്ത പരമ്പരയില്‍ നേടിയാല്‍ മതിയെന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് തുറന്നടിച്ചതും അതിന്റെ ഭാഗമാണ്. സുസജ്ജമാണ് ടീമെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിക്കുമ്പോള്‍, സഹീറിന്റെയും ഇഷാന്ത് ശര്‍മയുടെയും ഫിറ്റ്‌നസ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, മുന്‍ പരമ്പരകളില്‍ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ, പ്രത്യേകിച്ച് റിക്കി പോണ്ടിങ്ങിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇഷാന്തില്‍നിന്ന് സമാനമായ പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
യുവതാരങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ടീമിനെയാണ് ഇരുടീമുകളും അണിനിരത്തുന്നത്. ഇന്ത്യന്‍ നിരയില്‍, അശ്വിന്‍, വിരാട് കോലി, രോഹിത് ശര്‍മ, വിനയ് കുമാര്‍, ഉമേഷ് യാദവ് തുടങ്ങിയവരാണ് യുവനിരക്കാര്‍. എല്ലാവരും ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് കളിക്കുന്നവര്‍. ഡേവിഡ് വാര്‍ണര്‍, എഡ് കോവന്‍, ഷോണ്‍ മാര്‍ഷ്, ജയിംസ് പാറ്റിന്‍സണ്‍, നഥാന്‍ ലിയോണ്‍ തുടങ്ങിവര്‍ ഓസീസ് നിരയിലും പുതുരക്തം നിറയ്ക്കുന്നു. മത്സരപരിചയമേറെയുള്ള സീനിയര്‍ താരങ്ങള്‍ ഇരുടീമുകളെയും സന്തുലിതമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല